ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയോട് പറഞ്ഞതെന്തെന്ന് വെളിപ്പെടുത്തി അറ്റലാന്റ പരിശീലകൻ

മാഞ്ചസ്റ്റര്‍ യുണൈറ്റഡും അറ്റലാന്റയും തമ്മിലുള്ള ചാംപ്യന്‍സ് ലീഗ് മത്സരത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോട് താൻ പറഞ്ഞതെന്തെന്ന് വെളിപ്പെടുത്തി ഇറ്റാലിയൻ ക്ലബിന്റെ പരിശീലകനായ ജിയാന്‍ പിയറോ ഗാസ്പറിനി. റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെ ബലത്തിൽ 2-2ന്റെ സമനില മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയതിന് ശേഷമായിരുന്നു, ഗാസ്പറിനിയും റൊണാൾഡോയും തമ്മിൽ സംഭാഷണം നടന്നത്.
മത്സരത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഗാസ്പറിനി പറഞ്ഞത് ഇങ്ങനെ: "മത്സരത്തിന് ശേഷം ഞാൻ റൊണാൾഡോയോട് സംസാരിച്ചു. അവൻ ഒരു അവിശ്വസനീയ താരമാണ്. ചിലർ അവനാണ് പ്രശ്നമെന്ന് പറയുന്നു. എങ്കിൽ, അതൊരു നല്ല പ്രശ്നമാണ്. അവൻ അപൂർവമായി മാത്രമേ ലക്ഷ്യം കാണാതിരിക്കുകയുള്ളൂ - (ലഭിക്കുന്ന അവസരങ്ങളുടെ) പകുതി അവൻ ഗോളുകൾ നേടുന്നു, മറ്റേ പകുതി സേവ് ചെയ്യപ്പെടുന്നു. ഞാൻ അവനോട് പറഞ്ഞു, 'ഞങ്ങൾ ഇറ്റലിയിൽ എന്താണ് പറയുക എന്ന് നിനക്കറിയുമോ? പോയി തുലയൂ എന്ന്',"ഗാസ്പറിനി പറഞ്ഞു.
ഇന്നലെ വിജയം കരസ്ഥമാക്കുന്നതിലേക്ക് നീങ്ങുകയായിരുന്ന അറ്റലാന്റയിൽ നിന്ന് അത് തട്ടിയെടുത്തത് റൊണാൾഡോയായിരുന്നു. 12ാം മിനുട്ടില്‍ അറ്റലാന്റ ലീഡ് സ്വന്തമാക്കിയപ്പോള്‍, ആദ്യ പകുതിയുടെ പരിക്ക് സമയത്ത് റൊണാള്‍ഡോയുടെ ഗോളില്‍ യുനൈറ്റഡ് സമനില പിടിച്ചു. പിന്നീട് 56ാം മിനുട്ടില്‍ ഡുവാന്‍ സപാറ്റ അറ്റലാന്റക്ക് വീണ്ടും ലീഡ് നൽകിയെങ്കിലും, ഇഞ്ചുറി ടൈമില്‍ റൊണാള്‍ഡോയുടെ ഗോളില്‍ യുണൈറ്റഡ് അറ്റലാന്റയുടെ വിജയം തട്ടിയെടുത്തു.
മത്സരത്തിലെ സമനിലയോടെ ഗ്രൂപ്പ് എഫില്‍ മൂന്നാം സ്ഥാനത്തെത്താനേ അറ്റലാന്റക്ക് കഴിഞ്ഞുള്ളു. ഇതോടെ യങ് ബോയ്സിനെതിരെയും വിയ്യാറയലിനെതിരെയുള്ള അറ്റലാന്റയുടെ മത്സരങ്ങൾ കടുത്തതാകും. നാലു മത്സരങ്ങളിൽ നിന്ന് ഏഴു പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ഇപ്പോള്‍ ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.