Football in Malayalam

ലീഗ് കപ്പിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടേറ്റു വാങ്ങി ബയേൺ മ്യൂണിക്ക്

Sreejith N
Borussia Mönchengladbach v Bayern München - DFB Cup: Second Round
Borussia Mönchengladbach v Bayern München - DFB Cup: Second Round / Lars Baron/GettyImages
facebooktwitterreddit

ബൊറൂസിയ മൊൻചെൻഗ്ലാഡ്ബാഷുമായി നടന്ന ഡിഎഫ്‌ബി-പൊകൽ മത്സരത്തിൽ ലീഗ് കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും കനത്ത തോൽവിയേറ്റു വാങ്ങി ബയേൺ മ്യൂണിക്ക്. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ബയേൺ തോൽവി നേരിട്ടത്. ഇതോടെ ജർമൻ കപ്പിൽ നിന്നും ബയേൺ മ്യൂണിക്ക് പുറത്താവുകയും ചെയ്‌തു.

രണ്ടാം മിനുട്ടിൽ തന്നെ മുന്നിലെത്തിയ മൊൻചെൻഗ്ലാഡ്ബാഷിനു വേണ്ടി റാമി ബെൻസെബെയ്‌നി, ബ്രീൽ എംബോളോ എന്നിവർ ഇരട്ടഗോളുകൾ നേടിയപ്പോൾ കൗഡിയോ കോനെയാണ് ടീമിന്റെ മറ്റൊരു ഗോൾ നേടിയത്. ഇരുപത്തിയൊന്ന് മിനുട്ട് പിന്നിട്ടപ്പോൾ തന്നെ മൂന്നു ഗോൾ വഴങ്ങിയ ബയേൺ ലീഗ് കപ്പിലെ മത്സരത്തിൽ അത്രയും ചുരുങ്ങിയ സമയം കൊണ്ട് വഴങ്ങിയ ഏറ്റവും കൂടുതൽ ഗോളുകളെന്ന നാണക്കേടിന്റെ റെക്കോർഡും സ്വന്തമാക്കി.

മത്സരഫലം തന്നെ ഞെട്ടിച്ചുവെന്നാണ് ബയേൺ സ്പോർട്ടിങ്‌ ഡയറക്ടർ സാലിഹാമിസിച്ച് പറഞ്ഞത്. ബയേൺ മത്സരത്തിൽ ഉണ്ടായിരുന്നില്ലെന്നും എല്ലാ അർത്ഥത്തിലും അവർ തങ്ങളെ പൂട്ടിയിട്ടുവെന്നും പറഞ്ഞ അദ്ദേഹം ഗ്ലാഡ്ബാഷിനെതിരെയുള്ള കളികൾ കടുപ്പമാകുമെന്ന് അറിയാമെങ്കിലും ഈ തോൽവി വിശദീകരിക്കാൻ പോലും കഴിയാത്ത ഒന്നാണെന്നും അതോടൊപ്പം കൂട്ടിച്ചേർത്തു.

കോവിഡ് ബാധിതനായ കാരണത്താൽ മത്സരം നിയന്ത്രിക്കാൻ എത്താതിരുന്ന പരിശീലകൻ നെഗൽസ്‌മാന്റെ അഭാവമല്ല ഇത്ര വലിയൊരു തോൽവിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. എതിരാളികൾക്ക് യാതൊരു തരത്തിലും വെല്ലുവിളിയുയർത്താൻ ടീമിനു കഴിഞ്ഞില്ലെന്നും കൊച്ചിന്റെ അഭാവം അതിനു കാരണമായി പറയാൻ കഴിയില്ലെന്നും സാലിഹാമിസിച്ച് വ്യക്തമാക്കി.

തുടർച്ചയായ രണ്ടാമത്തെ സീസണിലാണ് ബയേൺ മ്യൂണിക്ക് ലീഗ് കപ്പിന്റെ പ്രീ ക്വാർട്ടർ കാണാതെ പുറത്താവുന്നത്. 1994-95, 1995-96 സീസണുകളിലാണ് ഇതിനു മുൻപ് സമാനമായൊരു അവസ്ഥ ബയേണിനുണ്ടാകുന്നത്. അതിനു പുറമെ 1978ൽ ഫോർട്ടുന ഡ്യൂസെൽഡോർഫിനോട് 7-1ന്റെ തോൽവി വഴങ്ങിയതിനു ശേഷം ആദ്യമായാണ് അഞ്ചു ഗോളിന്റെ മാർജിനിൽ ബയേൺ തോൽവി വഴങ്ങുന്നതും.

facebooktwitterreddit