കേരള ഫുട്ബോളിന് ഊർജ്ജം പകരുന്ന നീക്കവുമായി കേരള സർക്കാർ; വിവിധ ഫുട്ബോൾ വികസന പദ്ധതികളിൽ എ ഐ എഫ് എഫുമായി കൈകോർക്കും

വിവിധ ഫുട്ബോൾ വികസന പദ്ധതികളിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായി കൈകോർത്ത് പ്രവർത്തിക്കാനൊരുങ്ങി കേരള സർക്കാർ. ഇന്ന് സെക്രട്ടറിയേറ്റിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ കേരള കായിക മന്ത്രി ശ്രീ വി അബ്ദുറഹിമാനാണ് ഒന്നിലധികം പദ്ധതികളിൽ എ ഐ എഫ് എഫുമായുള്ള കേരള സർക്കാരിന്റെ സഹകരണം പ്രഖ്യാപിച്ചത്. കേരളത്തിലെ ഫുട്ബോളിന് വലിയ ഊർജ്ജം പകരുന്ന നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഈ പദ്ധതികളുടെ ഭാഗമായി വനിതാ ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കുന്നതിന് എ ഐ എഫ് എഫും, കേരള ഫുട്ബോൾ അസോസിയേഷനും, കേരള സർക്കാരും ചേർന്ന് 2021 ഡിസംബറിൽ കൊച്ചിയിൽ ഒരു അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കും. ലോക വനിതാ ഫുട്ബോളിലെ 4 പ്രമുഖ രാജ്യങ്ങളാകും ഈ ടൂർണമെന്റിൽ പങ്കെടുക്കുക.
ദേശീയ വനിതാ സീനിയർ ക്യാമ്പും ഇക്കുറി കേരളത്തിലാകും നടക്കുക. പ്രാദേശിക തലം മുതല്‍ സംസ്ഥാനതലം വരെ ബേബി ലീഗും ജൂനിയര്‍, സീനിയര്‍ ലീഗുകളും സംഘടിപ്പിക്കാന്‍ എ ഐ എഫ് എഫ് കേരളത്തിന് പിന്തുണ നല്‍കും. ബംഗാളില്‍ ഈ പദ്ധതി ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്ത് തലത്തില്‍ ജേതാക്കളാകുന്ന ടീമുകള്‍ ജില്ലാ തലത്തില്‍ മത്സരിക്കും. അവിടെ ജേതാക്കളാകുന്ന 14 ടീമുകള്‍ സംസ്ഥാനതലത്തില്‍ മത്സരിക്കും. എ ഐ എഫ് എഫ് ആയിരിക്കും ഈ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുക.
ഫുട്ബോള്‍ കോച്ചുമാര്‍ക്ക് പരിശീലനം നല്‍കാനുള്ള പരിശീലന ക്ലാസുകള്‍ക്കും എ ഐ എഫ് എഫ് മുന്‍കൈയെടുക്കും. കോച്ചിങ്ങ് ലൈസന്‍സുകള്‍ ലഭിക്കാന്‍ പരിശീലകരെ പ്രാപ്തരാക്കുന്നതാകും ഈ ക്ലാസുകള്‍. ദേശീയ പരിശീലകരുടെ സേവനം ഉള്‍പ്പെടെ ഈ ക്ലാസുകളില്‍ എ ഐ എഫ് എഫ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
അതേ സമയം 75-മത് സന്തോഷ് ട്രോഫി സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ അവസാന റൗണ്ടിന് കേരളം ആതിഥേയത്വം വഹിക്കുമെന്നും പത്രസമ്മേളനത്തിനിടെ വി അബ്ദുറഹിമാൻ വ്യക്തമാക്കി. ഫൈനൽ ഉൾപ്പെടെ 23 മത്സരങ്ങളാകും കേരളത്തിൽ നടക്കുക.മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയമാകും കലാശപ്പോരാട്ടത്തിന് വേദിയാവുക.