Football in Malayalam

സാഞ്ചോ, വരാനെ ട്രാൻസ്‌ഫറുകൾക്കു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിഹരിക്കേണ്ട പ്രധാന പ്രശ്‌നം വെളിപ്പെടുത്തി ഗാരി നെവിൽ

Sreejith N
Queens Park Rangers v Manchester United - Pre-season Friendly
Queens Park Rangers v Manchester United - Pre-season Friendly / Chloe Knott - Danehouse/Getty Images
facebooktwitterreddit

ജാഡൻ സാഞ്ചോ, റാഫേൽ വരാനെ എന്നിവരുടെ ട്രാൻസ്ഫറുകൾ ആവേശം ഉണ്ടാക്കുന്നതാണെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് അടിയന്തരമായി ഗോൾകീപ്പിങ് പൊസിഷനെക്കുറിച്ച് വ്യക്തത വരുത്തണമെന്ന് ക്ലബിന്റെ ഇതിഹാസതാരമായ ഗാരി നെവിൽ. അടുത്ത സീസണിൽ ഡി ഗിയ, ഡീൻ ഹെൻഡേഴ്‌സൺ എന്നിവരിൽ ആരായിരിക്കും ടീമിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറെന്ന കാര്യത്തിൽ സോൾഷെയർ തീരുമാനം എടുക്കണമെന്നാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്.

"വരാനെയുടെ [ട്രാൻസ്ഫർ] ആവേശം ഉണ്ടാക്കുന്നതാണ്, സാഞ്ചോയുടേതും ആവേശമുണ്ടാക്കുന്നതാണ്, പക്ഷെ, അതു നടക്കുമെന്ന കാര്യത്തിൽ ഏറെക്കുറെ തീർച്ചയുണ്ടായിരുന്നു. ഒന്ന് രണ്ടു വർഷമായി റൈറ്റ് വിങ്ങിൽ ഉണ്ടായിരുന്ന പ്രശ്‌നങ്ങൾക്ക് അവർക്ക് പരിഹാരം ആവശ്യമായിരുന്നു. ക്ഷമയോടു കൂടി കാത്തിരുന്ന് താരത്തെ സ്വന്തമാക്കിയത് മികച്ചൊരു നീക്കമായിരുന്നു," നെവിൽ സ്കൈ സ്പോർട്സിനോട് പറഞ്ഞു.

"വെറുതെ താരങ്ങളെ ടീമിലെത്തിക്കുകയല്ല സോൾഷെയർ ചെയ്യുന്നത്. വരാനെ ട്രാൻസ്‌ഫർ മികച്ചതാവുന്നത് കഴിഞ്ഞ സീസണിൽ യുണൈറ്റഡ് ആരാധകൻ, കമന്റേറ്റർ, പണ്ഡിറ്റ് എന്നിങ്ങനെ എല്ലാവരും പറഞ്ഞിരുന്നത് ഹാരി മാഗ്വയർക്ക് പ്രതിരോധത്തിൽ ഒരു പങ്കാളിയെ ആവശ്യമുണ്ടെന്നായിരുന്നു. അതവർക്ക് ലഭിക്കുകയും ചെയ്‌തു."

"ഗോൾകീപ്പിങ് പൊസിഷനിലാണ് ഇനി വ്യക്തത വരുത്താനുള്ളത്. ആരാണ് നമ്പർ വൺ ഗോളിയാവുകയെന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടതുണ്ട്. പ്രതിരോധത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്നും സാഞ്ചോ ആക്രമണത്തിൽ കൂടുതൽ മികവു നൽകുമെന്നും പ്രതീക്ഷിക്കാം."

അത്ലറ്റികോ മാഡ്രിഡിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് 2011ൽ ചേക്കേറിയതിനു ശേഷം ടീമിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ ഡി ഗിയ ആയിരുന്നെങ്കിലും സോൾഷെയർ പരിശീലകസ്ഥാനം ഏറ്റെടുത്തതിനു ശേഷം സ്‌പാനിഷ്‌ താരത്തിന്റെ പ്രകടനം പുറകോട്ടു പോയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഡീൻ ഹെൻഡേഴ്‌സൺ മികവ് പുലർത്തിയെങ്കിലും കോവിഡ് ബാധയേറ്റതിനാൽ സീസണിന്റെ തുടക്കത്തിലെ മത്സരങ്ങൾ താരത്തിന് നഷ്‌ടമാകും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit