Football in Malayalam

കരിയറിലെ ഏറ്റവും വലിയ തോൽവി വെളിപ്പെടുത്തി പിക്വ; അതു വരെ ചെയ്തിട്ടില്ലാത്ത കാര്യം അന്ന് ചെയ്തുവെന്നും താരം

Sreejith N
Liverpool v Barcelona - UEFA Champions League Semi Final: Second Leg
Liverpool v Barcelona - UEFA Champions League Semi Final: Second Leg / Visionhaus/Getty Images
facebooktwitterreddit

ബാഴ്‌സലോണ ആരാധകർക്ക് ഒരിക്കലുമുണങ്ങാത്ത മുറിവാണ് 2019ലെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ലിവർപൂൾ സമ്മാനിച്ചത്. ആദ്യപാദത്തിൽ എതിരില്ലാതെ മൂന്നു ഗോളുകൾക്ക് ജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ ലിവർപൂളിന്റെ മൈതാനത്ത് കളിക്കാനിറങ്ങിയ ബാഴ്‌സലോണയെ സലായുടെ അഭാവത്തിലും എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് ചെമ്പട ഫൈനലിലേക്ക് മുന്നേറിയതും, പിന്നീട് ടോട്ടൻഹാം ഹോട്സ്പറിനെ തോല്പിച്ച് കിരീടം സ്വന്തമാക്കിയതും.

ആരാധകർക്കും ബാഴ്‌സലോണ താരങ്ങൾക്കും അവിശ്വസനീയവും അതുപോലെ വേദനയേറിയതുമായ ആ ദിവസത്തെക്കുറിച്ച് പ്രതിരോധതാരമായ പിക്വ കഴിഞ്ഞ ദിവസം സംസാരിക്കുകയുണ്ടായി. സാധാരണയിൽ നിന്നും വ്യത്യസ്‌തമായ രീതിയിലാണ് അന്ന് താനും ആ തോൽവിയോട് പ്രതികരിച്ചതെന്നാണ് സ്പാനിഷ് ടിവി3യുടെ പ്രോഗ്രാമായ നെക്‌സസിനോട് സംസാരിക്കുമ്പോൾ പിക്വ പറഞ്ഞത്.

"ആൻഫീൽഡ്!!" കരിയറിലെ ഏറ്റവും വലിയ തോൽവിയെക്കുറിച്ചുള്ള ബ്രോഡ്‌കാസ്റ്ററുടെ ചോദ്യത്തിന് പിക്വ മറുപടി പറഞ്ഞു. "മത്സരത്തിന് ശേഷം സാധനങ്ങൾ തറയിലേക്ക് വലിച്ചെറിഞ്ഞ് ദേഷ്യം തീർക്കുന്ന സ്വഭാവം എനിക്കില്ല. എന്നാൽ ഒന്നാം പാദത്തിലുണ്ടായ മുൻ‌തൂക്കം രണ്ടാം പാദത്തിൽ തുലച്ചതോർത്ത് ഞാനതാണ് അന്ന് ചെയ്‌തത്‌," പിക്വ വ്യക്തമാക്കി.

ഭാവിയിൽ ബാഴ്‌സലോണ പ്രസിഡന്റാവാനുള്ള സാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോൾ അതിനെക്കുറിച്ച് ഒന്നും ഇപ്പോഴറിയില്ലെന്നും നിലവിൽ താനൊരു ഫുട്ബോൾ താരം മാത്രമാണെന്നും പിക്വ വെളിപ്പെടുത്തി. അതേസമയം നിലവിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ലപോർട്ട ടീമിനെ മികച്ച രീതിയിൽ മാറ്റിയെടുക്കുമെന്ന പ്രതീക്ഷയുണ്ടെന്നും താരം പറഞ്ഞു.

ഈ സീസണിൽ ഭൂരിഭാഗം മത്സരങ്ങളും പരിക്ക് മൂലം നഷ്ടമായ പിക്വ റയൽ മാഡ്രിഡിനെതിരെ ഏപ്രിൽ 10നു നടക്കുന്ന മത്സരത്തിലൂടെ തിരിച്ചു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ലാ ലീഗയിൽ റയലിന് തൊട്ടു മുന്നിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ബാഴ്‌സക്ക് ലീഡ് വർധിപ്പിക്കാനുള്ള സുവർണാവസരമാണ് എൽ ക്ളാസികോ.


facebooktwitterreddit