കെയ്ലിൻ എംബാപ്പെയേക്കാൾ മികച്ച താരം ഔസ്മാൻ ഡെംബലെയാണെന്ന് സെർജ് ഗ്നാബ്രി

By Gokul Manthara
FBL-WC-2018-MATCH64-FRA-CRO
FBL-WC-2018-MATCH64-FRA-CRO / JEWEL SAMAD/GettyImages
facebooktwitterreddit

പിഎസ്‌ജിയുടെ കെയ്ലിൻ എംബാപ്പെയെക്കാൾ മികച്ച താരമാണ് ബാഴ്സലോണയുടെ ഔസ്മാൻ ഡെംബലെയന്ന് ബയേൺ മ്യൂണിക്ക് താരം സെർജ് ഗ്നാബ്രി. കഴിഞ്ഞ ദിവസം ഒരു ടിവി ഡോക്യുമെന്ററിയിൽ ബയേണിലെ തന്റെ സഹതാരങ്ങളുമായി നടത്തിയ സംവാദത്തിനിടെയായിരുന്നു ഫ്രഞ്ച് താരങ്ങളായ ഡെംബലെ, എംബാപ്പെ എന്നിവരിൽ കൂടുതൽ മികച്ചു നിൽക്കുന്നത് ബാഴ്‌സ താരമാണെന്ന് ഗ്നാബ്രി അഭിപ്രായപ്പെട്ടത്.

"എംബാപ്പെയേക്കാൾ മികച്ചതാണ് ഡെംബലെ," ആമസോൺ പ്രൈം വീഡിയോയിൽ ബയേണിലെ സഹതാരങ്ങളായ തോമസ് മുള്ളർ, ജോഷ്വ കിമ്മിച്ച് എന്നിവരുമായി നടത്തിയ ചർച്ചയിൽ ഗ്നാബ്രി പറഞ്ഞു. എന്നാൽ മികച്ചത് എന്നത് കൊണ്ട് എന്താണ് താങ്കൾ ഉദ്ദേശിക്കുന്നതെന്നായിരുന്നു ഗ്നാബ്രിയോട് മുള്ളറുടെ ചോദ്യം. ഡെംബലെയെപ്പോലെ ഡ്രിബിൾ ചെയ്യാനാകുമെങ്കിൽ താനും മികച്ചതാകുമെന്നും ഇതിനൊപ്പം അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം, ഗ്നാബ്രി, കിങ്സ്ലി കോമൻ എന്നിവരേക്കാൾ താഴെയാണ് ഡെംബലെയെന്ന് അഭിപ്രായപ്പെട്ട കിമ്മിച്ച്, ഈ ചർച്ച തന്നെ അലോസരപ്പെടുത്തുന്നെന്നും കൂട്ടിച്ചേർത്തു. " ഡെംബലെ, ഗ്നാബ്രി, കോമൻ എന്നിവരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കാൻ എന്നോട് ആവശ്യപ്പെട്ടാൽ ഞാൻ എപ്പോളും ഗ്നാബ്രിയേയോ, കോമനേയോ ആകും തിരഞ്ഞെടുക്കുക. ഈ‌ ഡെംബലെ ചർച്ച എന്നെ അലോസരപ്പെടുത്തുന്നു," കിമ്മിച്ച് പറഞ്ഞു.

അതേ സമയം ഡെംബലെ, എംബാപ്പെ എന്നിവരിൽ മികച്ച താരം ആരെന്ന കാര്യത്തിൽ പലർക്കും വ്യത്യസ്ത അഭിപ്രായമാണുള്ളതെങ്കിലും കണക്കുകളിൽ എംബാപ്പെ വളരെ മുകളിലാണെന്നതാണ് സത്യം. ക്ലബ്ബ് കരിയറിൽ 245 മത്സരങ്ങളിൽ നിന്ന് 138 ഗോളുകൾ നേടിയിട്ടുള്ള എംബാപ്പെ 10 അഭ്യന്തര കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ദേശീയ തലത്തിൽ 51 മത്സരങ്ങളിൽ നിന്ന് 19 ഗോളുകളാണ് അദ്ദേഹം സ്കോർ ചെയ്തിട്ടുള്ളത്. ഡെംബലെയാകട്ടെ ക്ലബ്ബ് തലത്തിൽ കളിച്ച 197 മത്സരങ്ങളിൽ നിന്ന് 52 ഗോളുകൾ മാത്രമാണ് സ്കോർ ചെയ്തിട്ടുള്ളത്. ഫ്രാൻസ് ദേശീയ ടീമിന് വേണ്ടി കളിച്ച 27 മത്സരങ്ങളിൽ നാല് തവണ‌ മാത്രമാണ് അദ്ദേഹത്തിന് വല കുലുക്കാനായത്.


facebooktwitterreddit