ഐ ലീഗ് കിരീടത്തിലേക്ക് ഗോകുലം കേരളയുടെ അപരാജിത കുതിപ്പ്

ഐ ലീഗ് കിരീടം നിലനിര്‍ത്താന്‍ വേണ്ടിയുള്ള കഠിന ശ്രമത്തിലാണ് ഗോകുലം കേരള ഇപ്പോള്‍. ഐ ലീഗില്‍ നടന്ന കഴിഞ്ഞ മത്സരത്തിൽ ശ്രീനിധി എഫ്.സിയെകൂടി പരാജയപ്പെടുത്തിയതോടെ ലീഗില്‍ തോല്‍വി അറിയാത്ത ഒന്‍പത് മത്സരങ്ങളാണ് ഗോകുലം പൂര്‍ത്തിയാക്കിയത്.
കിരീടം നിലനിര്‍ത്താന്‍ വേണ്ടി ഇത്തവണ ശക്തമായ നിരയെയാണ് ഗോകുലം മാനേജ്‌മെന്റ് കളത്തിലിറക്കിയിരിക്കുന്നത്. ഒന്‍പത് മത്സരങ്ങളില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ മുന്നേറിയ മലബാറിയന്‍സ് ഇപ്പോള്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ഇതുവരെ നടന്ന ഒന്‍പത് മത്സരങ്ങളിൽ നിന്ന് 20 ഗോളുകളാണ് ഗോകുലം സ്വന്തമാക്കിയിട്ടുള്ളത്.
അതേ സമയം ഒന്‍പത് ഗോളുകള്‍ വഴങ്ങുകയും ചെയ്തിട്ടുണ്ട്. ജമൈക്കന്‍ അന്താരാഷ്ട്ര താരമായ ജോര്‍ദയ്‌നി ഫ്‌ളെച്ചര്‍, സ്ലോവേനിയന്‍ താരം ലൂക്ക മെയ്‌സന്‍ തുടങ്ങിയവരാണ് ഇത്തവണ ഗോകുലം കേരളയുടെ മുന്നേറ്റത്തിന് കരുത്ത് പകരുന്നത്. കാമറൂന്‍ താരമായ അമിനോ ബൗബ നേതൃത്വം നല്‍കുന്ന പ്രതിരോധനിര വളരെ ശക്തമാണ്.
ബ്ലാസ്‌റ്റേഴ്‌സ് താരമായിരുന്ന അബ്ദുല്‍ ഹക്കുവും മലബാറിയന്‍സിന്റെ കോട്ടകാക്കുന്നതിന് ഗ്രൗണ്ടില്‍ ഇറങ്ങാറുണ്ട്. ഗോകുലത്തിന് വേണ്ടി അവസാന സീസണില്‍ മിന്നും പ്രകടനം പുറത്തെടുത്ത മലയാളി യുവതാരം എമില്‍ ബെന്നിയും മിഡ്ഫീല്‍ഡില്‍ ക്ലബിന്റെ ശക്തിയാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന പുരുഷ, വനിതാ ലീഗുകളില്‍ എല്ലാം കിരീടം സ്വന്തമാക്കിയ ഗോകുലം കേരള ഇത്തവണയും കിരീടം നിലനിര്‍ത്തി ഇന്ത്യന്‍ ഫുട്‌ബോളിന്റെ നെറുകയിലെത്താനുള്ള നീക്കത്തിലാണ്