Football in Malayalam

ബാഴ്‌സലോണയിലേക്ക് വന്നാൽ അവസരങ്ങൾ ലഭിക്കില്ലെന്നു പറഞ്ഞ് ഡി ലൈറ്റിനെ പിന്തിരിപ്പിച്ചത് ജെറാർഡ് പിക്വ

Sreejith N
Matthijs de Ligt of Juventus Fc  during warm up before the...
Matthijs de Ligt of Juventus Fc during warm up before the... / Marco Canoniero/GettyImages
facebooktwitterreddit

അയാക്‌സിൽ നിന്നും മാത്തിയാസ് ഡി ലൈറ്റ് ബാഴ്‌സലോണയിൽ എത്താനുള്ള സാധ്യതകൾ ഇല്ലാതാക്കിയതിൽ ജെറാർഡ് പിക്വക്ക് നിർണായക പങ്കുണ്ടെന്നു റിപ്പോർട്ടുകൾ. ബാഴ്‌സലോണയിലേക്കു വന്നാൽ അവസരങ്ങൾ ലഭിക്കില്ലെന്നു പിക്വ നെതർലാൻഡ്‌സ് പ്രതിരോധ താരത്തിനു മുന്നറിയിപ്പു നൽകിയതായി സ്‌പാനിഷ്‌ മാധ്യമം സ്പോർട്ട് വ്യക്തമാക്കുന്നു.

2019ലാണ് ഡി ലൈറ്റിനെ ബാഴ്‌സലോണ സ്വന്തമാക്കാൻ ശ്രമിച്ചത്. ഡി ജോങിനൊപ്പം ഡി ലൈറ്റിനെയും ടീമിൽ എത്തിക്കാൻ കാറ്റലൻ ക്ലബ് ശ്രമങ്ങൾ നടത്തിയെങ്കിലും ഡച്ച് താരം യുവന്റസിലേക്കാണ് ചേക്കേറിയത്. ഡി ലൈറ്റിന് ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ വളരെയധികം താൽപര്യം ഉണ്ടായിരുന്നെങ്കിലും പിക്വയുടെ വാക്കുകളാണ് മനസു മാറ്റിയതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

കരീബിയനിൽ വെച്ച് ഒഴിവുദിവസങ്ങളിൽ ഡി ലൈറ്റ് പിക്വയെ കണ്ടപ്പോഴാണ് ബാഴ്‌സലോണയിൽ അവസരങ്ങൾ ലഭിക്കില്ലെന്ന മുന്നറിയിപ്പ് സ്‌പാനിഷ്‌ താരം നൽകിയത്. ഏണസ്റ്റോ വാൽവെർദെ പരിശീലകൻ ആയിരുന്ന ആ സമയത്ത് പിക്വയും ലെങ്ലെറ്റും ആയിരുന്നു ബാഴ്‌സലോണയുടെ പ്രധാന പ്രതിരോധതാരങ്ങൾ. ഡി ലൈറ്റ് ക്ലബിലെത്തിയാൽ കളിക്കേണ്ടിയിരുന്നത് പിക്വയുടെ പൊസിഷനിലും ആയിരുന്നു.

പിക്വ നൽകിയ മുന്നറിയിപ്പിൽ മനസു മാറിയാണ് ഡി ലൈറ്റ് ബാഴ്‌സലോണ ട്രാൻസ്‌ഫർ വേണ്ടെന്നു വെച്ച് യുവന്റസിലേക്ക് ചേക്കേറാൻ തീരുമാനിച്ചത്. പിക്വ ഈ സംഭവം നിരാകരിച്ചെങ്കിലും ഡി ലൈറ്റും താരത്തിന്റെ ഏജന്റായ മിനോ റയോലയും അതു നിഷേധിച്ചിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ബാഴ്‌സലോണയെ സംബന്ധിച്ച് അന്നു ഡി ലൈറ്റിനെ ടീമിനെ ഭാഗമാക്കാൻ കഴിയാതിരുന്നത് വലിയ തിരിച്ചടി തന്നെയായിരുന്നു. നിലവിൽ ബാഴ്‌സ നേരിടുന്ന പ്രധാന പ്രശ്‌നവും പ്രതിരോധത്തിൽ തന്നെയാണ്. അടുത്ത സമ്മറിൽ പുതിയ താരങ്ങളെ സ്വന്തമാക്കി ഇതിനു പരിഹാരം കാണുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit