Football in Malayalam

ബാഴ്സലോണക്ക് തിരിച്ചടിയായി പിക്വെയുടെ പരിക്ക്; താരത്തിന് പിഎസ്‌ജിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരം നഷ്ടമായേക്കും

Gokul Manthara
FC Barcelona v Sevilla - Spanish Copa del Rey
FC Barcelona v Sevilla - Spanish Copa del Rey / Soccrates Images/Getty Images
facebooktwitterreddit

കഴിഞ്ഞ ദിവസം സെവിയ്യക്കെതിരെ നടന്ന കോപ്പ ഡെൽ റേ പോരാട്ടത്തിന്റെ രണ്ടാം പാദ സെമിയിൽ ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച് ബാഴ്സലോണയെ ഫൈനലിലേക്ക് നയിച്ച ജെറാർഡ് പിക്വെ പിഎസ്‌ജിക്കെതിരെ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കളിച്ചേക്കില്ല. കാൽമുട്ടിനേറ്റ പരിക്കാണ് ഇതിന് കാരണം. വലത് കാൽമുട്ടിനേറ്റ പരിക്ക് പൂർണമായും ഭേദമാകണമെങ്കിൽ ആഴ്ചകളോളം വിശ്രമം ആവശ്യമായതിനാൽ പിക്വെയില്ലാതെ പിഎസ്‌ജിക്കെതിരായ ജീവന്മരണപ്പോരാട്ടത്തിനിറങ്ങാൻ കറ്റാലൻ ക്ലബ്ബ് നിർബന്ധിതരാകുമെന്നാണ് സൂചന.

കാൽമുട്ടിലെ പരിക്ക് 2020-21 സീസണിലെ ഭൂരിഭാഗം മത്സരങ്ങളിൽ നിന്നും പിക്വെയെ പുറത്തിരുത്തിയിരുന്നു. കഴിഞ്ഞ ദിവസം സെവിയ്യക്കെതിരെ നടന്ന കോപ്പ ഡെൽ റേ സെമിയിൽ ബാഴ്സലോണക്കായി നിർണായക ഗോൾ സ്കോർ ചെയ്ത പിക്വെയുടെ കാൽമുട്ടിന് വീണ്ടും പരിക്ക് പറ്റുകയും മത്സരശേഷം അദ്ദേഹം ചികിത്സ തേടുകയായിരുന്നുവെന്നുമാണ്‌ സൂചനകൾ‌.

വിദഗ്ധ പരിശോധനയിൽ പിക്വെയുടെ വലത് കാൽമുട്ടിന്റെ ആന്തരിക ലാറ്ററൽ ലിഗമെന്റിൽ ഉളുക്കുണ്ടെന്ന് വ്യക്തമായതായി ഇന്നലെ ബാഴ്സലോണ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്‌.
എന്നാൽ താരം എന്ന് കളിക്കളത്തിലേക്ക് മടങ്ങിയെത്തുമെന്ന് വ്യക്തമാക്കാത്ത ബാഴ്സലോണ, പരിക്കിൽ നിന്ന് മുക്തി നേടുന്നതിന് അനുസരിച്ചേ അദ്ദേഹത്തിന്റെ മടങ്ങിവരവ് തീരുമാനിക്കാനാവൂ എന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കുറഞ്ഞത് 4 മത്സരങ്ങളെങ്കിലും പരിക്കിനെത്തുടർന്ന്‌ പിക്വെക്ക് നഷ്ടമാകുമെന്നാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട പോരാട്ടം ഈ മാസം 11ന് പിഎസ്‌ജിക്കെതിരെ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ രണ്ടാം പാദ മത്സരമാണ്. ഇത് കൂടാതെ ഒസാസുന, ഹുയേസ്ക, റയൽ സോസിദാദ് എന്നിവർക്കെതിരായ ‌ലാലീഗ മത്സരങ്ങളും ഈ മുപ്പത്തിനാലുകാരന് നഷ്ടമാകുമെന്നാണ് കരുതപ്പെടുന്നത്.

facebooktwitterreddit