മെസിയോ റൊണാൾഡോയോ ചരിത്രത്തിലെ മികച്ച താരം? മറുപടിയുമായി സ്റ്റീവൻ ജെറാർഡ്


വളരെക്കാലമായി ഫുട്ബോൾ ലോകം ഭരിച്ചു കൊണ്ടിരിക്കുന്ന രണ്ടു താരങ്ങളായ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർ ഈ സീസണിൽ അത്ര മികച്ച ഫോമിലല്ലെങ്കിലും ഇരുവർക്കുമുള്ള ആരാധകപിന്തുണയിൽ യാതൊരു കുറവും സംഭവിച്ചിട്ടില്ല. രണ്ടു താരങ്ങളിൽ ആരാണു മികച്ചതെന്ന കാര്യത്തെ സംബന്ധിച്ച് ഇപ്പോഴും ആരാധകരുടെ ഇടയിൽ തർക്കങ്ങൾ തുടരുകയാണ്.
കഴിഞ്ഞ ദിവസം ലിവർപൂൾ ഇതിഹാസവും നിലവിൽ ആസ്റ്റൺ വില്ല പരിശീലകനുമായ സ്റ്റീവൻ ജെറാർഡും ഈ തർക്കത്തിൽ തന്റെ പ്രതികരണം അറിയിക്കുകയുണ്ടായി. ഓവർലാപ്പ് യൂട്യൂബ് ചാനലിൽ മുൻ ഇംഗ്ലണ്ട് സഹതാരമായ ഗാരി നെവിലിനോട് സംസാരിക്കെ എക്കാലത്തെയും മികച്ച താരം ആരാണെന്ന ചോദ്യത്തിനു "എനിക്കത് ലയണൽ മെസിയാണ്" എന്നാണു ജെറാർഡ് മറുപടി നൽകിയത്.
"Lionel Messi for me." ?https://t.co/lySZVvbWi0
— FootballJOE (@FootballJOE) April 14, 2022
അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രശംസിക്കാനും ജെറാർഡ് മറന്നില്ല. താരം ഒരു പ്രതിഭാസമാണെന്നും തനിക്കൊരിക്കലും റൊണാൾഡോയെ വില കുറച്ച് കാണാൻ കഴിയില്ലെന്നും ജെറാർഡ് പറഞ്ഞു. ഈ രണ്ടു താരങ്ങളുടെയും കാലഘട്ടവും അവർ സ്വന്തമാക്കിയ നേട്ടങ്ങളും മറ്റാർക്കെങ്കിലും ആവർത്തിക്കാൻ കഴിയുമോയെന്ന കാര്യം അറിയില്ലെന്നും ആസ്റ്റൺ വില്ല പരിശീലകൻ പറഞ്ഞു.
അതേസമയം തന്റെ ഫൈവ്-എ-സൈഡ് ടീമിൽ റൊണാൾഡോ ഇടം പിടിക്കില്ലെന്നും ജെറാർഡ് വ്യക്തമാക്കി. റൊണാൾഡോ മികച്ച താരമാണെങ്കിലും വ്യക്തിരക്തമായ കളിക്കാരേക്കാൾ ടീം പ്ലേയേഴ്സിനെയാണ് തനിക്ക് താത്പര്യമെന്നാണ് ജെറാർഡ് പറയുന്നത്. റൊണാൾഡോ വിജയങ്ങൾ നേടിത്തരുമെങ്കിലും ഒരു ടീമെന്ന നിലയിൽ എന്താണ് നേടുകയെന്നതിനാണ് താൻ കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.