അർജന്റീനയുടെ കോപ്പ അമേരിക്ക വിജയത്തെക്കുറിച്ച് പ്രതികരിച്ച് ഹിഗ്വയ്ൻ, ദേശീയ ടീമിലേക്ക് തിരിച്ചു വരില്ലെന്നും താരം


അർജന്റീന ടീമിന്റെ കോപ്പ അമേരിക്ക കിരീടനേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ച് മുൻ താരമായ ഗോൺസാലോ ഹിഗ്വയ്ൻ. കിരീടനേട്ടത്തിന്റെ ആവേശം ടീമിനൊപ്പം ആഘോഷിക്കുന്നതും പുറത്തു നിന്നു കാണുന്നതും വ്യത്യസ്തമാണെന്നു പറഞ്ഞ ഹിഗ്വയ്ൻ ടീമിൽ കളിച്ച മുൻ താരങ്ങൾക്കും ഈ വിജയത്തിൽ പങ്കുണ്ടെന്ന ലയണൽ മെസിയുടെ വാക്കുകൾ സത്യമാണെന്നും കൂട്ടിച്ചേർത്തു.
അർജന്റീനക്കൊപ്പം ഒരു ലോകകപ്പ് ഫൈനലിലും രണ്ടു കോപ്പ അമേരിക്ക ഫൈനലിലും കളിച്ചിട്ടുള്ള താരമാണ് ഹിഗ്വയ്ൻ. ദേശീയ ഫുട്ബോളിൽ നിന്നും മാസങ്ങൾക്കു മുൻപ് വിരമിക്കൽ പ്രഖ്യാപിച്ച താരം നിലവിൽ എംഎൽഎസ് ക്ലബായ ഇന്റർ മിയാമിക്കു വേണ്ടിയാണ് കളിക്കുന്നത്. ഇഎസ്പിഎൻ അർജന്റീനയോട് സംസാരിക്കുമ്പോഴാണ് ഹിഗ്വയ്ൻ കിരീട നേട്ടത്തെക്കുറിച്ച് പ്രതികരിച്ചത്.
Gonzalo Higuain comments on Argentina winning the Copa America. https://t.co/AcjY0v4674
— Roy Nemer (@RoyNemer) September 16, 2021
"നമ്മൾ അതിനകത്തായിരിക്കുമ്പോഴുള്ള ആവേശവും ഊർജ്ജവും ആയിരിക്കില്ല അതിൽ നിന്നും പുറത്തു നിന്നു കാണുമ്പോൾ ഉണ്ടാകുന്നത്. എന്തായാലും തീവ്രമായി അതിനു വേണ്ടി ശ്രമം നടത്തി അവസാനം അതു നേടിയവരെപ്പറ്റി ആലോചിക്കുമ്പോൾ വളരെയധികം സന്തോഷമുണ്ട്."
"മുൻപ് ടീമിനൊപ്പമുണ്ടായിരുന്നവരും ഈ വിജയത്തിൽ പങ്കാളികൾ ആയിരുന്നുവെന്ന് ലിയോ പറഞ്ഞത് സന്തോഷം നൽകുന്ന കാര്യമായിരുന്നു. കാരണം ഇതു സംഭവിക്കാൻ ഞാൻ എന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ടാകും. മുൻപു ടീമിലുണ്ടായിരുന്ന താരങ്ങൾ മൂന്നു ഫൈനലുകളിൽ കളിച്ച് നേടേണ്ട ലക്ഷ്യം കൂടുതൽ ഉയർത്തിയിരുന്നു. മെസിയുടെ വാക്കുകൾ എനിക്ക് സന്തോഷം നൽകി." ഹിഗ്വയ്ൻ പറഞ്ഞു.
അർജന്റീന ടീമിനൊപ്പം കിരീടമുയർത്തുകയെന്നത് വലിയൊരു ലക്ഷ്യമായിരുന്നു എങ്കിലും ദേശീയ ടീമിലേക്ക് ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകില്ലെന്നും താരം പറഞ്ഞു. ഒരു തീരുമാനമെടുത്താൽ അതിൽ ഉറച്ചു നിൽക്കുന്ന സ്വഭാവമാണ് തന്റേതെന്നും നിലവിൽ കുടുംബത്തോടൊപ്പം വളരെ സമാധാനം നിറഞ്ഞ ജീവിതമാണ് നയിക്കുന്നതെന്നും ഹിഗ്വയ്ൻ കൂട്ടിച്ചേർത്തു.