ചരിത്രമെഴുതി ഗോകുലം കേരള; ഐ-ലീഗ് കിരീടം നിലനിറുത്തി മലബാറിയൻസ്

Gokulam Kerala have retained the I-League title
Gokulam Kerala have retained the I-League title / Gokulam Kerala
facebooktwitterreddit

രണ്ടാം തവണയും ഐ ലീഗ് കിരീടം സ്വന്തമാക്കി ചരിത്രം തിരുത്തി ഗോകുലം കേരള. ഇന്ന് നടന്ന മത്സരത്തിൽ മുഹമ്മദന്‍സിനെ 2-1 എന്ന സ്കോറിന് പരാജയപ്പെടുത്തിയതോടെയാണ് ഗോകുലം വീണ്ടും ചാംപ്യന്‍മാരായത്.

സമനിലയെങ്കിലും വേണ്ടിയിരുന്ന മത്സരത്തില്‍ മലബാറിയന്‍സ് ജയത്തോടെയാണ് രണ്ടാം കിരീടത്തില്‍ മുത്തമിട്ടത്. ആദ്യമായിട്ടാണ് ഒരു ക്ലബ് ഐ ലീഗ് തുടര്‍ച്ചയായ രണ്ടാം തവണയും സ്വന്തമാക്കുന്നത്.

ഈ സീസണില്‍ 18 മത്സരം കളിച്ച ഗോകുലം കേരള ഒറ്റ മത്സരത്തില്‍ മാത്രമേ തോല്‍വി അറിഞ്ഞിട്ടുള്ളു. ഒരു സമനിലയെങ്കിലും വേണ്ടിയിരുന്ന മത്സരത്തില്‍ ശ്രദ്ധയോടെയായിരുന്നു ഗോകുലം തുടങ്ങിയത്.

കഴിഞ്ഞ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ചതിനാല്‍ ക്യാപ്റ്റന്‍ ഷരീഫ് മുഹമ്മദ് ഇല്ലാതെയായിരുന്നു ഗോകുലം ഇറങ്ങിയത്. പ്രതിരോധ താരം അമിനോ ബൗബയായിരുന്നു ഫൈനലില്‍ ഗോകുലത്തെ നയിച്ചത്.

49ാം മിനുട്ടില്‍ മലയാളി താരം മുഹമ്മദ് റിഷാദിന്റെ ഗോളില്‍ ഗോകുലം കേരള മുന്നിലെത്തി. ഒരു ഗോള്‍ ലീഡുമായി കളി മുന്നേറുന്നതിനിടെ മുഹമ്മദന്‍സിന്റെ സമനില ഗോള്‍ പിറന്നു. 57ാം മിനുട്ടില്‍ അസ്ഹറുദ്ദീന്‍ മാലിക്കായിരുന്നു മുഹമ്മദന്‍സിനായി സമനില ഗോള്‍ നേടിയത്.

സമനില നേടിയതോടെ വീണ്ടും മത്സരത്തിന് ശക്തികൂടി. ഇതിനിടെ ഗോകുലം മുന്നേറ്റ താരം ജോര്‍ദാന്‍ ഫഌച്ചറിന് പരുക്കേറ്റു. പിന്നീട് ഫഌച്ചറിന് പകരം ശ്രീകുട്ടനായിരുന്നു കളത്തിലിറങ്ങിയത്. 69ആം മിനുട്ടില്‍ മലയാളി താരം എമില്‍ ബെന്നി ഗോകുലത്തെ മുന്നിലെത്തിച്ചു.

സ്വന്തം കാണികള്‍ക്ക് മുന്നില്‍ കിരീടം വേണമെന്ന ലക്ഷ്യത്തിൽ മുഹമ്മദന്‍സ് ഗോള്‍ മടക്കുന്നതിനായി ഗോകുലം ഗോള്‍ മുഖത്തേക്ക് ഇരച്ചെത്തിക്കൊണ്ടിരുന്നു. എന്നാല്‍ സെന്റര്‍ ഡിഫന്‍ഡര്‍ അമിനോ ബൗബയും ഗോള്‍ കീപ്പര്‍ രക്ഷിത് ദാകറും ചേര്‍ന്ന് മുഹമ്മദന്‍സിന്റെ എല്ലാ മുന്നേറ്റങ്ങളുടെയും മുനയൊടിച്ചുകൊണ്ടിരുന്നു. ഒടുവില്‍ റഫറി ഫൈനല്‍ വിസില്‍ വിളിക്കുമ്പോള്‍ ചരിത്രനേട്ടവുമായി ഗോകുലം കേരളതാരങ്ങള്‍ മൈതാനം കീഴടക്കി. ആദ്യമായാണ് ഒരു കേരള ടീം ദേശീയ കിരീടം തുടര്‍ച്ചയായ രണ്ടാം തവണയും സ്വന്തമാക്കുന്നത്.