Football in Malayalam

ഗാവിയുടെ കരാർ പുതുക്കുന്നതു വൈകുന്നു, ബാഴ്‌സലോണക്ക് ആശങ്ക

Sreejith N
FC Barcelona v RCD Espanyol - La Liga Santander
FC Barcelona v RCD Espanyol - La Liga Santander / David Ramos/GettyImages
facebooktwitterreddit

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതു കൊണ്ടു തന്നെ പുതിയ താരങ്ങളെ സ്വന്തമാക്കാൻ ബാഴ്‌സലോണ വളരെയധികം ബുദ്ധിമുട്ടുകൾ നേരിട്ടു കൊണ്ടിരിക്കയാണ്. എങ്കിലും ടീമിനൊപ്പം മികച്ച പ്രകടനം നടത്തുന്ന യുവതാരങ്ങളെ പുതിയ കരാർ നൽകി നിലനിർത്താൻ ക്ലബ് ശ്രമിക്കുകയാണ്. എന്നാൽ ഈ സീസണിൽ ടീമിനൊപ്പം ഏറ്റവും മികച്ച കളി പുറത്തെടുക്കുന്ന ഗാവിയുടെ കരാർ പുതുക്കൽ വൈകുന്നത് ക്ലബിനു വലിയ ആശങ്കയാണ് സമ്മാനിച്ചിരിക്കുന്നത്.

ബാഴ്‌സലോണ സീനിയർ ടീമിൽ അവസരം ലഭിച്ച് ഏതാനും മത്സരങ്ങൾ കഴിഞ്ഞപ്പോൾ തന്നെ സ്പെയിൻ ദേശീയ ടീമിലേക്ക് വിളി വന്ന താരമാണ് ഗാവി. 2023 ജൂൺ വരെ മാത്രം കരാറുള്ള താരത്തിനായി പ്രീമിയർ ലീഗ് ക്ലബുകളായ ചെൽസി, ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവർ ശ്രമം നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങളുടെ ഇടയിലാണ് ബാഴ്‌സലോണയുമായി കരാർ പുതുക്കുന്നതിൽ തടങ്ങൾ ഉണ്ടാകുന്നത്.

നിരവധി ഓഫറുകൾ ഉണ്ടെങ്കിലും ഗാവിയെ മറ്റൊരു ക്ലബിനു വിട്ടുകൊടുക്കാൻ കഴിയില്ലെന്ന നിലപാടാണ് ബാഴ്‌സലോണയുടെ ടെക്‌നിക്കൽ ഡിപ്പാർട്മെന്റിനുള്ളത്. വെറും പതിനേഴു വയസു മാത്രമേ ഉള്ളൂവെങ്കിലും പുതിയ പരിശീലകനായ സാവി കെട്ടിപ്പടുക്കാൻ പോകുന്ന ടീമിൽ വളരെ പ്രധാനപ്പെട്ട സ്ഥാനം താരത്തിനു ലഭിക്കുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെ ഗാവിയുടെ കരാർ പുതുക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷ ബാഴ്‌സലോണ നേതൃത്വത്തിനുണ്ട്.

മാസങ്ങൾക്കു മുൻപ് കരാർ പുതുക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചു എങ്കിലും അതിൽ അവസാന തീരുമാനം ഇതുവരെയും ഉണ്ടായിട്ടില്ല. 2021നു മുൻപ് ഇതിൽ ഒരു തീരുമാനം ഉണ്ടാവില്ലെന്നു തന്നെയാണ് സ്‌പാനിഷ്‌ മാധ്യമമായ മാർക്ക റിപ്പോർട്ടു ചെയ്യുന്നത്. ടീമിലെ മറ്റു യുവതാരങ്ങളായ അൻസു ഫാറ്റി, പെഡ്രി, നിക്കോ ഗോൺസാലസ് എന്നിവരുടെയെല്ലാം കരാർ പുതുക്കുന്നതിൽ വിജയിച്ചു എന്നതിനാൽ ഗാവിയുടെ കാര്യത്തിലും മാറ്റമൊന്നും ഉണ്ടാകില്ലെന്നു നേതൃത്വം കരുതുന്നു.

റയൽ ബെറ്റിസ്‌ അക്കാദമിയിൽ നിന്നും 2015ൽ ബാഴ്‌സയിൽ എത്തിയ ഗാവിയുടെ റിലീസ് ക്ളോസ് അമ്പതു മില്യൺ യൂറോ ആയതിനാൽ പ്രീമിയർ ലീഗ് ക്ലബുകൾ അതു നൽകി താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുമോയെന്ന ആശങ്ക ബാഴ്‌സലോണയുടെ നേതൃത്വത്തിനുണ്ട്. അതിനാൽ 2022ന്റെ തുടക്കത്തിൽ തന്നെ താരത്തിന്റെ കരാർ പുതുക്കണം എന്നാണു പ്രസിഡന്റ് ലപോർട്ട നിർദ്ദേശം നൽകിയിരിക്കുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit