Football in Malayalam

ഫൗൾ ചെയ്‌തും ചവുട്ടിയും മെസിയെ തടുക്കാൻ ശ്രമിക്കുന്ന ലാ ലിഗ ക്ലബുകളെ വെളിപ്പെടുത്തി ബാഴ്‌സലോണ സഹപരിശീലകൻ

Sreejith N
FC Barcelona v Athletic Club - La Liga Santander
FC Barcelona v Athletic Club - La Liga Santander / Alex Caparros/Getty Images
facebooktwitterreddit

ലോകത്തിലെ ഏറ്റവും മികച്ച താരമായതു കൊണ്ടും അസാമാന്യമായ ഡ്രിബിളിംഗ് പാടവം കാഴ്‌ച വെക്കുന്നതു കൊണ്ടും കളിക്കളത്തിൽ നിരന്തരം ഫൗളുകൾക്ക് വിധേയമാകാറുള്ള താരമായ ലയണൽ മെസിയെ ചവിട്ടിയും ഫൗൾ ചെയ്‌തും തടുക്കുന്ന ശൈലി കളിക്കളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന ക്ലബുകളുമുണ്ടെന്നു വെളിപ്പെടുത്തി ബാഴ്‌സലോണയുടെ സഹപരിശീലകനായ ആൽഫ്രെഡ് ഷ്രൂഡർ. ഡച്ച് മാധ്യമമായ എഡി സ്പോർട്സിനോട് സംസാരിക്കുമ്പോഴാണ് ഷ്രൂഡർ ഇക്കാര്യം പറഞ്ഞത്.

"ഗെറ്റാഫെ, അത്ലറ്റികോ മാഡ്രിഡ്, അത്‌ലറ്റിക് ബിൽബാവോ എന്നീ ക്ലബുകൾ മെസിയെ തടുക്കാൻ വിലക്കപ്പെട്ട മുറകളെല്ലാം പുറത്തെടുക്കും. ഒരു മത്സരത്തിൽ അഞ്ചോ ആറോ തവണയാണവർ മെസിയെ ഇടിച്ചിടുക. കാണികളില്ലാത്തതു കൊണ്ടു തന്നെ എതിരാളികൾ പരസ്‌പരം പറയുന്നത് നമുക്ക് കേൾക്കാം. മെസിക്ക് പന്ത് ലഭിക്കുമ്പോൾ 'ഫൗൾ ചെയ്യൂ, ചവുട്ടി താഴെയിടൂ' എന്നീ വാക്കുകളാണ് കേൾക്കുക," ഷ്രൂഡർ പറഞ്ഞു.

"എന്നാൽ അത് പരാജയപ്പെടുകയും മെസി അവരെ മറികടക്കുകയും ചെയ്യും. അത്തരം ഫൗളുകൾ നെതർലാൻഡ്സിൽ റെഡ് കാർഡായിരിക്കും. എന്നാൽ സ്പെയിനിൽ അതു മഞ്ഞക്കാർഡാണ്‌, അതിനു ശേഷം കളി തുടരും. വിജയിക്കാൻ എന്തും ചെയ്യുകയെന്ന അർത്ഥത്തിൽ നോക്കുമ്പോൾ അത് രസകരവുമാണ്."

ഈ സീസണിൽ ഓരോ ലാ ലിഗ മത്സരത്തിലും മെസി 2.5 തവണയെങ്കിലും ഫൗളുകൾക്ക് വിധേയമാകുന്നുണ്ടെന്നാണ് കണക്കുകൾ. എന്നാൽ കടുത്ത മുറകളെ അതിജീവിച്ച് ഏറ്റവും മികച്ച പ്രകടനം നടത്തുന്ന മെസി തന്നെയാണ് ലാ ലിഗ ടോപ് സ്കോററും. സീസണിന്റെ ആദ്യഘട്ടത്തിൽ പതറിയ താരം പിന്നീടാണ് തന്റെ ഫോം വീണ്ടെടുത്തത്.

മെസി ബാഴ്‌സലോണ വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാണെങ്കിലും താരം ക്ലബിൽ തൃപ്തനാണെന്നും ഷ്രൂഡർ പറഞ്ഞു. മെസി, പിക്വ, ബുസ്‌ക്വസ്റ്റ്സ് എന്നീ താരങ്ങൾ എല്ലാം നേടിയെങ്കിലും അവർ ക്ലബിനൊപ്പം ഊർജ്ജത്തോടെ തുടരുന്നുണ്ടെന്നു പറഞ്ഞ അദ്ദേഹം ഏഴെട്ടു വർഷങ്ങൾക്കു മുൻപുള്ള ബാഴ്‌സലോണയല്ല ഇപ്പോഴത്തേതെങ്കിലും ടീം മുന്നോട്ടു തന്നെയാണു പോകുന്നതെന്നും വ്യക്തമാക്കി.

facebooktwitterreddit