വമ്പന്‍ ജയത്തോടെ ഗോകുലം കേരള ഐ-ലീഗിൽ ഒന്നാമത്

ഐ ലീഗില്‍ ഗോകുലം കേരള ജൈത്രയാത്ര തുടരുന്നു. ഇന്ന് നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിന് ഇന്ത്യന്‍ ആരോസിനെ പരാജയപ്പെടുത്തിയാണ് ഗോകുലം കേരള വീണ്ടും ഐ ലീഗ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയത്. സീസണിൽ ഇത് വരെ കളിച്ച പത്ത് മത്സരങ്ങളിലും തോല്‍വി അറിയാതെയാണ് മലബാറിയന്സിന്റെ അപരാജിത കുതിപ്പ്.
ഇന്ത്യൻ ആരോസിനെതിരെ 10ാം മിനുട്ടില്‍ ഗോകുലം കേരള തുടങ്ങിവച്ച ഗോള്‍വേട്ട 81ാം മിനുട്ട് വരെ തുടര്‍ന്നു. 10ാം മിനുട്ടില്‍ അഹ്മദ് റസാക്കിന്റെ ഗോളിലായിരുന്നു ഗോകുലം ലീഡ് നേടിയത്. ആദ്യ പത്തുമിനുട്ടിനുള്ളില്‍ തന്നെ ലീഡ് നേടിയതോടെ ഗോകുലം സമ്മര്‍ദമില്ലാതെ പന്തു തട്ടി. എന്നാല്‍ കിട്ടിയ അവസരങ്ങളിലെല്ലാം ആരോസ് ഗോകുലം ഗോള്‍കീപ്പര്‍ക്ക് ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു.
സമനില ഗോളിനായി ആരോസ് താരങ്ങള്‍ ശ്രമിക്കുന്നതിനിടെ ഗോകുലത്തിന്റെ രണ്ടാം ഗോളും പിറന്നു. 28ാം മിനുട്ടില്‍ ഷരീഫ് മുഹമ്മദായിരുന്നു രണ്ടാം ഗോള്‍ നേടിയത്. 32ാം മിനുട്ടില്‍ ലൂക്ക മയ്സനും ഗോള്‍ നേടിയതോടെ ആദ്യ പകുതിയില്‍ മൂന്ന് ഗോളിന്റെ വ്യക്തമായ ലീഡ് സ്വന്തമാക്കാന്‍ ഗോകുലത്തിന് കഴിഞ്ഞു.
72ാം മിനുട്ടില്‍ മലയാളി താരം ജിതിന്റെ ഗോളില്‍ മലബാറിയന്‍സ് ലീഡ് നാലാക്കി ഉയര്‍ത്തി. എന്നിട്ടും ഗോള്‍ ദാഹം തീരാത്ത ഗോകുലം 81ാം മിനുട്ടില്‍ താഹിര്‍ സമാനിലൂടെ അഞ്ചാം ഗോള്‍ നേടി ഗോള്‍ വേട്ട പൂര്‍ത്തിയാക്കി. അഞ്ചു ഗോളുകള്‍ വഴങ്ങിയെങ്കില് പന്ത് കിട്ടിയപ്പോഴെല്ലാം മികച്ച നീക്കങ്ങളുമായി കാഴ്ചക്കാരുട മനസ് നിറക്കാന്‍ ആരോസിന് കഴിഞ്ഞു.
10 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുള്ള ഗോകുലം കേരളയാണ് ഇപ്പോള്‍ ഐ-ലീഗ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. സുദേവ എഫ്.സിക്കെതിരേ ഏപ്രില്‍ 15നാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.