ചരിത്രം പിറക്കുമോ ഐ-ലീഗ് കിരീടത്തിനായി ഗോകുലം കേരള മുഹമ്മദന്‍ എസ്‌സിയെ നേരിടും

Gokulam Kerala aims to retain the league title
Gokulam Kerala aims to retain the league title / Gokulam Kerala
facebooktwitterreddit

ഐ-ലീഗ് കിരീടം വീണ്ടും കേരളത്തിലെത്തിക്കാന്‍ നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ഗോകുലം കേരള രണ്ടാം സ്ഥാനത്തുള്ള മുഹമ്മദൻ എസ്‌സിയെ നേരിടും. നാളെ രാത്രി 7ന് കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിത്തിലാണ് കിരീടപ്പോരാട്ടം നടക്കുന്നത്. ഗോകുലം കേരളക്ക് കിരീടത്തിലേക്ക് ഒരു പോയിന്റിന്റെ മാത്രം അകലമേയുള്ളു. എന്നാല്‍ മുഹമ്മദനിന് ജയിച്ചേ തീരു എന്നതാണ് സ്ഥിതി.

ശ്രീനിധി ക്ലബിനെതിരേ സമനിലയെങ്കിലും പ്രതീക്ഷിച്ചായിരുന്നു ഗോകുലം ഇറങ്ങിയതെങ്കിലും അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയതോടെയായിരുന്നു കാത്തിരിപ്പ് നീണ്ടത്. ഈ സീസണിൽ ലീഗിൽ നേരത്തെ മുഹമ്മദനുമായി മത്സരിച്ചപ്പോള്‍ 1-1ന്റെ സമനിലയായിരുന്നു ഫലം.

ശ്രീനിധിക്കെതിരേയുള്ള മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച ക്യാപ്റ്റനും മധ്യനിര താരവുമായ ശരീഫ് മുഹമ്മദും മലയാളി താരം ജിതിന്‍ എം.എസും നാളെ ഗോകുലത്തിനൊപ്പമുണ്ടാകില്ല. പരുക്കിന്റെ പിടിയിലായിരുന്നു സ്ലോവേനിയന്‍ താരം ലൂക്ക മെയ്‌സന്‍ ടീമില്‍ തിരിച്ചെത്താന്‍ സാധ്യതയുണ്ട്. അവസാന മത്സരത്തില്‍ ലൂക്ക ബെഞ്ചിലുണ്ടായിരുന്നു. ഗോകുലം കേരളയുടെ മുന്‍താരമായിരുന്ന മാര്‍ക്കസ് ജോസഫാണ് മുഹമ്മദന്റെ മുന്നേറ്റത്തില്‍ കളിക്കുന്നത്.

മുഹമ്മദന്‍ മുന്നേറ്റത്തിന് മതില്‍ കെട്ടി തടയുക എന്നതാണ് ഗോകുലത്തിന് മുന്നിലുള്ള ഇന്നത്തെ പ്രധാന ദൗത്യം. മുഹമ്മദന്‍സ് നിരയിലെ വിദേശ താരങ്ങളെയും കൃത്യമായി മാര്‍ക്ക് ചെയ്താല്‍ കേരളത്തിലേക്ക് രണ്ടാം തവണയും ഐ-ലീഗ് കിരീടം എത്തുമെന്ന് പ്രതീക്ഷിക്കാം. 17 മത്സരത്തില്‍ നിന്ന് 40 പോയിന്റാണ് ഗോകുലം കേരളയുടെ സമ്പാദ്യം. ഇത്രയും മത്സരത്തില്‍ നിന്ന് 37 പോയിന്റാണ് മുഹമ്മദന്‍ നേടിയിട്ടുള്ളത്.