Football in Malayalam

ജോർജിന്യോ ബാലൺ ഡി ഓർ അർഹിക്കുന്നുവെന്ന് മുൻ ചെൽസി താരവും സഹപരിശീലകനുമായിരുന്ന സോള

Sreejith N
Italy v England - UEFA Euro 2020: Final
Italy v England - UEFA Euro 2020: Final / Claudio Villa/Getty Images
facebooktwitterreddit

ക്ലബ് സീസൺ പൂർത്തിയായപ്പോഴുണ്ടായിരുന്ന ബാലൺ ഡി ഓർ സമവാക്യങ്ങൾ കോപ്പ അമേരിക്ക, യൂറോ കപ്പ് ടൂർണമെന്റുകൾ പൂർത്തിയായതോടെ മാറി മറിഞ്ഞിട്ടുണ്ട്. ക്ലബ് സീസൺ അവസാനിച്ചപ്പോൾ ബാലൺ ഡി ഓറിനു സാധ്യതയില്ലാതിരുന്ന മെസി കോപ്പ അമേരിക്ക വിജയത്തോടെ പുരസ്‌കാരത്തിനു സാധ്യതയുള്ള താരങ്ങളിൽ മുന്നിലെത്തിയതാണ് ഇതിലുണ്ടായ പ്രധാനപ്പെട്ട മാറ്റം.

എന്നാൽ മെസിയെക്കാൾ ബാലൺ ഡി ഓർ നേടാൻ അർഹതയുള്ള താരം ഇറ്റലിയുടെ ജോർജിന്യോയാണെന്നാണ് ചെൽസിയുടെയും ഇറ്റലിയുടെയും മുൻ താരമായ ജിയാൻഫ്രാങ്കൊ സോള പറയുന്നത്. ഗോളിന്റെയും അസിസ്റ്റുകളുടെയും കണക്കിൽ പിന്നിലാണെങ്കിലും താരം ഇറ്റലിക്കൊപ്പം യൂറോ കിരീടവും ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗും നേടിയത് കണക്കിലെടുക്കണമെന്ന് സോള പറഞ്ഞു.

"ജോർജിന്യോയാണ് ബാലൺ ഡി ഓർ അർഹിക്കുന്നത്. താരം സന്തുലിതാവസ്ഥയും താളവും ടീമിനു നൽകുന്നു. ചെൽസിക്കൊപ്പം താരത്തെ ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. മൗറീസിയോ സാറിയുടെ അസിസ്റ്റന്റ് ആയിരുന്ന എനിക്ക് ജോർജിന്യോ ടീമിന് വേണ്ടി എന്തു നൽകുമെന്ന് വ്യക്തമായറിയാം." സോള പറഞ്ഞത് മാർക്ക റിപ്പോർട്ടു ചെയ്‌തു.

"ജോർജിന്യോ ബാലൺ ഡി ഓർ അർഹിക്കുന്നത് ഉയർന്ന നിലവാരത്തിലുള്ള പ്രകടനം വ്യക്തിപരമായി കാഴ്ച വെച്ചതു കൊണ്ടു മാത്രമല്ല. അതിലുപരിയായി താരം കളിച്ച ടീമുകളും അസാധാരണമായ പ്രകടനമാണ് നടത്തിയത്. അത് കണക്കിലെടുക്കേണ്ട കാര്യമാണെന്നതിൽ സംശയമില്ല." സോള പറഞ്ഞു.

സോളക്ക് പുറമെ ഇറ്റാലിയൻ ടീമിലെ മുന്നേറ്റനിര താരമായ ലോറെൻസോ ഇൻസിനെയും ജോർജിന്യോയാണ് ബാലൺ ഡി ഓർ അർഹിക്കുന്നതെന്ന അഭിപ്രായക്കാരനാണ്. ജോർജിന്യോയുടെ പേര് ബാലൺ ഡി ഓറിനായി ഉയർന്നു കേൾക്കുന്നത് ന്യായമായ കാര്യമാണെന്നും താരം അതർഹിക്കുന്നുവെന്നുമാണ് ഇൻസിനെ പറഞ്ഞത്.

facebooktwitterreddit