Football in Malayalam

നാല് അസിസ്റ്റുകൾ സ്വന്തമാക്കിയ പോഗ്ബയല്ല ലീഡ്‌സിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹീറോയായതെന്ന് ഗ്രയിം സൗനസ്

Sreejith N
Manchester United v Leeds United - Premier League
Manchester United v Leeds United - Premier League / Catherine Ivill/Getty Images
facebooktwitterreddit

പ്രീമിയർ ലീഗിലെ ആദ്യത്തെ മത്സരത്തിൽ ലീഡ്‌സിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയം സ്വന്തമാക്കിയപ്പോൾ നാല് അസിസ്റ്റുകൾ നേടിയ പോൾ പോഗ്ബയല്ല ടീമിന്റെ ഹീറോയെന്ന് മുൻ ലിവർപൂൾ താരവും മാനേജറുമായ ഗ്രയിം സൗനസ്. നൂറു മില്യൺ യൂറോയോളം മുടക്കിയ ഒരു താരത്തിൽ നിന്നും ആ പ്രകടനം സ്വാഭാവികമായും പ്രതീക്ഷിക്കുന്നുവെന്നും ഗ്രീൻവുഡാണ് മത്സരത്തിൽ ഹീറോയായി മാറിയതെന്നും സൗനെസ്സ് അഭിപ്രായപ്പെട്ടു.

ബ്രൂണോഫെർണാണ്ടസ് ഹാട്രിക്കും പോഗ്ബ നാല് അസിസ്റ്റും സ്വന്തമാക്കിയ മത്സരത്തിൽ ബിയൽസയുടെ ടീമിനെതിരെ തകർപ്പൻ ജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. ഫെർണാണ്ടസിനു പുറമെ ഗ്രീൻവുഡും ബ്രസീലിയൻ താരം ഫ്രെഡുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി മറ്റു രണ്ടു ഗോളുകൾ നേടിയത്.

"എന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ദിവസത്തെ മത്സരത്തിലെ താരം ഗ്രീൻവുഡാണ്. ഒരു യുവതാരത്തെ സംബന്ധിച്ചിടത്തോളം ആശ്ചര്യപ്പെടുത്തുന്ന പ്രകടനമാണ് താരം നടത്തിയത്." സൗനസ് സ്കൈ സ്പോർട്സിനോട് പറഞ്ഞു. പോഗ്ബ നാല് അസിസ്റ്റുകൾ നേടിയ കാര്യം ഒപ്പമുണ്ടായിരുന്ന പണ്ഡിറ്റായ മികാ റിച്ചാർഡ്‌സ് സൂചിപ്പിച്ചപ്പോൾ "നൂറു മില്യൺ നൽകി സ്വന്തമാക്കിയ ഒരു താരത്തിൽ നിന്നും അത് പ്രതീക്ഷിക്കുന്നു" എന്നായിരുന്നു സൗനസ് മറുപടി നൽകിയത്.

എഴുപതു മില്യൺ പൗണ്ടോളം നൽകി ജാഡൻ സാഞ്ചോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത് താരത്തിന്റെ കഴിവും ഭാവിയിൽ മികച്ച താരമായി വളരും എന്ന പ്രതീക്ഷയും കൊണ്ടു തന്നെയാണെന്ന ഉദാഹരണവും സൗനസ് നൽകി. അതേസമയം മുൻ ലിവർപൂൾ താരത്തിന്റെ അഭിപ്രായം മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ ഫെർഡിനാൻഡിന് അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. "കമോൺ ഗ്രയിം" എന്നാണു ട്വിറ്ററിൽ ഫെർഡിനാൻഡ് ഇതിനോട് പ്രതികരിച്ചത്.

facebooktwitterreddit