Manchester United

മികച്ച ട്രാൻസ്‌ഫറുകളില്ല, എതിരാളികൾക്കു മുന്നിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് ഗാരി നെവിൽ

Sreejith N
Gary Neville Says Man Utd Struggling In Transfer Market
Gary Neville Says Man Utd Struggling In Transfer Market / Michael Regan/GettyImages
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മികച്ച സൈനിംഗുകൾ നടത്താൻ കഴിയാത്തത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ വളരെയധികം ബാധിക്കുമെന്ന മുന്നറിയിപ്പു നൽകി ക്ലബിന്റെ ഇതിഹാസതാരം ഗാരി നെവിൽ. ടീമിലേക്ക് മികച്ച കളിക്കാരെയെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ബുദ്ധിമുട്ടുകയാണെന്നും ഇത് പുതിയ പരിശീലകനായ എറിക് ടെൻ ഹാഗിന്റെ ജോലി വളരെ ബുദ്ധിമുട്ടിലാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വരുന്ന സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിയാത്തതിനാൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ വമ്പൻ താരങ്ങളെ ടീമിലേക്ക് ആകർഷിക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിന് താൽപര്യമുണ്ടായിരുന്ന എർലിങ് ഹാലൻഡ്, ഡാർവിൻ നുനസ് എന്നിവരെ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ ക്ലബുകൾ സ്വന്തമാക്കുകയും ചെയ്‌തു.

"ട്രാൻസ്‌ഫർ ജാലകത്തിന്റെ തുടക്കമാണിതെന്ന് എനിക്ക് അറിയാമെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ബിസിനസ് നടത്താൻ ബുദ്ധിമുട്ടുകയാണ്. മറ്റുള്ള ടീമുകൾ അടുത്ത സീസണിനായി തയ്യാറെടുത്തു കഴിഞ്ഞിരിക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് മുന്നോട്ടു പോകാൻ കഴിഞ്ഞിട്ടില്ല."

"എറിക് ടെൻ ഹാഗിന് ഒരു ടീമിനെ വിളക്കിച്ചേർക്കാനുള്ള കളിക്കാരുടെ സംഘത്തെ ഉടനെ തന്നെ ആവശ്യമുണ്ട്. അവരെ വൈകി സ്വന്തമാക്കുന്നത് കാര്യങ്ങളെ വളരെ ബുദ്ധിമുട്ടിലാക്കും. അതുടനെ സംഭവിക്കും." തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഗാരി നെവിൽ പറഞ്ഞു.

നിലവിൽ ബാഴ്‌സലോണ താരം ഫ്രാങ്കീ ഡി ജോംഗ്, അയാക്‌സ് മുന്നേറ്റനിര താരം ആന്റണി, ഡെൻമാർക്ക് മിഡ്‌ഫീൽഡർ ക്രിസ്റ്റൻ എറിക്‌സൺ എന്നിവരാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റഡാറിലുള്ളത്. എന്നാൽ ഇവരിൽ ആരെയൊക്കെ ക്ലബിന് സ്വന്തമാക്കാൻ കഴിയുമെന്ന കാര്യത്തിൽ യാതൊരു തീർച്ചയുമില്ല. പോഗ്ബ, മാട്ട, ലിംഗാർഡ്, മാറ്റിച്ച് എന്നിങ്ങനെ ചില താരങ്ങൾ ക്ലബ് വിടുകയും ചെയ്‌തിട്ടുണ്ട്‌.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit