താനടക്കമുള്ള ബാഴ്‌സ താരങ്ങളും ഗ്വാർഡിയോളയും തമ്മിലുള്ള ബന്ധം മോശമായി, ക്ലബ് വിടാനാഗ്രഹിച്ചിരുന്നുവെന്ന് പിക്വ

Sreejith N
FC Barcelona v SD Eibar - La Liga
FC Barcelona v SD Eibar - La Liga / David Ramos/Getty Images
facebooktwitterreddit

ബാഴ്‌സയിൽ പെപ് ഗ്വാർഡിയോളയുടെ അവസാന സീസണിൽ അദ്ദേഹവുമായുള്ള ബന്ധം വളരെ മോശമായി എന്നും ക്ലബ് വിടാൻ ആഗ്രഹിച്ചിരുന്നുവെന്നും വ്യക്തമാക്കി പ്രതിരോധതാരം ജെറാർഡ് പിക്വ. കൊളംബിയൻ പോപ് ഗായിക ഷക്കിറയുമായുള്ള പ്രണയം താൻ ആരംഭിച്ചതിനു ശേഷമാണ് പെപ്പുമായുള്ള ബന്ധം മോശമായതെന്നു പറഞ്ഞ പിക്വ, തനിക്കു മാത്രമല്ല, ടീമിലെ മറ്റു താരങ്ങൾക്കും അദ്ദേഹവുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കി.

ഗ്വാർഡിയോള പരിശീലകനായിരിക്കെ ചരിത്രനേട്ടങ്ങൾ സ്വന്തമാക്കിയ ബാഴ്‌സലോണയിലുണ്ടായിരുന്ന താരങ്ങളിൽ ഇപ്പോഴും ടീമിനൊപ്പമുള്ള കളിക്കാരനാണ് പിക്വ. ഗ്വാർഡിയോളയുടെ അവസാന സീസണിൽ താരങ്ങൾക്ക് അദ്ദേഹത്തോടുള്ള ബന്ധം മോശമാവാൻ അന്നത്തെ റയൽ മാഡ്രിഡ് പരിശീലകനായ മൗറീന്യോയും പെപും തമ്മിലുള്ള മത്സരവും കാരണമായെന്നും പിക്വ സൂചിപ്പിച്ചു.

"ഞാനും അദ്ദേഹവുമായുള്ള ബന്ധം അസ്വസ്ഥമായി തുടങ്ങുന്ന ഒരു സമയമുണ്ടായിരുന്നു. ഞാൻ മാത്രമല്ല, ഡ്രസിങ് റൂം മുഴുവനായും. മൗറീന്യോയുമായുള്ള ഗ്വാർഡിയോളയുടെ മത്സരം വളരെയധികം വീർപ്പു മുട്ടിക്കുന്ന ഒന്നായിരുന്നു. സംഭവിക്കുന്ന എല്ലാ കാര്യങ്ങളുടെയും പൂർണമായ നിയന്ത്രണം പെപ്പിന് ആവശ്യമായിരുന്നു." ലാ സൊറ്റാനയോട് സംസാരിക്കുമ്പോൾ പിക്വ പറഞ്ഞു.

"ഷക്കിറയുമായുള്ള പ്രണയം ആരംഭിച്ചതോടെ പെപ്പുമായുള്ള ബന്ധം മാറിത്തുടങ്ങി. ഇപ്പോഴത് നല്ല രീതിയിലാണെങ്കിലും അന്നെനിക്ക് നല്ല സമ്മർദ്ദമുണ്ടായി. ട്രെയിനിങ്ങിൽ എല്ലാം വളരെ കൃത്യമായി ചെയ്യണമെന്നും എനിക്ക് തോന്നിയിരുന്നു. ബാഴ്‌സ വിടണമെന്ന് എന്നെങ്കിലും ഞാൻ കരുതിയിട്ടുണ്ടെങ്കിൽ അത് 2011-12 സീസണിലാണ്. അദ്ദേഹത്തിനോടൊപ്പമുള്ള ആ വർഷം ഞാൻ വളരെയധികം ബുദ്ധിമുട്ടി." പിക്വ വ്യക്തമാക്കി.

2008ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ബാഴ്‌സയിലെത്തിയ പിക്വ ആ സീസണിൽ ട്രെബിൾ കിരീടങ്ങൾ സ്വന്തമാക്കിയ പെപ് ഗ്വാർഡിയോളയുടെ ടീമിലെ നിർണായക സ്വാധീനമായിരുന്നു. മൗറീന്യോ സ്ഥാനമേറ്റെടുത്തതിനു ശേഷം 2012ലെ ലാ ലിഗ റയൽ മാഡ്രിഡ് സ്വന്തമാക്കിയതോടെ പെപ് ഗ്വാർഡിയോള ബാഴ്‌സലോണ വിട്ടെങ്കിലും പിക്വ പിന്നീടും ടീമിലെ പ്രധാന താരമായി തുടർന്നു.

facebooktwitterreddit