Gokulam Kerala

ഐ ലീഗ്; ജയം തുടര്‍ന്ന് ഗോകുലം കേരള

Haroon Rasheed
Gokulam Kerala won the game 2-1
Gokulam Kerala won the game 2-1 / Gokulam Kerala
facebooktwitterreddit

ഐ ലീഗില്‍ ജയം തുടര്‍ന്ന് ഗോകുലം കേരള. ഇന്ന് നടന്ന മത്സരത്തില്‍ 2-1 എന്ന സ്‌കോറിന് ശ്രീനിധി എഫ്.സിയെയാണ് ഗോകുലം പരാജയപ്പെടുത്തിയത്. 2-1 എന്ന സ്‌കോറിനായിരുന്നു ഗോകുലത്തിന്റെ വിജയം. ശക്തമായ പോരാട്ടത്തിന്റെ നാലാം മിനുട്ടില്‍ തന്നെ ഗോകുലം കേരള ലീഡ് സ്വന്തമാക്കി.

നാലാം മിനുട്ടില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു ഗോകുലത്തിന്റെ ആദ്യ ഗോള്‍ പിറന്നത്. കൃത്യമായ ഹെഡറിലൂടെ അമിനോ ബൗബ പന്ത് വലയിലെത്തിക്കുകയായിരുന്നു. ഒരു ഗോളിന്റെ ലീഡ് സ്വന്തമാക്കിയ ഗോകുലം ആശ്വാസത്തോടെ കളിച്ചെങ്കിലും ശ്രീനിധി താരങ്ങള്‍ ഗോകുലം ഗോള്‍മുഖം അക്രമിച്ചുകൊണ്ടിരുന്നു.

ശ്രീനിധി സമനില ഗോളിനായി പൊരുതുന്നതിനിടെ ഗോകുലം കേരളയുടെ രണ്ടാം ഗോളും പിറന്നു. 30ാം മിനുട്ടില്‍ ലൂക്കയുടെ പാസില്‍ നിന്ന് ഫ്‌ളെച്ചറായിരുന്നു ഗോകുലത്തിന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കിയത്. പിന്നീട് ഗോളൊന്നും പിറക്കാതിരുന്നതോടെ, ആദ്യ പകുതിയുടെ ഇടവേളക്ക് പിരിയുമ്പോൾ ഗോകുലം രണ്ട് ഗോളിന്റെ ലീഡ് നേടി. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോകുലം കേരളക്ക് തിരിച്ചടിയേറ്റു.

49ാം മിനുട്ടില്‍ ഡേവിഡ് മുനോസിലൂടെ ശ്രീനിധി എഫ്.സി ഒരു ഗോള്‍ തിരിച്ചടിച്ചു. ഒരു ഗോള്‍ മടക്കിയതോടെ ശ്രീനിധി എഫ്.സി കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. എന്നാല്‍ ഗോകുലം താരങ്ങള്‍ ശക്തമായ പ്രതിരോധവുമായി കളംനിറഞ്ഞ് കളിച്ചു. അവസാന മിനുട്ട് വരെ സമനില ഗോളിനായി ശ്രീനിധി പൊരുതി നോക്കിയെങ്കിലും ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഒന്‍പത് മത്സരങ്ങളിൽ നിന്ന് 21 പോയിന്റുള്ള ഗോകുലം കേരള ഇപ്പോള്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്താണുള്ളത്. ഏപ്രിന്‍ ഒന്‍പതിന് ഇന്ത്യന്‍ ആരോസിനെതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.


facebooktwitterreddit