Football in Malayalam

യുവന്റസിനെ 3-0 ന് തകർത്തെങ്കിലും ബാഴ്സലോണ 'തകർന്നിരിക്കുകയാണെന്ന്' തുറന്ന് സമ്മതിച്ച് പിക്വെ

By Gokul Manthara
FC Barcelona  v Juventus - Joan Gamper Trophy
FC Barcelona v Juventus - Joan Gamper Trophy / Eric Alonso/Getty Images
facebooktwitterreddit

ജൊവാൻ ഗാമ്പർ ട്രോഫി മത്സരത്തിൽ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിനെ 3-0 ന് തകർത്തെങ്കിലും, ക്ലബ്ബിൽ നിന്നുള്ള മെസിയുടെ വിടവാങ്ങൽ മൂലം തങ്ങൾ തകർന്നിരിക്കുകയാണെന്ന് തുറന്ന് സമ്മതിച്ച് ബാഴ്സലോണ സൂപ്പർ താരം ജെറാർഡ് പിക്വെ. യുവന്റസിനെതിരായ മത്സരത്തിൽ വിജയിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ലയണൽ മെസിയുടെ വിടവാങ്ങലിൽ പിക്വെ നിരാശ പ്രകടിപ്പിച്ചതും അത് സ്ക്വാഡിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്തുമെന്ന് വ്യക്തമാക്കിയതും.

"മെസിയുടെ വിടവാങ്ങൽ മൂലം ടീം അല്പം തകർന്നിരിക്കുകയാണ്. ആക്രമണത്തിലെ‌ മാന്ത്രികത ഇനി ഞങ്ങൾക്ക് നഷ്ടപ്പെടും. എന്നാൽ ഞങ്ങൾക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. ആരാധകർ ഞങ്ങളിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു.".

" എക്കാലത്തെയും മികച്ച കളികാരനെയാണ് ഞങ്ങൾക്ക് നഷ്ടമായത്. അത് ഞങ്ങളേയും അവനേയും ഏറെ വേദനിപ്പിച്ചു. മുഴുവൻ കഥയും എനിക്കറിയില്ല‌, രണ്ട് കൂട്ടരും പറഞ്ഞത് ഇത് സംഖ്യകളുടെ കാര്യമാണെന്നാണ്. കഴിഞ്ഞ വർഷങ്ങളിലെ മാനേജ്മെന്റിന്റെ സഹായം ഞങ്ങൾക്ക് ലഭിച്ചില്ല. പക്ഷേ ഞങ്ങൾ എഴുന്നേറ്റു വരുമെന്ന് ചരിത്രം കാണിക്കുന്നു."

"ആളുകൾ ശരിക്കും സ്റ്റേഡിയത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ അവരെ ആഹ്ലാദിപ്പിക്കേണ്ടതുണ്ട്. ഞങ്ങൾ വിജയിച്ചു തുടങ്ങേണ്ടതും, അവർക്കായി നല്ല കാര്യങ്ങൾ നൽകേണ്ടതുമുണ്ട്. ഞങ്ങൾക്ക് ആരാധകരെ ഒപ്പം വേണം." പിക്വെ പറഞ്ഞു നിർത്തി.

അതേ സമയം ഔദ്യോഗിക പത്രസമ്മേളനം നടത്തി മെസി ക്ലബ്ബിൽ നിന്ന് വിടവാങ്ങിയ ദിവസം നടന്ന മത്സരത്തിൽ ആധികാരിക ജയമായിരുന്നു യുവന്റസിനെതിരെ ബാഴ്സലോണ നേടിയത്. മൂന്നാം മിനുറ്റിൽ ഡച്ച് താരം മെംഫിസ് ഡീപേയിലൂടെ ഗോൾ സ്കോറിംഗ് തുടങ്ങിയ കറ്റാലൻ ക്ലബ്ബ്, അൻപത്തിയേഴാം മിനുറ്റിൽ മാർട്ടിൻ ബ്രാത്ത്വൈറ്റ്, ഇഞ്ചുറി സമയത്ത് റിക്വി പ്യൂജ് എന്നിവർ നേടിയ ഗോളുകളിൽ വിജയം ഉറപ്പിക്കുകയായിരുന്നു. പ്രീസീസണിൽ യുവന്റസിനെതിരെ ഇത്തരത്തിലൊരു ജയം നേടാനായത് 2021-22 സീസണ് മുൻപ് ബാഴ്സലോണക്ക് നൽകാൻ പോകുന്ന മൈലേജ് ചെറുതായിരിക്കില്ലെന്ന് ഉറപ്പ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit