ഐ ലീഗ് കിരീടം ഗോകുലം കേരളയുടെ കൈയെത്തും ദൂരത്ത്

ആറു പോയിന്റ് കൂടി സ്വന്തമാക്കിയാല്‍ ഒരിക്കല്‍ കൂടി ദേശീയ ഫുട്‌ബോള്‍ കിരീടമായ ഐ ലീഗ് കിരീടം വീണ്ടും കേരളത്തിലെത്തും. കഴിഞ്ഞ സീസണിലായിരുന്നു ചരിത്രത്തിലാദ്യമായ കേരളത്തില്‍ നിന്നുള്ള ഒരു ക്ലബ് ഐ ലീഗ് കിരീടം സ്വന്തമാക്കുന്നത്. ഐ ലീഗിലെത്തി ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ നേട്ടം സ്വന്തമാക്കിയ ഗോകുലം രണ്ടാം തവണയും ഐ ലീഗ് കിരീടം ഷെല്‍ഫിലെത്തിക്കാനുള്ള യാത്രയിലാണ് ഇപ്പോള്‍.
കഴിഞ്ഞ സീസണില്‍ കിരീടം നേടിയ ടീമില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയായിരുന്നു ഈ സീസണില്‍ ഗോകുലം കേരളയെ കളത്തിലിറക്കിയത്. കൂടുതല്‍ മലയാളി താരങ്ങള്‍ക്ക് അവസരം നല്‍കിയ ടീമിന്റെ ആദ്യ ഇലവനില്‍ പലപ്പോഴും അഞ്ചിലധികം മലയാളി താരങ്ങളെ കളത്തിലിറക്കിയിരുന്നു. കഴിഞ്ഞ തവണ കിരീടം നേടിയപ്പോള്‍ ടീമിനൊപ്പമുണ്ടായിരുന്നു എമില്‍ ബെന്നി, അലക്‌സ് സജി തുടങ്ങിയ മലയാളി താരങ്ങള്‍ ഇത്തവണയും ഗോകുലത്തിനൊപ്പമുണ്ട്.
കൂടാതെ കേരള ബാസ്റ്റേഴ്‌സ് താരമായിരുന്നു അബ്ദുല്‍ ഹക്കു ഈ സീസണില്‍ മലബാറിയന്‍സിന്റെ പ്രതിരോധത്തിനൊപ്പമുണ്ടായിരുന്നു. കാമറൂണില്‍ നിന്നുള്ള അമിനോ ബൗബയാണ് ഇത്തവണ ഗോകുലത്തിന്റെ പ്രതിരോധം കാക്കുന്നതില്‍ പ്രധാനി എന്ന് പറയാനാകും. നിര്‍ണായക മത്സരത്തില്‍ ഗോകുലത്തിന്റെ ഗോള്‍ മുഖം രക്ഷിക്കുന്നതോടൊപ്പം നിര്‍ണായക ഗോള്‍ നേടാനും ബൗബക്ക് കഴിഞ്ഞിട്ടുണ്ട്. പ്രതിരോധ താരമായ ബൗബ ലീഗിലെ രണ്ട് മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചായിരുന്നു. മുന്നേറ്റനിരയില്‍ ഗോള്‍ മെഷീനായി പ്രവര്‍ത്തിക്കുന്ന ജമൈക്കന്‍ താര്‍ ജോര്‍ദനി ഫഌച്ചറും ഈ സീസണിലെ ഗോകുലം കേരളയുടെ കരുത്താണ്.
സീസണില്‍ നാലു മത്സരം ബാക്കിയുള്ള ഗോകുലത്തിന് ഇനി രണ്ട് മത്സരത്തില്‍ ജയിച്ചാല്‍ മാത്രം രണ്ടാം തവണയും ഐ ലീഗ് കിരീടത്തില്‍ മുത്തമിടാന്‍ കഴിയും. രണ്ടാം കിരീടവും നേടുകയാണെങ്കില്‍ കേരള ഫുട്‌ബോള്‍ ചരിത്രത്തിലെ പുതിയൊരു പൊന്‍തൂവല്‍ കൂടിയായിരിക്കും പിന്നീട് പിറക്കുക. സീസണില്‍ ഇതുവരെ തോല്‍വി അറിയാത്ത ഗോകുലം റെക്കോര്‍ഡുകള്‍ തകര്‍ത്താണ് ദേശീയ ഫുട്‌ബോളില്‍ ജൈത്രയാത്ര തുടരുന്നത്. തുടര്‍ന്നുള്ള മത്സരങ്ങളില്‍ ജയം സ്വന്തമാക്കി പുതിയൊരു ചരിത്രം പിറക്കുന്നതും കാത്തിരിക്കാം.