ബാഴ്സലോണക്ക് തിരിച്ചടി; യൂറോപ്പ ലീഗ് പ്രീ ക്വാർട്ടർ ആദ്യപാദ മത്സരം ഗവിക്ക് നഷ്ടമാകും

അടുത്ത മാസം നടക്കാനിരിക്കുന്ന യുവേഫ യൂറോപ്പ ലീഗിന്റെ പ്രീ ക്വാര്‍ട്ടറിലെ ആദ്യ പാദ മത്സരം ബാഴ്സലോണയുടെ യുവ താരം ഗവിക്ക് നഷ്ടമാകും. യൂറോപ്പ ലീഗിന്റെ റൗണ്ട്-ഓഫ്-32 രണ്ടാം പാദ മത്സരത്തിൽ നാപോളിക്കെതിരേ മഞ്ഞക്കാര്‍ഡ് കണ്ടതാണ് ഗവിക്ക് വിനയായത്.
ടച്ച്ലൈനിന് പുറത്ത് വെച്ച് നാപോളി താരത്തെ തള്ളിയതിനായിരുന്നു ഗവിക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചത്. സീസണിൽ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലുമായി മൂന്നാം മഞ്ഞക്കാര്‍ഡാണ് ഗവി വാങ്ങുന്നത്. ഇതാണ് പ്രീ ക്വാര്‍ട്ടറിലെ ആദ്യ മത്സരത്തില്‍ നിന്ന് സ്പാനിഷ് യുവതാരത്തെ വിലക്കാന്‍ കാരണം. സ്പോര്‍ടിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ആദ്യ പ്രീ ക്വാര്‍ട്ടര്‍ മത്സരം ഗവിക്ക് നഷ്ടമാവുകയാണെങ്കില്‍ ബാഴ്സോലണയുടെ മധ്യനിര ശ്രദ്ധയോടെ പന്തു തട്ടേണ്ടിവരും. നാപോളിക്കെതിരേയുള്ള മത്സരത്തില്‍ 62ാം മിനുട്ടില്‍ സെര്‍ജിയോ ബുസ്കെറ്റ്സിന് പകരക്കാരനായിട്ടായിരുന്നു ഗവി കളത്തിലെത്തിയത്. മത്സരത്തില്‍ ഗോളൊന്നും സ്വന്തമാക്കാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല.
നാപോളിക്കെതിരെയുള്ള മത്സരം കഴിയാന്‍ ഒരു മിനുട്ട് മാത്രം ബാക്കി നില്‍ക്കെ 93ാം മിനുട്ടിലായിരുന്നു ഗവി മഞ്ഞക്കാര്‍ഡ് കണ്ടത്. മത്സരത്തില്‍ 4-2ന് ജയം സ്വന്തമാക്കിയ ബാഴ്സലോണ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറുകയും ചെയ്തിരുന്നു. ആദ്യ പാദ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചിരിക്കുകയായിരുന്നു. രണ്ടാം പാദത്തില്‍ ബാഴ്സലോണ നേടിയ 4-2 ജയത്തിന്റെ കരുത്തില്‍ 5-3 എന്ന അഗ്രഗേറ്റിനായിരുന്നു ബാഴ്സലോണയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം.
പ്രീ ക്വാര്‍ട്ടറില്‍ തുര്‍ക്കിഷ് ക്ലബായ ഗലാതസറെയാണ് ബാഴ്സോലണയുടെ എതിരാളികള്‍.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.