Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരോടും സഹതാരങ്ങളോടുമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മനോഭാവത്തെ വിമർശിച്ച് ഗാരി നെവിൽ

Ali Shibil Roshan
Cristiano Ronaldo
Cristiano Ronaldo / Ian MacNicol/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരോടും സഹതാരങ്ങളോടുമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മനോഭാവത്തെ വിമർശിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും ഫുട്ബോൾ പണ്ഡിറ്റുമായ ഗാരി നെവിൽ. ന്യൂകാസിൽ യുണൈറ്റഡിന് എതിരെ 1-1ന് സമനിലയിൽ കലാശിച്ച മത്സരത്തിന് ശേഷം മറ്റൊന്നിനും നിൽക്കാതെ നേരെ ഡ്രസിങ് റൂമിലേക്ക് പോർച്ചുഗീസ് താരം പോയതാണ് നെവില്ലിനെ ചൊടിപ്പിച്ചത്.

ഈ സീസണിൽ ഇതാദ്യമായല്ല റൊണാൾഡോ ഫൈനൽ വിസിലിന് ശേഷം ഉടൻ ഡ്രസിങ് റൂമിലേക്ക് പോകുന്നത് ചൂണ്ടിക്കാട്ടിയ നെവിൽ, മത്സരത്തിനിടെ പിറുപിറക്കുന്ന സ്വഭാവം അവർ ഒഴിവാക്കണമെന്നും അഭിപ്രായപ്പെട്ടു. റൊണാൾഡോക്ക് പുറമെ, ബ്രൂണോ ഫെർണാണ്ടസിനെ കൂടി പേരെടുത്ത് പറഞ്ഞായിരുന്നു നെവില്ലിന്റെ വിമർശനം.

"ശരീരഭാഷയെ കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ, ഈ സീസണിൽ നേരത്തെ നടന്ന എവർട്ടനെതിരായ മത്സരശേഷം ഞാൻ അത് പറഞ്ഞു. അന്ന് ക്രിസ്റ്റ്യാനോ [കളിക്കളത്തിൽ നിന്ന്] ഇറങ്ങിപ്പോവുകയും, അത് ഒലെ ഗുണ്ണാർ സോൾഷെയറിന് മേൽ സമ്മർദ്ദം ചെലുത്തിയെന്നും ഞാൻ കരുതുന്നു. ഇന്നിതാ അവൻ വീണ്ടും ഇറങ്ങിപ്പോയിരിക്കുന്നു.

"പരിശീലകൻ പുറത്താക്കപ്പെടാൻ പോകുമ്പോൾ അവൻ വാറ്റ്‌ഫോഡിൽ ഇറങ്ങിപ്പോയി, നോർവിച്ചിലും. ആ ബ്രൂണോ പിറുപിറുക്കുകയാണെന്ന് എനിക്ക് തോന്നുന്നു. അവർ ആ ഡ്രസ്സിംഗ് റൂമിലെ രണ്ട് സീനിയർ താരങ്ങളാണ്, ആ ടീമിലെ രണ്ട് മികച്ച കളിക്കാർ മറ്റുള്ളവരെ നിങ്ങൾ വേണ്ടത്ര നല്ലവരല്ല എന്ന മട്ടിൽ നോക്കുകയാണെങ്കിൽ അത് യുവ കളിക്കാർക്ക് ദുഃഖകരമാണ്."

മത്സരശേഷം ആരാധകർക്ക് കൈയ്യടി നൽകുകയും, സഹതാരങ്ങൾക്കൊപ്പം കളം വിടുകയുമാണ് വേണ്ടത് എന്നും നെവിൽ പറഞ്ഞു.

"അവർ ആ പിറുപിറുക്കുന്ന മനോഭാവം ഒഴിവാക്കേണ്ടതുണ്ട്, ശരിക്കും. മത്സരത്തിന്റെ അവസാനം നിങ്ങൾ പോയി ആരാധകരെ കൈയ്യടിക്കണം. നിങ്ങൾ എങ്ങനെ കളിച്ചു, ഫലം എന്താണ് എന്നൊന്നും ഞാൻ കാര്യമാക്കുന്നില്ല, ആരാധകരെ കൈയ്യടിക്കുകയും, സഹതാരങ്ങളോടൊപ്പം കളം വിടുകയും ചെയ്യണം. നിങ്ങൾ അത് ചെയ്യണം, പ്രത്യേകിച്ചും നിങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച താരമാകുമ്പോൾ," നെവിൽ പറഞ്ഞു.

"ഇത് രണ്ട് മാസത്തോളമായി എന്നെ അലട്ടുന്നു. നിങ്ങളുടെ ടീമിലെ ഏറ്റവും മികച്ച താരങ്ങൾ ആ നോട്ടവും ശരീരഭാഷയും യുവതാരങ്ങളോട് കാണിക്കുമ്പോൾ, അത് ദുഃഖകരമാണ്. അവർ അവരെ സഹായിക്കണം."


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit