Gokulam Kerala

ഗോകുലം കേരളയുടെ രണ്ട് താരങ്ങള്‍ വിദേശ ക്ലബുകളിലേക്ക്; ചാംപ്യന്‍സ് ലീഗ് കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാകാന്‍ മനീഷ

Haroon Rasheed
Manisha has signed a two-year deal with Apollon Ladies
Manisha has signed a two-year deal with Apollon Ladies / Gokulam Kerala
facebooktwitterreddit

ഗോകുലം കേരളയുടെ രണ്ട് വനിതാ താരങ്ങള്‍ അടുത്ത സീസണില്‍ വിദേശ ക്ലബുകള്‍ക്കായി കളിക്കും. ഗോകുലത്തിന്റെ മുന്നേറ്റ താരം മനീഷ കല്യാണും ഡാങ്‌മെയ് ഗ്രേസുമാണ് അടുത്ത സീസണില്‍ വിദേശ ക്ലബുകള്‍ക്ക് വേണ്ടി കളിക്കുന്നത്.

മനീഷ കല്യാണ്‍ സൈപ്രസ് ചാംപ്യന്മാരായ ക്ലബ് അപ്പോളോണ്‍ ലേഡീസിന് വേണ്ടിയാണ് അടുത്ത സീസണില്‍ കളിക്കുക. ക്ലബുമായി രണ്ട് വര്‍ഷത്തെ കരാറിലാണ് മനീഷ ഒപ്പുവെച്ചിരിക്കുന്നത്. യുവേഫ വനിതാ ചാംപ്യന്‍സ് ലീഗില്‍ കളിക്കുന്ന ക്ലബാണ് അപ്പോളോണ്‍. ഇതോടെ വനിതാ ചാംപ്യന്‍സ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി മനീഷ മാറും. അവസാന മൂന്ന് സീസണുകളിലും ഗോകുലം വനിതാ ടീമിലെ പ്രധാന താരമായിരുന്നു മനീഷ. ഇരുപതുകാരിയായ താരം കഴിഞ്ഞ ഇന്ത്യന്‍ വനിതാ ലീഗില്‍ 14 ഗോളുകള്‍ നേടിയിരുന്നു.

ഗോകുലം കേരളയ്‌ക്കൊപ്പം രണ്ട് ഇന്ത്യന്‍ വനിതാ ലീഗ് കിരീടം മനീഷ നേടിയിട്ടുണ്ട്. എ.എഫ്.സി കപ്പിലും ഗോകുലത്തിനായി മനീഷ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. മനീഷ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെയും പ്രധാന താരമാണ്. ബ്രസീലിന് എതിരേ നടന്ന മത്സരത്തില്‍ ഗോള്‍ നേടി മനീഷ ചരിത്രം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

മറ്റൊരു താരമായ ഡാങ്‌മെയ് ഗ്രേസ് ഉസ്‌ബെകിസ്താന്‍ ക്ലബിലേക്കാണ് പോകുന്നത്. ഉസ്‌ബെക് ക്ലബായ നസാഫ് എഫ്.സിയാണ് ഗ്രേസിനെ സ്വന്തമാക്കിയത്. ഈ മാസം തന്നെ ഗ്രേസ് നസാഫിനായി അരങ്ങേറ്റം കുറിക്കുമെന്നാണ് വിവരം. അവസാന സീസണില്‍ ആയിരുന്നു ഗ്രേസ് ഗോകുലം കേരളയിലെത്തിയത്. ഗോകുലത്തിനായി ഇന്ത്യന്‍ വനിതാ ലീഗിലും ഏഷ്യന്‍ ക്ലബ് ചാമ്പ്യന്‍ഷിപ്പിലും ഗ്രേസ് ബൂട്ടണിഞ്ഞിട്ടുണ്ട്.

ഇന്ത്യക്ക് വേണ്ടി 45 മത്സരങ്ങള്‍ കളിച്ച ഗ്രേസ് 15 ഗോളുകള്‍ നേടിയിട്ടുണ്ട്. 26 വയസുള്ള മണിപ്പൂര്‍ താരം ഗോള്‍ അടിക്കാനും അടിപ്പിക്കാനും കെല്‍പുള്ള താരമാണ്.


facebooktwitterreddit