Football in Malayalam

പ്രതീക്ഷിച്ച സാഹചര്യമല്ല ലഭിച്ചത്, പിഎസ്‌ജിയിൽ പൂർണമായും തൃപ്‌തനല്ലെന്ന് വൈനാൽഡം

Sreejith N
Paris Saint-Germain v Manchester City: Group A - UEFA Champions League
Paris Saint-Germain v Manchester City: Group A - UEFA Champions League / Robbie Jay Barratt - AMA/GettyImages
facebooktwitterreddit

താൻ പ്രതീക്ഷിച്ച സാഹചര്യമല്ല പിഎസ്‌ജിയിൽ ലഭിച്ചതെന്നും അതുകൊണ്ടു തന്നെ ഫ്രഞ്ച് ക്ലബിനൊപ്പമുള്ള ജീവിതത്തിൽ പൂർണമായും തൃപ്‌തനാണെനെന്നു പറയാൻ കഴിയില്ലെന്നും നെതർലാൻഡ്‌സ് താരം ജോർജിനോ വൈനാൽഡം. നിലവിൽ അന്താരാഷ്‌ട്ര മത്സരങ്ങൾക്കായി ഹോളണ്ട് ടീമിനൊപ്പമുള്ള താരം ഗോളിനോട് സംസാരിക്കുമ്പോഴാണ് പുതിയ തട്ടകത്തിൽ തനിക്കുള്ള അതൃപ്‌തി വെളിപ്പെടുത്തിയത്.

അഞ്ചു വർഷത്തോളം ലിവർപൂൾ മധ്യനിരയിലെ സ്ഥിര സാന്നിധ്യമായിരുന്ന വൈനാൽഡം കഴിഞ്ഞ സമ്മറിലാണ് ഫ്രീ ട്രാൻസ്‌ഫറിൽ പിഎസ്‌ജിയിലേക്ക് ചേക്കേറിയത്. റൊണാൾഡ്‌ കൂമാനു വളരെയധികം താൽപര്യമുണ്ടായിരുന്ന താരം ബാഴ്‌സയിൽ എത്തുമെന്നാണ് ഏവരും പ്രതീക്ഷിച്ചതെങ്കിലും കൂടുതൽ പ്രതിഫലം ഓഫർ ചെയ്‌ത്‌ ഫ്രഞ്ച് ക്ലബ് താരത്തെ സ്വന്തം തട്ടകത്തിൽ എത്തിക്കുകയായിരുന്നു.

"ഞാൻ പൂർണമായും തൃപ്‌തനാണെന്ന് എനിക്ക് പറയാൻ കഴിയില്ല." ലോകകപ്പ് യോഗ്യത മത്സരത്തിൽ ജിബ്രാൾട്ടറിനെ നേരിടുന്നതിനു മുന്നോടിയായി ഗോളിനോട് സംസാരിക്കുമ്പോൾ പിഎസ്‌ജിയിലെ ജീവിതത്തെക്കുറിച്ചുള്ള ചോദ്യത്തിന് ലിവർപൂളിനു ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് കിരീടങ്ങൾ നേടിക്കൊടുത്തിട്ടുള്ള ഹോളണ്ട് താരം പറഞ്ഞു.

"ഞാൻ ആഗ്രഹിച്ച സാഹചര്യമല്ല എനിക്ക് ലഭിച്ചത്. കഴിഞ്ഞ വർഷങ്ങളിൽ ഞാനൊരുപാട് മത്സരങ്ങളിൽ കളിച്ചിരുന്നു, എപ്പോഴും ആരോഗ്യവാനായിരുന്നതിനു പുറമെ എല്ലാം നന്നായി ചെയ്യാനും കഴിഞ്ഞു. ഇവിടം വ്യത്യസ്‌തമായതു കൊണ്ട് തന്നെ അതിനോട് ഇണങ്ങിച്ചേരേണ്ടതുണ്ട്. അടുത്ത ചുവടു മുന്നോട്ടു വെക്കാൻ ഒരുങ്ങിയിരിക്കെ ഇതു സംഭവിച്ചത് വളരെ ബുദ്ധിമുട്ടുണ്ടാക്കി."

"എന്നാൽ ഇതു ഫുട്ബോളായതു കൊണ്ടു തന്നെ ഞാനത് കൈകാര്യം ചെയ്യാൻ പഠിക്കേണ്ടതുണ്ട്. ഞാനൊരു പോരാളിയാണ്. എനിക്ക് പോസിറ്റിവായിരുന്ന് നിലവിലെ സാഹചര്യങ്ങളെ മാറ്റാൻ പരിശ്രമിക്കുക തന്നെ വേണം." വൈനാൽഡം വ്യക്തമാക്കി.

ഈ സീസണിലിതു വരെ പതിനൊന്നു മത്സരങ്ങളിൽ പിഎസ്‌ജിക്കു വേണ്ടി കളിക്കാനിറങ്ങിയെങ്കിലും ഇതുവരെയും ഒരു ഗോളോ അസിസ്റ്റോ സ്വന്തമാക്കാൻ വൈനാൽഡത്തിനു കഴിഞ്ഞിട്ടില്ല. പിഎസ്‌ജിയിൽ വെറാറ്റി, ഇഡ്രിസ സഖ്യത്തെയാണ് പരിശീലകൻ പോച്ചട്ടിനോ കൂടുതൽ പരിഗണിക്കുന്നതെന്നും താരത്തിന്റെ അതൃപ്‌തിക്കു കാരണമാണ്.

facebooktwitterreddit