ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി, ഉടൻ തീരുമാനമുണ്ടാക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഇതിഹാസം ഗാരി നെവിൽ


ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഭാവിയുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യത്തിൽ എത്രയും പെട്ടെന്നു തന്നെ തീരുമാനമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഇതിഹാസതാരം ഗാരി നെവിൽ. ഇത് പുതിയ പരിശീലകൻ എറിക് ടെൻ ഹാഗിന്റെ ലക്ഷ്യങ്ങളെ ബാധിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ റൊണാൾഡോ ക്ലബ് വിടാൻ ആഗ്രഹിക്കുന്നുണ്ട്. അനുയോജ്യമായ ഓഫർ വന്നാൽ തന്നെ ക്ലബ് വിടാൻ അനുവദിക്കണമെന്ന് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അതേ സമയം, റൊണാൾഡോയെ വിൽക്കാനില്ലെന്ന നിലപാടിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.
ഈ അവസരത്തിൽ റൊണാൾഡോയുമായി ബന്ധപ്പെട്ട വിഷയത്തിൽ നെവിൽ ഒരു നിർദേശം മുന്നോട്ടുവെക്കുന്നു. ഇതൊരു പ്രധാനപ്പെട്ട വിഷയമാണെന്നും ഈ സാഹചര്യം ടെൻ ഹാഗിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാനുള്ള സാധ്യതയും നെവിൽ ചൂണ്ടിക്കാണിക്കുന്നു.
"റൊണാൾഡോ വിഷയത്തിൽ ഒരേയൊരു പ്രധാന ഘടകം അത് നിർണ്ണായകമായും വേഗത്തിലും കൈകാര്യം ചെയ്യുന്നു എന്നതാണ്. അടുത്ത രണ്ട് മാസത്തേക്ക് എറിക് ടെൻ ഹാഗിന്റെ ശ്രദ്ധ തിരിക്കുന്ന ഒരു കഥയാകാൻ ഇതിനെ വിടരുത്," നെവിൽ ട്വിറ്ററിൽ കുറിച്ചു.
🗣 @GNev2: "The only important factor with the Ronaldo situation is that it’s dealt with decisively and quickly. This can’t be a saga that takes the focus away from Erik ten Hag's bedding in period for the next two months."
— The United Stand (@UnitedStandMUFC) July 5, 2022
കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ 30 മത്സരങ്ങളിൽ നിന്നും 18 ഗോളുകൾ നേടിയ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് സ്കോററായിരുന്നു. യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗിന്റെ പുതിയ സീസണിലേക്കുള്ള പദ്ധതിയിൽ പ്രധാന റോളാണ് റൊണാൾഡോക്കുള്ളത്.