Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനാവാൻ സിദാനെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ അധികൃതരോട് ഗ്ലേസർ കുടുംബം

Ali Shibil Roshan
Zinedine Zidane (right) could replace Ole Gunnar Solskjaer (left) as Man Utd manager
Zinedine Zidane (right) could replace Ole Gunnar Solskjaer (left) as Man Utd manager / Charlie Crowhurst/Getty Images, David S. Bustamante/Soccrates/Getty Images, 90min To insert a text
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനം ഏറ്റെടുക്കാൻ സിനദിൻ സിദാനെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ ക്ലബ് അധികൃതരോട് ക്ലബ് ഉടമകളായ ഗ്ലേസർ കുടുംബം നിർദ്ദേശിച്ചതായി ദി ടൈംസിന്റെ റിപ്പോർട്ട്. വാറ്റ്‌ഫോഡിനെതിരെ 4-1ന് പരാജയപ്പെട്ടതോടെ നിലവിലെ പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയറെ യുണൈറ്റഡ് പുറത്താക്കാൻ സാധ്യതയേറെയാണ്. അത്തരമൊരു സാഹചര്യത്തിലാണ് മുൻ റയൽ മാഡ്രിഡ് പരിശീലകൻ കൂടിയായ സിദാനെ ചുവന്ന ചെകുത്താന്മാർ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ കുറച്ച് നാളുകളിലായി ടീമിന്റെ മോശം ഫോം മൂലം സമ്മർദ്ദത്തിലായ സോൾഷെയർ, ലെസ്റ്റർ സിറ്റി, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി എന്നിവർക്കെതിരെ വഴങ്ങിയ നാണംകെടുത്തുന്ന തോൽവി അതിജീവിച്ച് പരിശീലകസ്ഥാനത്ത് തുടർന്നിരുന്നെങ്കിലും, പ്രീമിയർ ലീഗിൽ നിലവിൽ 16ആം സ്ഥാനത്തുള്ള വാറ്റ്‌ഫോഡിനെതിരെ ഏറ്റ വമ്പൻ പരാജയം അദ്ദേഹത്തിൻറെ പുറത്താക്കലിലേക്ക് വഴി തെളിക്കാനുള്ള സാധ്യതയാണ് കാണുന്നത്.

വാറ്റ്‌ഫോഡിനെതിരായ പരാജയത്തിന് പിന്നാലെ, എമെർജൻസി ബോർഡ് മീറ്റിങ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിളിച്ചിട്ടുണ്ടെന്ന് ദി ടൈംസ് ഉൾപ്പെടെ നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സോൾഷെയറെ പുറത്താക്കുകയാണെങ്കിൽ, അദ്ദേഹത്തിന് നൽകേണ്ട നഷ്ടപരിഹാരം മീറ്റിംഗിലെ അജണ്ടകളിൽ ഒന്നാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

മുൻ റയൽ മാഡ്രിഡ് പരിശീലകനും, നിലവിൽ ഫ്രീ ഏജന്റുമായ സിദാൻ, സോൾഷെയറുടെ പകരക്കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിഗണിക്കുന്ന പരിശീലകരിൽ ഒരാളാണെന്നാണ് പറഞ്ഞ് കേൾക്കുന്നത്. യുണൈറ്റഡ് പരിശീലകനാവാൻ അദ്ദേഹത്തെ പ്രേരിപ്പിക്കാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ ഗ്ലേസർ കുടുംബം ക്ലബ് അധികൃതരോട് നിർദ്ദേശിച്ചതായി റിപ്പോർട്ട് ചെയ്യുന്ന ദി ടൈംസ്, ഇതിനായി മെച്ചപ്പെട്ട ശമ്പള പാക്കേജ് അദ്ദേഹത്തിന് വാഗ്ദാനം ചെയ്യാനും പച്ചക്കൊടി വീശിയിട്ടുണ്ടെന്നും വെളിപ്പെടുത്തുന്നു.

അതേ സമയം, സിദാന് പുറമെ നിലവിലെ ലെസ്റ്റർ സിറ്റി പരിശീലകൻ ബ്രെണ്ടൻ റോഡ്‌ജേഴ്സ്, അയാക്സ് പരിശീലകൻ എറിക് ടെൻ ഹാഗ്, ലോക്കോമോട്ടീവ് മോസ്കോയുടെ ഹെഡ് ഓഫ് സ്പോർട്സ് ആൻഡ് ഡെവലപ്മെന്റ് ആയ റാൽഫ് റാംഗ്‌നിക്ക് എന്നിവരും സോൾഷെയറെ പുറത്താക്കുകയാണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനത്തേക്ക് പറഞ്ഞ് കേൾക്കുന്ന പേരുകളാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit