യൂറോപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പറെന്ന് തിബോ കോർട്ടുവയെ വിശേഷിപ്പിച്ച് ജിയാൻല്യൂജി ഡോണറുമ്മ

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിന് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയപ്പോൾ, ഗോൾവലക്ക് മുൻപിൽ മിന്നും പ്രകടനം കാഴ്ച വെച്ച ഗോൾകീപ്പർ തിബോ കോർട്ടുവയെ പ്രശംസിച്ച് പിഎസ്‌ജി ഗോൾകീപ്പർ ജിയാൻല്യൂജി ഡോണറുമ്മ. യൂറോപ്പിലെ ഏറ്റവും മികച്ച ഗോള്‍കീപ്പറെന്നാണ് കോർട്ടുവയെ ഡോണറുമ്മ വിശേഷിപ്പിച്ചത്.
ഫൈനലില്‍ കുര്‍ട്ടോയിസിന്റെ അത്ഭുത പ്രകടനത്തിന്റെ കരുത്തിലായിരുന്നു റയല്‍ മാഡ്രിഡ് കിരീടം സ്വന്തമാക്കിയത്. റയലിന്റെ ഗോള്‍മുഖത്തേക്ക് ഇരച്ചെത്തിക്കൊണ്ടിരുന്ന ലിവര്‍പൂളിന്റെ ഒന്‍പത് ഷോട്ടുകളാണ് കോർട്ടുവ നിഷ്പ്രഭമാക്കിയത്. ഇതോടെ ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടാനും കുര്‍ട്ടോയിസിന് കഴിഞ്ഞു.
"യൂറോപ്പിലെ ഏറ്റവും മികച്ച ഗോള്‍കീപ്പറാണ് അദ്ദേഹം. അതില്‍ സംശയമില്ല," ഒരു വാര്‍ത്താ സമ്മേളനത്തില്‍ ഡോണറുമ്മ വ്യക്തമാക്കി. "ഞാന്‍ കളികണ്ടു. അവിശ്വസനീയമായ പ്രകടനം. മികച്ച സേവുകള്‍ നടത്തി, മത്സരത്തിന്റെ അവസാനം വരെ റയലിന് ജാഗ്രത പുലർത്താൻ അദ്ദേഹം കാരണമായി," ഡോണറുമ്മ വ്യക്തമാക്കി.
റയലിന്റെ സ്ഥാനത്ത് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പിഎസ്‌ജിയാണ് ഉണ്ടാകേണ്ടതെന്നും ഡോണറുമ്മ തമാശരൂപേണ പറഞ്ഞു. "ഞങ്ങളാണ് ആ സ്ഥാനത്തുണ്ടാകേണ്ടത്. പക്ഷെ നിര്‍ഭാഗ്യവശാല്‍, അതാണ് ഫുട്‌ബോള്‍," ഡോണറുമ്മ കൂട്ടിച്ചേർത്തു.
പ്രീ ക്വാര്‍ട്ടറില്‍ പി.എസ്.ജിയെ പരാജയപ്പെടുത്തിയായിരുന്നു റയല്‍ ഫൈനലിലേക്കുള്ള യാത്ര. പ്രീ ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച പി.എസ്.ജി രണ്ടാം പാദത്തില്‍ 3-1 എന്ന സ്‌കോറിന് പരാജയപ്പെട്ടാണ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുന്നത്. പിന്നീട് ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ എന്നിവരേയും പരാജയപ്പെടുത്തിയാണ് റയല്‍ ചാംപ്യന്‍സ് ലീഗില്‍ കിരീടത്തിൽ മുത്തമിട്ടത്.