ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബാഴ്സലോണയില്‍ ചേരുന്നതിന് അടുത്തെത്തിയിരുന്നെന്ന് പിക്വെ

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നതിന് മുൻപ് ബാഴ്സലോണയില്‍ ചേരുന്നതിന് അടുത്തെത്തിയിരുന്നെന്ന് കാറ്റലൻ ക്ലബിന്റെ പ്രതിരോധതാരം ജെറാദ് പിക്വെ. 2004 മുതല്‍ 2008 വരെ റൊണാള്‍ഡോക്കൊപ്പം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിച്ച താരമാണ് പിക്വെ.
ഇബായിയുടെ ട്വിച്ച് ചാനലിൽ സംസാരിക്കുമ്പോഴാണ് പിക്വെ ഇക്കാര്യം വെളിപ്പെടുത്തിയത്. "മാഡ്രിഡിന് വേണ്ടി സൈൻ ചെയ്യുന്നതിന് മുൻപ് ക്രിസ്റ്റ്യാനോ ബാഴ്സയിലേക്ക് ചേക്കേറുന്നതിന് അടുത്തെത്തിയിരുന്നു. അത് പോലെ, വിനീഷ്യസും," പിക്വ വ്യക്തമാക്കി.
എന്നാല്‍, പിന്നീട് 2009ല്‍ റെക്കോര്‍ഡ് തുകയായ 94 മില്യന്‍ യൂറോക്ക് റൊണാള്‍ഡോ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുകയായിരുന്നു. റയല്‍ മാഡ്രിഡിലെത്തിയ റൊണാൾഡോ കരിയറിന്റെ ഏറിയ ഭാഗവും സ്പാനിഷ് ക്ലബിനൊപ്പമാണ് ചിലവഴിച്ചത്.
റയലിനായി 438 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ റൊണാൾഡോ 450 ഗോളുകൾ സ്വന്തം പേരില്‍ ചേർത്തതിന് ശേഷമായിരുന്നു സ്പാനിഷ് ക്ലബിനോട് വിടപറഞ്ഞത്. പിന്നീട് യുവന്റസിലെത്തിയ ക്രിസ്റ്റ്യാനോ അവിടെയും മികച്ച പ്രകടനമായിരുന്നു പുറത്തെടുത്ത്. നിയോഗം പോലെ വീണ്ടും ക്രിസ്റ്റിയാനോ താരത്തിന്റെ ആദ്യ ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് എത്തിയിരിക്കുകയാണിപ്പോള്‍.
നിലവില്‍ യുണൈറ്റഡിന്റെ മുന്നേറ്റത്തിലെ പ്രധാന താരമാണ് ക്രിസ്റ്റ്യാനോ. എന്നാല്‍ റൊണാൾഡോ രണ്ട് ക്ലബുകള്‍ മാറി യുണൈറ്റഡില്‍ തിരിച്ചെത്തിയെങ്കിലും പിക്വെ ഇപ്പോഴും ബാഴ്സോലണയില്‍ തന്നെ തുടരുന്നുണ്ട്. ബാഴ്സയുടെ പ്രതിരോധത്തിലെ പ്രധാന താരമാണ് പിക്വെ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.