തോല്‍ക്കാന്‍ മനസില്ലാതെ ഗോകുലം കേരള; ഐ-ലീഗ് കിരീടത്തിലേക്ക് ഒരു ചുവട് കൂടെ വെച്ച് മലബാറിയൻസ്

Gokulam Kerala's unbeaten run continues
Gokulam Kerala's unbeaten run continues / Gokulam Kerala
facebooktwitterreddit

ഐ ലീഗില്‍ തോല്‍വി അറിയാതെ ഗോകുലം കേരളയുടെ കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരെയുള്ള മത്സരം സമനിലയിലാണ് കലാശിച്ചത്. 1-1 എന്ന സ്‌കോറിനായിരുന്നു മത്സരം അവസാനിച്ചത്. കിരീടത്തിലേക്ക് കുതിക്കുന്ന ഗോകുലം ജയം തേടിയാണ് ഇറങ്ങിയതെങ്കിലും ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ തോല്‍പിക്കാന്‍ മലബാറിയന്‍സിന് കഴിഞ്ഞില്ല.

ആദ്യ ഗോളിനായി ഗോകുലം കേരള ശ്രമിക്കുന്നതിനിടെ ഗോകുലത്തെ ഞെട്ടിച്ച് ചര്‍ച്ചില്‍ അക്കൗണ്ട് തുറന്നു. 15ാം മിനുട്ടില്‍ കെന്നത്ത് ഇകെന്‍ചുവയായിരുന്നു ചര്‍ച്ചിലിന് വേണ്ടി ഗോള്‍ നേടിയത്. ഗോള്‍ വഴങ്ങിയതോടെ പ്രതിരോധത്തിലായ ഗോകുലം കേരള ചര്‍ച്ചില്‍ പോസ്റ്റ് ലക്ഷ്യമാക്കി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.

ഒടുവില്‍ 38ാം മിനുട്ടില്‍ ഫ്‌ളെച്ചര്‍ ഗോകുലത്തിന് വേണ്ടി സമനില ഗോള്‍ സമ്മാനിച്ചു. ആദ്യ പകുതിയില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞു. രണ്ടാം പകുതിയില്‍ വിജയ ഗോളിനായി ഇരുടീമുകളും അക്രമിച്ച് കളിച്ചെങ്കിലും ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.

14 മത്സരത്തില്‍ നിന്ന് 34 പോയിന്റുള്ള ഗോകുലം കേരള തന്നെയാണ് ഇപ്പോഴും പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ഇനി ആറു പോയിന്റ്കൂടി സ്വന്തമാക്കിയാല്‍ മലബാറിയന്‍സിന് ഐ ലീഗ് കിരീടം വീണ്ടും കേരളത്തിലെത്തിക്കാം. മെയ് മൂന്നിന് നെരോക്ക എഫ്.സിക്കെതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. ചര്‍ച്ചിലിനെതിരേയുള്ള സമനിലയോടെ ഐ ലീഗില്‍ തോല്‍വി അറിയാതെ 19 മത്സരം പൂര്‍ത്തിയാക്കി റെക്കോര്‍ഡ് സൃഷ്ടിക്കാനും ഗോകുലത്തിന് കഴിഞ്ഞു.