ബുവേണ്ടിയ തിളങ്ങുന്നത് കുട്ടീന്യോയുടെ ഭാവിയെ ബാധിക്കുമോ? മറുപടി നൽകി സ്റ്റീവൻ ജെറാർഡ്

Gerrard Says Aston Villa Want Coutinho Stay Despite Buendia's Form
Gerrard Says Aston Villa Want Coutinho Stay Despite Buendia's Form / Michael Regan/GettyImages
facebooktwitterreddit

ബ്രസീലിയൻ താരമായ ഫിലിപ്പെ കുട്ടീന്യോയെ വരുന്ന സമ്മറിൽ സ്ഥിരം കരാറിൽ സ്വന്തമാക്കാൻ താൽപര്യമുണ്ടെന്ന് പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ല പരിശീലകൻ സ്റ്റീവൻ ജെറാർഡ്. എമിലിയാനോ ബുവേണ്ടിയ മികച്ച പ്രകടനം നടത്തുന്ന സാഹചര്യത്തിൽ ജനുവരിയിൽ ലോൺ കരാറിലെത്തിയ താരത്തെ അടുത്ത സീസണിലും നിലനിർത്താനുള്ള സാധ്യതകളെപ്പറ്റി സംസാരിക്കുകയായിരുന്നു മുൻ ലിവർപൂൾ താരം കൂടിയായ ജെറാർഡ്.

2023 വരെ മാത്രം ക്ലബുമായി കരാറുള്ള കുട്ടീന്യോയെ ടീമിൽ നിന്നും ഒഴിവാക്കാൻ ബാഴ്‌സലോണക്കും താൽപര്യമുണ്ട്. സമ്മർ ജാലകത്തിൽ പുതിയ താരങ്ങളെ ടീമിന്റെ ഭാഗമാക്കാൻ നിലവിലുള്ള കളിക്കാരിൽ പലരെയും ഒഴിവാക്കിയേ തീരൂ എന്നിരിക്കെ ടീമിൽ നിന്നും പുറത്തു പോകാൻ സാധ്യതയുള്ള താരങ്ങളിൽ പ്രധാനിയാണ് റെക്കോർഡ് തുകക്ക് ബാഴ്‌സലോണ സ്വന്തമാക്കിയ കുട്ടീന്യോ.

"തീർച്ചയായും ഞങ്ങൾക്ക് കുട്ടീന്യോയെ ഇവിടെത്തന്നെ വേണം. പതിനഞ്ചു ദിവസത്തിനുള്ളിൽ ഞങ്ങൾക്ക് അഞ്ചു മത്സരങ്ങൾ കൂടിയുണ്ട്. അതിനാൽ കുട്ടീന്യോക്കും എമിലിയാനോ ബുവേണ്ടിയക്കും അവരെ സംതൃപ്‌തിപെടുത്താൻ കഴിയുന്ന തരത്തിലുള്ള മത്സരസമയം ലഭിക്കും." കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിനു മുൻപ് മാധ്യമങ്ങളോട് സംസാരിക്കേ സ്റ്റീവൻ ജെറാർഡ് പറഞ്ഞു.

മത്സരങ്ങൾ വളരെ കുറഞ്ഞ ദിവസങ്ങളുടെ ഇടവേളയിൽ നടക്കുന്നതിനാൽ കുട്ടീന്യോക്ക് സ്ഥിരമായി ടീമിൽ മുഴുവൻ സമയം കളിക്കാൻ കഴിയില്ലെന്ന ധാരണയുണ്ടെന്നും അതിൽ താരത്തിന് ഈഗോ പ്രശ്‌നങ്ങൾ ഇല്ലെന്നും സ്റ്റീവൻ ജെറാർഡ് പറഞ്ഞു. അവസരങ്ങൾ കുറയുന്നതിൽ കുട്ടീന്യോക്ക് നിരാശയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആസ്റ്റൺ വില്ലയുടെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനമാണ് ബുവേണ്ടിയ നടത്തിയത്. ഈ രണ്ടു മത്സരങ്ങളിൽ ഒരു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയ അർജന്റീനിയൻ താരം അടുത്ത മത്സരങ്ങളിലും തിളങ്ങിയാൽ അത് കുട്ടീന്യോയുടെ അവസരം കുറയാൻ കാരണമാകുമെന്നുറപ്പാണ്. ഇനി ലിവർപൂൾ, ക്രിസ്റ്റൽ പാലസ്, ബേൺലി, മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകളെയാണ് ആസ്റ്റൺ വില്ല നേരിടാനുള്ളത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.