മാഞ്ചസ്റ്റർ യുണൈറ്റഡിലുള്ള തങ്ങളുടെ 9.5 മില്യൺ ഓഹരികൾ വിൽക്കാൻ ഗ്ലേസർ ഫാമിലി ഒരുങ്ങുന്നു


ഏതാണ്ട് 140 മില്യൺ പൗണ്ടോളം മൂല്യം വരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ 9.5 മില്യൺ 'ക്ലാസ് എ ഓർഡിനറി' ഷെയറുകൾ വിൽക്കാൻ ഒരുങ്ങുകയാണെന്നു ക്ലബ് പ്രഖ്യാപിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമകളായ എഡ്വേഡ് ഗ്ലേസറും കെവിൻ ഗ്ലേസറും നിലവിലുള്ള അവരുടെ ഓഹരികളിൽ ഒരു ഭാഗം ഒഴിവാക്കുകയാണെങ്കിലും ക്ലബിന്റെ അറുപത്തിയൊമ്പതു ശതമാനം ഷെയറുകളുടെയും ഉടമസ്ഥാവകാശവും അവർക്കു തന്നെയായിരിക്കും.
ക്ലബിന്റെ മറ്റൊരു സഹഉടമയായ അവ്രാം ഗ്ലേസർ ഈ വർഷത്തിന്റെ തുടക്കത്തിൽ എഴുപതു മില്യൺ പൗണ്ട് മൂല്യമുള്ള ഓഹരികൾ വിറ്റതിനു പുറമെയാണ് ഗ്ലേസർ ഫാമിലി കൂടുതൽ ഓഹരികൾ വിൽപ്പനക്കു വെക്കുന്നത്. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള 9.5 മില്യൺ ഓഹരികളിൽ ഒരെണ്ണത്തിനു ഏതാണ്ട് 19.62 ഡോളറാണ് മൂല്യമുള്ളത്. അതേ സമയം, സ്റ്റോക്ക് വിൽപ്പനയിൽ നിന്നുള്ള വരുമാനം ഗ്ലേസേഴ്സ് ഫാമിലി ക്ലബിൽ നിക്ഷേപിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Glazer family put Manchester United shares worth £137m up for sale https://t.co/2fBg6GZoit
— The Guardian (@guardian) October 6, 2021
ക്ലാസ് എ ഷെയറുകളെക്കാൾ മൂല്യം കൂടിയ ക്ലാസ് ബി ഷെയറുകൾ ഗ്ലേസർ ഫാമിലി തന്നെയാണ് കാത്തു സൂക്ഷിക്കുന്നത്. അവക്ക് ക്ലബിനുള്ളിൽ പത്തിരട്ടി വോട്ടിങ് അവകാശവും കൂടുതലാണ്. അതുകൊണ്ടു തന്നെ അറുപത്തിയൊൻപതു ശതമാനം ഓഹരികൾ സ്വന്തമായുള്ള ഗ്ലേസർ ഫാമിലിക്ക് ഇപ്പോഴും ക്ലബിൽ വൻ ആധിപത്യമുണ്ട്. അതിനൊപ്പം ക്ലാസ് എ ഓഹരികൾ വിൽപ്പന നടത്തുന്നതിലൂടെ വലിയ ലാഭവും സ്വന്തമാക്കാൻ കഴിയും.
അതേസമയം, ഗ്ലേസർ ഫാമിലി 2005ൽ ക്ലബ്ബിനെ ഏറ്റെടുത്തതു മുതൽ അവരുടെ ഉടമസ്ഥതയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആരാധകർക്ക് വലിയ താൽപര്യമില്ലെന്നത് പല തവണ വ്യക്തമായ കാര്യമാണ്. കഴിഞ്ഞ സീസണിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ യൂറോപ്യൻ സൂപ്പർ ലീഗ് ക്ലബുകളിൽ ഒന്നായി പ്രഖ്യാപിച്ച സമയത്ത് ആരാധകരുടെ കടുത്ത പ്രതിഷേധമാണ് ഗ്ലേസർ ഫാമിലിക്കെതിരെ നടന്നത്.