സൗഹൃദമത്സരത്തിൽ സൗഹൃദം മറന്നു, മൈതാനത്ത് കയ്യാങ്കളി നടത്തി ഗ്രീലിഷും ഒച്ചോവയും


പ്രീ സീസൺ സൗഹൃദമത്സരത്തിൽ സൗഹൃദം മറന്ന് പരസ്പരം കയ്യേറ്റം നടത്തി മാഞ്ചസ്റ്റർ സിറ്റി താരം ജാക്ക് ഗ്രീലിഷും മെക്സിക്കൻ ഗോൾകീപ്പറായ ഗില്ലർമോ ഒച്ചോവോയും. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റിയും ക്ലബ് അമേരിക്കയും തമ്മിൽ നടന്ന സൗഹൃദമത്സരത്തിനിടെയാണ് രണ്ടു താരങ്ങളും കൊമ്പു കോർത്തത്.
മത്സരത്തിന്റെ ആദ്യപകുതിയിലാണു സംഭവം നടന്നത്. ഗോളിനായി നടത്തിയ ശ്രമം പരാജയപ്പെട്ട് നിലത്തു വീണു കിടന്ന ജാക്ക് ഗ്രീലിഷിന് എഴുന്നേൽക്കാൻ വേണ്ടി ഒച്ചോവ കൈ നൽകിയെങ്കിലും ഇംഗ്ലണ്ട് താരം അതിനോട് രൂക്ഷമായാണ് പ്രതികരിച്ചത്. അതിനു ശേഷം രണ്ടു താരങ്ങളും തമ്മിൽ കയ്യാങ്കളി നടത്തുകയും സഹതാരങ്ങളെത്തി പിടിച്ചു മാറ്റുകയുമായിരുന്നു.
Grealish and Ochoa got into it 😳
— ESPN FC (@ESPNFC) July 21, 2022
(via @TheOrlandini) pic.twitter.com/FxT1zHIxIQ
ഒച്ചോവയുമായുണ്ടായ പ്രശ്നത്തിനു ശേഷം ജാക്ക് ഗ്രീലിഷിന് മത്സരം അത്ര സുഖകരമായിരുന്നില്ല. എതിരാളികളിൽ നിന്നും തുടർച്ചയായി കടുത്ത ഫൗളുകൾ ഇംഗ്ലണ്ട് താരം ഏറ്റു വാങ്ങി. അൻപത്തിയൊമ്പതാം മിനുട്ടിൽ ഒരു കടുത്ത ഫൗൾ നടത്തിയതിനു ക്ലബ് അമേരിക്ക പ്രതിരോധതാരം ബ്രൂണോ വാൽഡെസിന് കാർഡ് ലഭിക്കുകയും ചെയ്തു.
മത്സരത്തിൽ ക്ലബ് അമേരിക്കക്കെതിരെ മാഞ്ചസ്റ്റർ സിറ്റിയാണ് വിജയം നേടിയത്. കെവിൻ ഡി ബ്രൂയ്ൻ നേടിയ ഇരട്ടഗോളുകളിൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം കുറിച്ച മാഞ്ചസ്റ്റർ സിറ്റി ജൂലൈ ഇരുപത്തിനാലിനു നടക്കുന്ന അടുത്ത മത്സരത്തിൽ ജർമൻ ക്ലബായ ബയേൺ മ്യൂണിക്കിനെയാണ് നേരിടുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.