Football in Malayalam

റൊണാൾഡോ ജേഴ്‌സി കൈമാറാൻ വിസമ്മതിച്ചത് അപമാനകരമായ അനുഭവമായിരുന്നുവെന്ന് അറ്റലാന്റ താരം ഗോസെൻസ്

Sreejith N
Atalanta BC v Juventus - Coppa Italia
Atalanta BC v Juventus - Coppa Italia / Emilio Andreoli/Getty Images
facebooktwitterreddit

2019ലെ കോപ്പ ഇറ്റാലിയ മത്സരത്തിന് ശേഷം ക്രിസ്ത്യാനോ റൊണാൾഡോ തനിക്ക് ജേഴ്‌സി കൈമാറാൻ വിസമ്മതിച്ചത് വളരെ അപമാനകരമായ അനുഭവമായിരുന്നുവെന്ന് വെളിപ്പെടുത്തി അറ്റലാന്റ താരം റോബിൻ ഗോസെൻസ്. ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് യുവന്റസ്‌ തോൽവി വഴങ്ങിയതിൽ നിരാശനായിരുന്ന താരം ജേഴ്‌സി കൈമാറാൻ വിസമ്മതിച്ചത് തന്റെ ജീവചരിത്രത്തിലാണ് ഗോസെൻസ് വെളിപ്പെടുത്തിയത്.

റൊണാൾഡോയുടെ ജേഴ്‌സി ലഭിക്കുകയെന്നത് തന്റെ സ്വപ്‌നമായിരുന്നുവെന്ന് വെളിപ്പെടുത്തിയ ജർമൻ താരം 'ഡ്രീംസ് ആർ വർത്ത്വൈൽ' എന്ന ജീവചരിത്ര പുസ്തകത്തിൽ ഇങ്ങിനെ കുറിച്ചു. "യുവന്റസുമായുള്ള മത്സരത്തിന് ശേഷം റൊണാൾഡോയുടെ ജേഴ്‌സി സ്വന്തമാക്കുകയെന്ന എന്റെ സ്വപ്‌നം നിറവേറ്റാൻ ഞാൻ ശ്രമിച്ചിരുന്നു.

"ഫൈനൽ വിസിലിനു ശേഷം ഞാൻ ആഘോഷങ്ങൾക്ക് പോലും മുതിരാതെ ഞാൻ നേരെ റൊണാൾഡോയുടെ അടുത്തേക്കാണ് പോയത്. എന്നാൽ അദ്ദേഹം എന്നെ പരിഗണിച്ചില്ല. താങ്കളുടെ ജേഴ്‌സി തരുമോയെന്ന് ഞാൻ ചോദിച്ചപ്പോൾ എന്റെ മുഖത്ത് പോലും നോക്കാതെ ഇല്ലെന്ന് റൊണാൾഡോ മറുപടിയും നൽകി.

"എനിക്ക് വളരെയധികം അപമാനവും ഞാൻ തീരെ ചെറുതായതു പോലെയും തോന്നി. നമ്മൾക്ക് നാണക്കേടുണ്ടാക്കുന്ന എന്തെങ്കിലും സംഭവിച്ചാൽ നമ്മൾ ചുറ്റും നോക്കി ആരെങ്കിലും ശ്രദ്ധിച്ചോയെന്നു നോക്കുന്ന അതെ അവസ്ഥയാണ് എനിക്കുണ്ടായത്. ഞാനത് മറച്ചു വെക്കാനും ശ്രമിച്ചിരുന്നു."

അന്നത്തെ മത്സരത്തിൽ സപ്പട്ട നേടിയ ഇരട്ടഗോളുകളുടെയും കാസ്റ്റാഗ്നേ നേടിയ ഗോളിലുമാണ് യുവന്റസിനെ അറ്റലാന്റ കോപ്പ ഇറ്റാലിയയിൽ നിന്നും പുറത്താക്കിയത്. മെയ് മാസത്തിൽ നടക്കുന്ന ഈ വർഷത്തെ കോപ്പ ഇറ്റാലിയ ഫൈനലിൽ ഈ രണ്ടു ക്ലബുകൾ തമ്മിൽ നടക്കുന്ന പോരാട്ടം ഗോസെൻസിന്റെ വെളിപ്പെടുത്തലോടെ കൂടുതൽ ആവേശഭരിതമാകുമെന്നുറപ്പാണ്.


facebooktwitterreddit