Football in Malayalam

പ്രീമിയർ ലീഗ് കിരീടത്തിനു മാഞ്ചസ്റ്റർ സിറ്റിക്ക് വെല്ലുവിളിയാകാൻ ഒരു ടീമിനു മാത്രമേ കഴിയൂവെന്ന് മുൻ ലിവർപൂൾ താരം

Sreejith N
Manchester City v Everton - Premier League
Manchester City v Everton - Premier League / Michael Regan/Getty Images
facebooktwitterreddit

ഇത്തവണത്തെ പ്രീമിയർ ലീഗ് കിരീടത്തിനായുള്ള മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വെല്ലുവിളിയുയർത്താൻ കഴിയുന്ന ഒരേയൊരു ടീം ചെൽസിയാണെന്ന് മുൻ ലിവർപൂൾ താരം ഗ്ലെൻ ജോൺസൺ. തന്റെ മുൻ ക്ലബായ ലിവർപൂളിന് കിരീടപ്പോരാട്ടത്തിൽ മറ്റു ക്ലബുകൾക്കു വെല്ലുവിളിയാകാൻ കഴിയുന്ന തരത്തിൽ കരുത്തുറ്റ സ്‌ക്വാഡില്ലെന്നു വ്യക്തമാക്കിയ ജോൺസൺ റൊണാൾഡോയുടെ സാന്നിധ്യമുണ്ടായിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡിന് കിരീടസാധ്യത കൽപ്പിച്ചിട്ടില്ലെന്നതു ശ്രദ്ധേയമാണ്.

"പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ മറികടക്കാനും അതിനു വേണ്ടി ശ്രമിക്കാനും ഏതു ടീമും കഴിഞ്ഞ സീസണിലേതിനേക്കാൾ മെച്ചപ്പെടേണ്ടത് അനിവാര്യമാണ്. എന്തൊക്കെയായാലും ഏതെങ്കിലുമൊരു ടീമിന് ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കു മേൽ സമ്മർദ്ദം ചെലുത്താൻ കഴിയുമെങ്കിൽ അതു ചെൽസിയാണ്."

"യുവതാരങ്ങൾ നിറഞ്ഞൊരു സ്‌ക്വാഡിനെക്കൊണ്ട് വളരെ മികച്ചൊരു ജോലിയാണ് ടുഷെൽ ചെയ്യുന്നത്. അതിനു പുറമെ അവർ ലോകോത്തര സ്‌ട്രൈക്കറായ ലുക്കാക്കുവിനെ ടീമിലേക്ക് എത്തിക്കുകയും ചെയ്‌തു. ചെൽസി ഈ സീസണിൽ വലിയൊരു വെല്ലുവിളി ആയിരിക്കും," ഗ്ലെൻ ജോൺസൺ പറഞ്ഞത് ഡെയിലി മെയിൽ റിപ്പോർട്ടു ചെയ്‌തു.

അതേസമയം തന്റെ മുൻ ക്ലബായ ലിവർപൂളിനെക്കുറിച്ച് ഗ്ലെൻ ജോൺസൺ അഭിപ്രായപ്പെട്ടത് ഇങ്ങിനെയായിരുന്നു. "മാഞ്ചസ്റ്റർ സിറ്റിയെയും ചെൽസിയെയും വെല്ലുവിളിക്കാൻ തക്ക കരുത്തുറ്റ സ്‌ക്വാഡ് ലിവർപൂളിന് ഇപ്പോഴില്ല. എന്നാൽ അവർക്ക് ലീഗിനു വേണ്ടി പൊരുതാൻ കഴിയുന്ന പതിനാറോളം മികച്ച താരങ്ങളുണ്ട്. എന്നാൽ അവർക്ക് ഫിറ്റ്നസ് ആവശ്യമാണ്."

രണ്ടോ മൂന്നോ താരങ്ങൾക്ക് പരിക്കു പറ്റിയാൽ തന്നെ ലിവർപൂൾ തകർന്നു പോകുമെന്നും എന്നാൽ മാഞ്ചസ്റ്റർ സിറ്റിയുടെ സെക്കൻഡ് ടീമിനു തന്നെ ടോപ് സിക്‌സിലെത്താൻ കഴിയുമെന്നും ജോൺസൺ വ്യക്തമാക്കി. സ്റ്റാർട്ടിങ് ഇലവനിലുള്ള താരങ്ങളെ ഒഴിച്ചു നിർത്തിയാൽ ലിവർപൂൾ ടീം ദുർബലമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.


facebooktwitterreddit