Football in Malayalam

കഴിഞ്ഞ ലോകകപ്പിലെ നാണക്കേടുകൾ മറക്കാനും പടിയിറങ്ങുന്ന ജോക്കിം ലോക്ക് മികച്ച യാത്രയയപ്പ് നൽകാനും ജർമനി

Sreejith N
Germany v Latvia - International Friendly
Germany v Latvia - International Friendly / Lars Baron/Getty Images
facebooktwitterreddit

ജർമനിയെന്നു കേൾക്കുമ്പോൾ ഏതു ടീമും ഭയപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും ഇത്തവണ നടക്കാനിരിക്കുന്ന യൂറോ കപ്പിലെത്തുമ്പോൾ ജോക്കിം ലോയും സംഘവും തങ്ങളുടെ മികവിന്റെ കാര്യത്തിൽ വളരെയധികം താഴേക്കു പോയിരിക്കുന്നുവെന്നതിൽ സംശയമില്ല. 2014ലെ ലോകകിരീടം സ്വന്തമാക്കിയ ടീം അതിനു ശേഷം 2017ൽ കോൺഫെഡറേഷൻസ് കപ്പും നേടിയെങ്കിലും അവിടെ നിന്നങ്ങോട്ട് കളിക്കളത്തിലെ തിരിച്ചടികൾ കൊണ്ടാണ് ജർമനി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

കഴിഞ്ഞ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെയുള്ള അപ്രതീക്ഷ പുറത്താവലും അതിനു ശേഷം കഴിഞ്ഞ യുവേഫ നാഷൻസ് ലീഗിൽ സ്പെയിനോട് ആറു ഗോളുകളുടെ തോൽവി വഴങ്ങിയതും ജർമനിയുടെ ആരാധകർ മറന്നിരിക്കാൻ സാധ്യതയില്ല. അതുകൊണ്ടു തന്നെ 2006 മുതൽ ദേശീയ ടീം പരിശീലകനായിരുന്ന് നിരവധി നേട്ടങ്ങളിലേക്കു ടീമിനെ നയിച്ച് യൂറോ കപ്പിനു ശേഷം സ്ഥാനമൊഴിയാനിരിക്കുന്ന ജോക്കിം ലോക്ക് തന്റെ ആവനാഴിയിൽ അമ്പുകൾ ഒഴിഞ്ഞിട്ടില്ലെന്നു തെളിയിക്കാനുള്ള അവസരം കൂടിയാണ് ഈ ടൂർണമെന്റ്.

ലഭിക്കാവുന്നതിൽ ഏറ്റവും മികച്ച താരങ്ങളുമായി യൂറോ കപ്പിനെത്തിയിട്ടുള്ള ലോ ടൂർണമെന്റിനു ശേഷം സ്ഥാനമൊഴിയുമെന്നതു കൊണ്ടു തന്നെ ഏറ്റവും മികച്ച യാത്രയയപ്പ് അദ്ദേഹത്തിന് നൽകാനായിരിക്കും കളിക്കാർ ശ്രമിക്കുക. എന്നാൽ ലാത്‌വിയക്കെതിരെ നടന്ന കഴിഞ്ഞ സന്നാഹ മത്സരത്തിൽ ഏഴു ഗോളുകൾ അടിച്ചു കൂട്ടിയെങ്കിലും ടൂർണമെന്റിലെ ഏറ്റവും കരുത്തരായ ടീമുകളായ ഫ്രാൻസും പോർച്ചുഗലും ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്നും അവരെ മറികടന്നു മുന്നേറാനുള്ള കരുത്ത് ജർമനിക്കുണ്ടെന്ന കാര്യത്തിൽ സംശയമുണ്ട്.

ടീമിന്റെ കരുത്ത്

ജർമൻ ടീമിന്റെ ഏറ്റവും വലിയ കരുത്ത് അവരുടെ മധ്യനിരയാണെന്ന് നിസംശയം പറയാം. ഒന്നിനൊന്നു മികച്ച, നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും പ്രതിഭയുള്ള മധ്യനിര താരങ്ങളുടെ കൂട്ടത്തിൽ ചേർത്തു പറയാവുന്ന ടോണി ക്രൂസ്, ലിയോൺ ഗൊരേട്സ്ക, ജോഷ്വ കിമ്മിച്ച്, ഇൽകെയ് ഗുൻഡോഗൻ എന്നിവരാണ് ജർമൻ ടീമിന്റെ മധ്യനിരയിൽ കളിക്കാനിറങ്ങുക. ഇതിൽ ക്രൂസോഴികെ ബാക്കിയെല്ലാ താരങ്ങളും ക്ലബിനൊപ്പം മികച്ച സീസൺ പൂർത്തിയാക്കിയാണ് വന്നിരിക്കുന്നത്.

മുന്നേറ്റനിരയിലും പ്രതിഭകൾക്ക് യാതൊരു കുറവുമില്ല ജർമൻ ടീമിൽ. സെർജി ഗ്നാബ്രി, ലിറോയ് സാനെ എന്നീ വിങ്ങർമാരും ടിമോ വെർണറെന്ന സ്‌ട്രൈക്കറും ടീമിനൊപ്പം ഇണങ്ങിച്ചേർന്നാൽ ഏതു പ്രതിരോധത്തെയും പൊളിക്കാൻ കെൽപ്പുള്ളവരാണ്. ഇവർക്കൊപ്പം മധ്യനിരയെയും മുന്നേറ്റത്തെയും ചേർത്തുകെട്ടുന്ന കണ്ണികളായി കഠിനാധ്വാനിയായ വെറ്ററൻ താരം തോമസ് മുള്ളറും ചെൽസി താരം ഹാവെർട്സും ചേരുന്നത് ജർമനിയുടെ കരുത്ത് പ്രകടമാക്കുന്നു.

ടീമിന്റെ ദൗർബല്യങ്ങൾ

പ്രതിരോധമാണ് ജർമനിയെ സംബന്ധിച്ച് പ്രധാന ദൗർബല്യം. ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗുയർത്തിയ അന്റോണിയോ റൂഡിഗർ ഇക്കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയത് പ്രതീക്ഷയാണെങ്കിലും വെറ്ററൻ താരമായ മാറ്റ് ഹമ്മൽസ് അദ്ദേഹത്തിനൊപ്പം ചേരുന്നത് എത്രത്തോളം ജർമൻ പ്രതിരോധത്തെ കെട്ടുറപ്പോടെ നിലനിർത്തുമെന്നു കണ്ടറിയേണ്ടതാണ്. സ്പെയിനിനെതിരെ ആറു ഗോൾ വഴങ്ങിയ മത്സരവും ചേർത്ത് കഴിഞ്ഞ പതിനൊന്നു മത്സരങ്ങളിൽ ജർമനി രണ്ടു ക്ളീൻ ഷീറ്റ് മാത്രമാണ് നേടിയിരിക്കുന്നത്.

റുഡിഗർക്ക് ആദ്യ ഇലവനിൽ സ്ഥാനമുറപ്പാണെങ്കിലും പങ്കാളിയായി ഹമ്മൽസ്, സുളെ എന്നിവരിൽ ആരായിരിക്കും കൂടെയുണ്ടാവുകയെന്നത് വ്യക്തമല്ല. ടീമിന്റെ ഗോൾകീപ്പിങ് ഡിപ്പാർട്മെന്റും അത്ര ശക്തമാണെന്നു പറയാൻ കഴിയില്ല. പരിക്ക് മൂലം മാർക് ആന്ദ്രേ ടെർ സ്റ്റീഗൻ പുറത്തായതോടെ ന്യൂയർ മാത്രമാണ് സ്‌ക്വാഡിലെ വിശ്വസ്‌തനായ ഗോൾകീപ്പർ.

പ്രധാന താരങ്ങൾ

ജോഷുവ കിമ്മിച്ച്, ടോണി ക്രൂസ്, അന്റോണിയോ റൂഡിഗർ, ലിയോൺ ഗോരേറ്സ്ക, കയ് ഹാവേർട്സ്, ടിമോ വെർണർ

ജർമനി യൂറോ കപ്പ് സ്‌ക്വാഡ്:

ഗോൾകീപ്പർ: മാനുവൽ ന്യൂയർ, ബെർണാഡ് ലെനോ, കെവിൻ ട്രാപ്പ്

പ്രതിരോധം: മാറ്റ് ഹമ്മൽസ്, അന്റോണിയോ റുഡിഗർ, മാതിയാസ്‌ ജിന്റർ, എമറേ ചാൻ, നിക്കോളാസ് സുളെ, ലൂക്കാസ് ക്ളോസ്റ്റർമാൻ, റോബിൻ കോച്ച്, റോബിൻ ഗോസെൻസ്, ക്രിസ്ത്യൻ ഗുണ്ടർ

മധ്യനിര: ടോണി ക്രൂസ്, തോമസ് മുള്ളർ, ജോഷുവ കിമ്മിച്ച്, ഇൽകെയ് ഗുൻഡോഗൻ, ലിയോൺ ഗോരേറ്സ്ക, കയ് ഹാവേർട്സ്, ഫ്ലോറിയാൻ നെഹുവാസ്, ജോനാസ് ഹോഫ്‌മാൻ, ജമാൽ മുസിയാല

മുന്നേറ്റനിര: ടിമോ വെർണർ, ലെറോയ് സാനെ, സെർജി ഗ്നാബ്രി, കെവിൻ വോളൻഡ്


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit