Lionel Messi

ഫ്രാൻസിനു വേണ്ടി കളിക്കാൻ അവസരമുണ്ടായിട്ടും അർജന്റീന ടീമിനെ തിരഞ്ഞെടുത്തതിനെക്കുറിച്ച് ഹിഗ്വയ്ൻ

Sreejith N
Gonzalo Higuain Speaks About Messi, Argentina And World Cup
Gonzalo Higuain Speaks About Messi, Argentina And World Cup / Omar Vega/GettyImages
facebooktwitterreddit

അർജന്റീന ദേശീയ ടീമിനു വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ താരങ്ങളിൽ ആറാമതു നിൽക്കുന്നുണ്ടെങ്കിലും ഗോൺസാലോ ഹിഗ്വയ്ൻ പല ആരാധകരുടെയും മനസിൽ ഒരു വില്ലനാണ്. പ്രധാന ടൂർണമെന്റുകളിൽ കളഞ്ഞു കുളിച്ച അവസരങ്ങളുടെ പേരിൽ നിരവധി വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്ന താരം ദേശീയ ടീമിൽ നിന്നും 2019ൽ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ദിവസം അർജന്റീനിയൻ മാധ്യമമായ ടൈക് സ്പോർട്ടിനോട് വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിച്ച ഹിഗ്വയ്ൻ ഫ്രാൻസ് ദേശീയ ടീമിൽ കളിക്കാൻ അവസരം ഉണ്ടായിരുന്നിട്ടും അർജന്റീനയെ തിരഞ്ഞെടുത്തതിനെ കുറിച്ചും ലയണൽ മെസി, റൊണാൾഡോ എന്നിവർക്കൊപ്പം കളിക്കാൻ കഴിഞ്ഞതിനെക്കുറിച്ചുമെല്ലാം സംസാരിക്കുകയുണ്ടായി.

"ഞാൻ ഫ്രാൻസ് ദേശീയ ടീമിനു വേണ്ടി കളിക്കുന്നതിന്റെ അരികിൽ എത്തിയിരുന്നു, ഡൊമിനിക്ക് എന്നെത്തേടി വന്നു. ഹെൻറി, സിദാൻ, പെറ്റിറ്റ്, ദെഷാംപ്‌സ്, പാട്രിക്ക് വിയേര, ലോറന്റ് ബ്ലാങ്ക്, ഫാബിയൻ ബാർത്തെസ് എന്നിവരെല്ലാം അവിടെ ഉണ്ടായിരുന്നു. എന്നാൽ അർജന്റീന ടീമിനു വേണ്ടി കളിക്കുകയെന്ന സ്വപ്‌നം സൂക്ഷിച്ചിരുന്ന എന്റെ ഹൃദയത്തെ ചതിക്കാൻ കഴിഞ്ഞില്ല." ഹിഗ്വയ്ൻ പറഞ്ഞു.

"ലയണൽ മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾഡൊക്കുമൊപ്പം ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ആദ്യത്തെ താരം ഞാനല്ലെങ്കിൽ രണ്ടാമത്തെ താരമായിരിക്കും എന്നുറപ്പാണ്. അവരിൽ ആരാണ് മികച്ചതെന്നു തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഞാൻ മെസിയെ ആയിരിക്കും തിരഞ്ഞെടുക്കുക." മെസിക്കൊപ്പം അർജന്റീനയിലെ റൊണാൾഡോക്കൊപ്പം റയൽ മാഡ്രിഡിലും യുവന്റസിലും കളിച്ചിട്ടുള്ള ഹിഗ്വയ്ൻ പറഞ്ഞു.

അർജന്റീന ടീമിന് കിരീടം സ്വന്തമാക്കാൻ കഴിയുമായിരുന്ന നിർണായക ഫൈനലുകളിൽ കളഞ്ഞു കുളിച്ച അവസരങ്ങളെ കുറിച്ചും ഹിഗ്വയ്ൻ പറഞ്ഞു. അമേരിക്കയിൽ വെച്ചു നടന്ന കോപ്പ അമേരിക്ക ഫൈനലിൽ ചിലിക്കെതിരെ നഷ്‌ടപ്പെടുത്തിയ അവസരമാണ് അതിൽ ഏറ്റവും നിരാശ തോന്നിയതെന്നു പറഞ്ഞ ഹിഗ്വയ്ൻ ബെൽജിയത്തിനെതിരെ 2014 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ നേടിയ ഗോളാണ് താൻ ഏറ്റവുമധികം ആഘോഷിച്ചതെന്നും കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit