Football in Malayalam

ബാഴ്‌സലോണക്കു വേണ്ടി നേടിയ മനോഹരഗോളിൽ ലയണൽ മെസിയുടെ നേട്ടം മറികടന്ന് ഗാവി

Sreejith N
FC Barcelona v Elche CF - La Liga Santander
FC Barcelona v Elche CF - La Liga Santander / Alex Caparros/GettyImages
facebooktwitterreddit

എൽഷെക്കെതിരെ ഇന്നലെ നടന്ന ലാ ലിഗ മത്സരത്തിൽ വിജയം നേടിയ ബാഴ്‌സലോണക്കു വേണ്ടി ഗോൾ നേടിയതിലൂടെ ക്ലബിന്റെ ഇതിഹാസതാരമായ ലയണൽ മെസിയുടെ റെക്കോർഡ് മറികടന്ന് ഗാവി. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ബാഴ്‌സലോണ വിജയം നേടിയ മത്സരത്തിൽ ടീമിന്റെ രണ്ടാമത്തെ ഗോളാണ് ഗാവി സ്വന്തമാക്കിയത്. അബ്ദെ, നിക്കോ ഗോൺസാലസ് എന്നിവരാണ് ടീമിന്റെ മറ്റു ഗോളുകൾ നേടിയത്.

ഫൈനൽ തേർഡിൽ നിന്നും പന്തു സ്വീകരിച്ച താരം വളരെ മനോഹരമായൊരു 180 ഡിഗ്രി ടേണിലൂടെ എൽഷെ താരത്തെ മറികടന്നതിനു ശേഷം ബോക്‌സിലേക്ക് പന്തുമായി വേഗത്തിൽ മുന്നേറുകയും മറ്റൊരു താരത്തെക്കൂടി ഡ്രിബിൾ ചെയ്‌തതിനു ശേഷം പോസ്റ്റിന്റെ താഴെ മൂലയിലേക്ക് പന്തെത്തിക്കുകയും ആയിരുന്നു. ഇതോടെ ബാഴ്‌സലോണക്കു വേണ്ടി ഗോൾ നേടുന്ന മൂന്നാമത്തെ പ്രായം കുറഞ്ഞ താരമെന്ന മെസിയുടെ നേട്ടം ഗാവിക്കു പിന്നിലായിപ്പോയി.

ബാഴ്‌സലോണക്കു വേണ്ടി മെസി തന്റെ ആദ്യത്തെ ഗോൾ നേടുന്നത് 17 വർഷവും 331 ദിവസവും പ്രായമുള്ളപ്പോഴാണ്. അതേസമയം ഇന്നലത്തെ ഗോൾ നേടുമ്പോൾ ഗാവിയുടെ പ്രായം 17 വർഷവും 135 ദിവസവുമാണ്. 16 വർഷവും 304 ദിവസവും പ്രായമുള്ളപ്പോൾ ആദ്യ ബാഴ്‌സ ഗോൾ നേടിയ അൻസു ഫാറ്റി, 17 വയസും 53 ദിവസവും പ്രായമുള്ളപ്പോൾ ഗോൾ നേടിയ ബോയൻ കിർക്കിച്ച് എന്നിവർക്കാണ് ഇതിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ.

ഇന്നലത്തെ മത്സരം വിജയിച്ചതോടെ പോയിന്റ് ടേബിളിൽ ഒരു പടി മുന്നിലേക്ക് കേറാൻ ബാഴ്‌സലോണക്ക് കഴിഞ്ഞിട്ടുണ്ട്. നിലവിൽ ഏഴാം സ്ഥാനത്തു നിൽക്കുന്ന ബാഴ്‌സലോണ നാലാം സ്ഥാനത്തുള്ള റയോ വയ്യക്കാനോയെക്കാൾ ഒരു മത്സരം കുറച്ചു കളിച്ച് വെറും മൂന്നു പോയിന്റ് മാത്രം വ്യത്യാസത്തിലാണ് ഏഴാമതു നിൽക്കുന്നത്. അതുകൊണ്ടു തന്നെ മികച്ച പ്രകടനം തുടർന്നാൽ ടോപ് ഫോർ ഉറപ്പിക്കാമെന്ന പ്രതീക്ഷ ടീമിനുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit