എഎഫ്‌സി കപ്പ് അരങ്ങേറ്റത്തിൽ തകർപ്പൻ വിജയം കരസ്ഥമാക്കി ഗോകുലം കേരള; എടികെ മോഹൻ ബഗാനെ പരാജയപ്പെടുത്തിയത് 4-2ന്

എ.എഫ്.സി കപ്പ് ചാംപ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി ഗോകുലം കേരള. എ.എഫ്.സി യോഗ്യതക്കായി നടന്ന മത്സരത്തില്‍ 4-2 എന്ന സ്‌കോറിന് ഐ.എസ്.എല്‍ ക്ലബായ എ.ടി.കെ മോഹന്‍ ബഗാനെ പരാജയപ്പെടുത്തിയാണ് ഗോകുലം കേരള ചരിത്രത്തില്‍ ഇടംനേടിയത്. ഇതോടെ ആദ്യമായി ഒരു കേരള ക്ലബ് എ.എഫ്.സി യോഗ്യത മത്സരം ജയിക്കുക എന്ന നേട്ടം സ്വന്തമാക്കാന്‍ മലബാറിയന്‍സിന് കഴിഞ്ഞു.
ശക്തമായ നിരയുണ്ടായിരുന്നിട്ടും ഗോകുലം ശ്രദ്ധയോടെ നടത്തിയ നീക്കങ്ങളാണ് മലബാറിയന്‍സിന്് ജയം നല്‍കിയത്. 50ാം മിനുട്ടില്‍ സ്ലോവേനിയന്‍ താരം ലൂക്ക മെയ്‌സനാണ് ആദ്യ ഗോള്‍ നേടിയത.് എന്നാല്‍ മൂന്ന് മിനുട്ടിന് ശേഷം 53ാം മിനുട്ടില്‍ പ്രീതം കോട്ടാലിന്റെ ഗോളില്‍ എ.ടി.കെ സമനില പിടിച്ചു. 57ാം മിനുട്ടില്‍ റിഷാദിന്റെ ഗോളിലൂടെ ഗോകുലം വീണ്ടും മുന്നിലെത്തി.
സമനില ഗോളിനായി എ.ടി.കെ പൊരുതുന്നതിനിടെ ഗോകുലത്തിന്റെ മൂന്നാം ഗോളും പിറന്നു. ഫഌച്ചറിന്റെ പാസില്‍ നിന്ന് ലൂക്ക തന്നെയായിരുന്നു ഗോകുലത്തിന് മൂന്നാം ഗോള്‍ സമ്മാനിച്ചത്. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ജയം കൊതിച്ച എ.ടി.കെ ഗോളിനായി കഠിന ശ്രമം നടത്തികൊണ്ടിരുന്നു. പക്ഷെ ഗോള്‍ ശ്രമങ്ങളെല്ലാം ഗോകുലം പ്രതിരോധം പരാജയപ്പെടുത്തിക്കൊണ്ടിരുന്നു. ഒടുവില്‍ 80ാം മിനുട്ടില്‍ ലഭിച്ച ഫ്രീ കിക്കില്‍ നിന്ന് ലിസ്റ്റന്‍ കൊളാസോയുടെ ഗോള്‍ വന്നു. ഇതോടെ സ്‌കോര്‍ 3-2 എന്ന നിലയിലായി.
സമനില ഗോളിനായി എ.ടി.കെ താരങ്ങള്‍ മുഴുവന്‍ ഗോകുലത്തിന്റെ ഗോള്‍ മുഖം അക്രമിച്ചുകൊണ്ടിരുന്നു. ഈ സമയത്ത് വീണുകിട്ടിയ അവസരം ഗോകുലം മുതലെടുത്ത് സ്‌കോര്‍ 4-2 എന്നാക്കി മാറ്റി. 89ാം മിനുട്ടില്‍ ലൂക്കയുടെ പാസില്‍ നിന്ന് ജിതിനാണ് നാലാം ഗോള്‍ നേടിയത്. കൂടുതല്‍ ഗോളുകള്‍ നേടാന്‍ ഗോകുലത്തിന് അവസരം ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. ജയത്തോടെ ഗ്രൂപ്പ് ഡിയില്‍ മൂന്ന് പോയിന്റുമായി ഗോകുലം കേരളയാണ് ഇപ്പോള്‍ ഒന്നാമത്. 21ന് മാള്‍ഡീവ്‌സ് ക്ലബായ മസിയക്കെതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.