അവസാന മിനുറ്റിൽ ഗോൾ; രാജസ്ഥാൻ യുണൈറ്റഡിനെതിരെ തോൽവി ഒഴിവാക്കി ഗോകുലം

രാജസ്ഥാൻ യുണൈറ്റഡിനെതിരെ ഐ-ലീഗിൽ അപ്രതീക്ഷിത തോൽവി ഒഴിവാക്കി ഗോകുലം കേരള.
27ആം മിനുറ്റിൽ സർദോർ ജഖോനോവ് നേടിയ പെനാൽറ്റി ഗോളിൽ മുന്നിലെത്തിയ രാജസ്ഥാൻ യുണൈറ്റഡ് അപ്രതീക്ഷിത വിജയം സ്വന്തമാക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും, മത്സരത്തിന്റെ 90ആം മിനുറ്റിൽ റൊണാൾഡ് സിംഗ് നേടിയ ഗോളിന് ഗോകുലം സമനില കരസ്ഥമാക്കുകയായിരുന്നു.
ലീഗിലെ കരുത്തർക്കെതിരെ വിജയത്തിനടുത്തെത്തിയ രാജസ്ഥാൻ യുണൈറ്റഡിന് തിരിച്ചടിയായത് മത്സരത്തിന്റെ 66ആം മിനുറ്റിൽ ഒമർ റാമോസിന് ലഭിച്ച റെഡ് കാർഡ് ആണ്. ഇതോടെ, പത്ത് പേരായി ചുരുങ്ങിയ രാജസ്ഥാൻ യുണൈറ്റഡ് പരമാവധി പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും, അവരുടെ ചെറുത്ത്നിൽപ്പ് മറികടന്ന് ഗോകുലം സമനില ഗോൾ കണ്ടെത്തുകയായിരുന്നു.
ഗോകുലത്തിനെതിരെയുള്ള സമനില മോശം റിസൾട്ട് അല്ലെങ്കിലും, വിജയിക്കാവുന്ന മത്സരം കൈവിട്ടു എന്നതും, ഒമർ റാമോസിനും, പ്രതിരോധതാരം അനിൽ ചവാനും റെഡ് കാർഡ് ലഭിച്ചു എന്നതും രാജസ്ഥാൻ യുണൈറ്റഡിന് നിരാശ സമ്മാനിക്കുന്ന കാര്യങ്ങളാണ്.