പ്രീമിയര്‍ ലീഗിലേക്ക് ഞെട്ടിക്കുന്ന തിരിച്ചുവരവിനൊരുങ്ങി വിനാല്‍ഡം

Paris Saint-Germain v Club Brugge KV: Group A - UEFA Champions League
Paris Saint-Germain v Club Brugge KV: Group A - UEFA Champions League / John Berry/GettyImages
facebooktwitterreddit

പ്രീമിയര്‍ ലീഗിലേക്ക് ഞെട്ടിക്കുന്ന തിരിച്ചുവരവിനൊരുങ്ങി പി.എസ്.ജിയുടെ ഡച്ച് താരം ജിയോര്‍ജിഞ്ഞോ വിനാല്‍ഡം. നിലവില്‍ പി.എസ്.ജിക്ക് വേണ്ടി കളിക്കുന്ന വിനാല്‍ഡത്തെ ലോണില്‍ ആഴ്‌സനല്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

താരവും ക്ലബും തമ്മില്‍ കരാറിന്റെ അന്തിമ ഘട്ടത്തിലെത്തിയതായി ഫോര്‍ഫോര്‍ടുവാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് വേണ്ടി കളിച്ചിരുന്ന വിനാല്‍ഡം ഈ സീസണിലായിരുന്നു ആന്‍ഫീല്‍ഡ് വിട്ട് പി.എസ്.ജിയിലെത്തിയത്. കരാര്‍ നീട്ടാന്‍ ലിവര്‍പൂള്‍ തയ്യാറാകാത്തതിനെ തുടര്‍ന്നായിരുന്നു വിനാല്‍ഡം ക്ലബ് വിട്ടത്.

എന്നാല്‍ അര്‍ജന്റീനന്‍ പരിശീലകന്‍ പൊച്ചറ്റീനോക്ക് കീഴില്‍ സന്തുഷ്ടനല്ലെന്ന കാര്യം താരം തന്നെ വ്യക്തമാക്കിയിരുന്നു. കൂടുതല്‍ സമയത്തും ബെഞ്ചിലിരിക്കേണ്ടി വന്നത് കൊണ്ടായിരുന്നു താരം പി.എസ്.ജിയില്‍ സന്തുഷ്ടനല്ലെന്ന് അറിയിച്ചത്. ആഴ്‌സനലിന്റെ മിഡഫീല്‍ഡ് താരങ്ങളായ തോമസ് പാര്‍ടെ, മുഹമ്മദ് എല്‍നെനി എന്നിവര്‍ ആഫ്രിക്കന്‍ നാഷന്‍സ് കപ്പിന് വേണ്ടി നാട്ടിലേക്ക് തിരിച്ചിരിക്കുകയാണ്.

ഈ അവസരത്തില്‍ ഗണ്ണേഴ്‌സിന് പുതിയൊരു മിഡ്ഫീല്‍ഡറെ അത്യാവശ്യമായിരിക്കുകയാണ്. പ്രീമിയര്‍ ലീഗിലെ മറ്റൊരു ക്ലബായ ന്യൂ കാസില്‍ യുണൈറ്റഡ് വിനാല്‍ഡത്തിനായി ശ്രമം നടത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പിന്നീട് നീക്കങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് വിവരം.

ലിവര്‍പൂളിന് വേണ്ടി 237 മത്സരം കളിച്ച വിനാല്‍ഡം 22 ഗോള്‍ നേടിയായിരുന്നു ആന്‍ഫീല്‍ഡ് വിട്ടത്. ഇപ്പോള്‍ പി.എസ്.ജിയില്‍ കളിക്കുന്ന ഡച്ച് താരം ക്ലബിന് വേണ്ടി 19 മത്സരത്തില്‍ നിന്ന് മൂന്ന് ഗോളുകളാണ് സ്വന്തമാക്കിയിട്ടുള്ളത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.