ജയം തുടരാന്‍ ഗോകുലം കേരള ഇന്ന് ഇന്ത്യന്‍ ആരോസിനെതിരെ

ഐ ലീഗില്‍ ജയം തുടരാന്‍ ഗോകുലം കേരള ഇന്ന് ഇന്ത്യന്‍ ആരോസിനെ നേരിടും. ലീഗില്‍ തോല്‍വി അറിയാതെയുള്ള ജൈത്രയാത്രയിലാണ് ഇപ്പോള്‍ ഗോകുലം കേരള. ഒന്‍പത് മത്സരത്തില്‍ മലബാറിയന്‍സ് ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. ഇന്ന് വൈകീട്ട് അഞ്ചിന് കല്യാണി സ്‌റ്റേഡിയത്തിലാണ് ഗോകുലം കേരള-ഇന്ത്യന്‍ ആരോസ് മത്സരം നടക്കുന്നത്.
ലീഗ് ജേതാക്കളായ ഗോകുലം ഇത്തവണയും കിരീടം നിലനിര്‍ത്താനുള്ള കഠിന ശ്രമമാണ് നടത്തുന്നത്. അവസാന മത്സരത്തില്‍ ശക്തരായ ശ്രീനിധി എഫ്.സിയെയായിരുന്നു ഗോകുലം കേരള പരാജയപ്പെടുത്തിയത്. 2-1 എന്ന സ്‌കോറിനായിരുന്നു ഗോകുലം കേരളയുടെ ജയം.
ഇന്നത്തെ മത്സരത്തിലും ജയം തുടരാന്‍ തന്നെയാണ് ഗോകുലം കേരളയുടെ നീക്കമെന്നാണ് പരിശീലകന്‍ അന്നീസെയുടെ വാക്കില്‍ നിന്ന് വ്യക്തമാകുന്നത്. ഒന്‍പത് മത്സരം കളിച്ച ഗോകുലം നിലവില്‍ 21 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള മുഹമ്മദന്‍സുമായി ഒരു പോയിന്റിന്റെ വിത്യാസം മാത്രമാണ് ഇപ്പോള്‍ ഗോകുലം കേരളക്കുള്ളത്. ഇന്നത്തെ മത്സരത്തില്‍ എതിരാളികള്‍ ആരോസ് ആയതിനാല്‍ കൂടുതല്‍ ഗോളുകള്‍ നേടി ഗോള്‍ ഡിഫ്രന്‍സ് കൂട്ടാനാണ് ഗോകുലത്തിന്റെ പദ്ധതി.
ഒന്‍പത് മത്സരങ്ങളിൽമത്സരങ്ങളിൽ നിന്ന് ഒരു മത്സരം മാത്രമേ ഇന്ത്യന്‍ ആരോസിന് ജയിക്കാന്‍ സാധിച്ചിട്ടുള്ളു. മൂന്ന് മത്സരം സമനിലയില്‍ കലാശിപ്പച്ചപ്പോള്‍ അഞ്ച് മത്സരത്തില്‍ തോല്‍വി വഴങ്ങുകയും ചെയ്തിട്ടുണ്ട്. അതേ സമയം ഒന്‍പത് മത്സരത്തില്‍ ഒന്നില്‍ പോലും ഗോകുലം കേരള തോല്‍വി അറിഞ്ഞിട്ടില്ല. ആറ് മത്സരത്തില്‍ വെന്നിക്കൊടി പാറിച്ചപ്പോള്‍ മൂന്നെണ്ണം സമനിലയില്‍ കലാശിക്കുകയും ചെയ്തിട്ടുണ്ട്.