Football in Malayalam

സാവിയുടെ പുതിയ നിയമങ്ങൾ പിക്വയെയും ബാധിച്ചു, നേരത്തെ തീരുമാനിച്ച ടെലിവിഷൻ ഇന്റർവ്യൂ ഒഴിവാക്കി ബാഴ്‌സ താരം

Sreejith N
Atletico Madrid v FC Barcelona - La Liga Santander
Atletico Madrid v FC Barcelona - La Liga Santander / Soccrates Images/GettyImages
facebooktwitterreddit

ബാഴ്‌സലോണ പരിശീലകനായി സ്ഥാനമേറ്റെടുത്ത സാവി ക്ലബ്ബിനെ മാറ്റിയെടുക്കാനുള്ള പ്രവർത്തനങ്ങൾ ഓരോന്നായി നടപ്പിലാക്കി കൊണ്ടിരിക്കയാണ്. ഫസ്റ്റ് ടീമിലുണ്ടായിരുന്ന മൂന്നു വിവിധ പരിശീലകരെയും രണ്ടു സ്‌കൗട്ടുകളെയും ഒഴിവാക്കി തന്റെ പ്രവർത്തനം ആരംഭിച്ച സാവിയുടെ പുതിയ നിയമങ്ങൾ കൊണ്ട് ടീമിലെ പ്രതിരോധ താരവും നായകന്മാരിൽ ഒരാളുമായ ജെറാർഡ് പിക്വക്കും പണി കിട്ടിയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

സ്‌പാനിഷ്‌ മാധ്യമമായ കോപ്പിനെ അടിസ്ഥാനമാക്കി സ്‌പോർട് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം സാവി പരിശീലകനായി എത്തിയതോടെ അടുത്തയാഴ്‌ച എൽ ഹോർമിങ്ക്വരെ ടിവിയിൽ പാബ്ലോ മോട്ടോസുമായി നടത്താനിരുന്ന അഭിമുഖം പിക്വക്ക് ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. സാവി ക്ലബിനുള്ളിൽ കൊണ്ടുവന്ന പുതിയ നിർദ്ദേശങ്ങൾ ഇന്റർവ്യൂ ഒഴിവാക്കപ്പെടുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

നിലവിൽ ഇന്റർനാഷണൽ ബ്രേക്ക് ആണെങ്കിലും ഇന്നലെ പരിശീലന സെഷൻ ആരംഭിച്ച സാവി ഏർപ്പെടുത്തിയ നിയമങ്ങൾ ഫുട്ബോളിനു പുറത്ത് താരങ്ങൾ അമിതമായി ഇടപെടുന്നതിനെ നിയന്ത്രിക്കുന്നുണ്ട്. നിയമങ്ങൾ ഇത്തരം സ്ഥാപനങ്ങളുടെ മുന്നോട്ടു പോക്കിന് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും അതില്ലെങ്കിൽ മോശം അവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് സ്ഥാനം ഏറ്റെടുത്തതിനു ശേഷമുള്ള അഭിമുഖത്തിൽ സാവി പറയുകയും ചെയ്‌തിരുന്നു.

ഫുട്ബോളിനു പുറത്തുള്ള കാര്യങ്ങളിൽ വളരെ ശ്രദ്ധാലുവാണ് പിക്വയെന്നതാണ് ഇതിലെ ശ്രദ്ധേയമായ കാര്യം. ടീമിലെയും ക്ലബിലെയും ഏറ്റവും കരുത്തുറ്റ സാന്നിധ്യമായ പിക്വയുടെ ശീലങ്ങളിൽ സാവിക്ക് മാറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇനി വിട്ടുവീഴ്‌ചയില്ലാത്ത, ആത്മാർത്ഥമായ മനോഭാവം ബാഴ്‌സയിലെ ഓരോ താരങ്ങളിൽ നിന്നും കാറ്റലൻ പരിശീലകൻ പ്രതീക്ഷിക്കുന്നു എന്ന് തന്നെയാണ് അതിനർത്ഥം.

സാവിയെ പരിശീലകനായി അവതരിപ്പിക്കുന്ന ചടങ്ങിൽ പിക്വയും കാറ്റലൻ പരിശീലകനും വളരെ സൗഹാർദപരമായി തന്നെയാണ് പെരുമാറിയത്. അതുകൊണ്ടു തന്നെ അഭിമുഖം ഒഴിവാക്കിയ പിക്വയുടെ നടപടി യുവതാരങ്ങൾക്ക് മാതൃകയാവുന്നതിനു വേണ്ടി കൂടിയാണെന്ന് കണക്കാക്കാൻ കഴിയും.


facebooktwitterreddit