മെസിയെ മറികടന്ന് റൊണാൾഡോ എക്കാലത്തെയും തികച്ച താരമാകുന്നതെങ്ങിനെ, ഗാരി നെവിൽ പറയുന്നു

Sreejith N
Manchester United v Newcastle United - Premier League
Manchester United v Newcastle United - Premier League / Clive Brunskill/Getty Images
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഫുട്ബോൾ ലോകത്തെ എക്കാലത്തെയും മികച്ച കളിക്കാരനാണെന്ന് ക്ലബിന്റെ മുൻ താരമായ ഗാരി നെവിൽ. റൊണാൾഡോയുടെ സമകാലീനനും മുഖ്യ എതിരാളിയുമായ പിഎസ്‌ജി താരം ലയണൽ മെസിയെക്കാൾ മികച്ച കളിക്കാരനായി പോർച്ചുഗൽ നായകനെ മാറ്റുന്നത് എന്തൊക്കെയാണെന്നും ഗാരി നെവിൽ പറഞ്ഞു.

യുവന്റസിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ട്രാൻസ്‌ഫറോടെ ഫുട്ബോൾ ലോകത്തെ പ്രകമ്പനം കൊള്ളിച്ചു കൊണ്ടിരിക്കയാണ് റൊണാൾഡോയിപ്പോൾ. താൻ ആറു വർഷങ്ങളോളം കളിച്ച് വമ്പൻ നേട്ടങ്ങൾ സ്വന്തമാക്കിയ ക്ലബിലേക്കു തിരിച്ചു വന്നതിനു ശേഷമുള്ള ആദ്യ മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയ താരത്തിന് വളരെയധികം പ്രശംസയും ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്.

"മെസി കണക്കില്ലാത്ത ഗോളുകൾ നേടിയിട്ടുണ്ടെന്നതിൽ യാതൊരു സംശയവുമില്ല. വളരെ മികച്ച താരമാണ് അദ്ദേഹം. എന്നാൽ റൊണാൾഡോ നാൽപതു ശതമാനത്തോളം അധികം ഗോളുകൾ തന്റെ ഇടതുകാൽ കൊണ്ട് നേടിയിട്ടുണ്ട്, താരം കൂടുതൽ പെനാൽറ്റികളും ഗോളാക്കി മാറ്റി. അതുകൊണ്ടു തന്നെ ഫുട്ബോളിലെ പ്രധാനപ്പെട്ട കാര്യങ്ങൾ പരിഗണിക്കുമ്പോൾ പൂർണനായ കളിക്കാരൻ റൊണാൾഡോയാണെന്ന് ഞാൻ കരുതുന്നു."

"ഇന്റർനാഷണൽ മത്സരങ്ങളിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് റൊണാൾഡോയെ കൂടുതൽ മുകളിൽ നിർത്തുന്നു. അതിനൊപ്പം ലയണൽ മെസിയുടെ ടീമിനോളം കരുത്തില്ലാത്ത ടീമുകൾക്കൊപ്പം അഞ്ചു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും താരം നേടി."

"മെസി ബാഴ്‌സയോടൊപ്പം കൂടുതൽ ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്. രണ്ടു പേരെയും സംബന്ധിച്ച കണക്കുകൾ ഏറെക്കുറെ ഒരുപോലെയാണെങ്കിലും ഇന്റർനാഷണൽ ഗോൾ റെക്കോർഡുകൾ, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, താരം നേടിയ വിവിധ ഗോളുകൾ എന്നിവയെല്ലാം മെസിയെക്കാൾ മികച്ച താരമായി റൊണാൾഡോയെ ഞാൻ പരിഗണിക്കാൻ കാരണമാകുന്നു," നെവിൽ സ്കൈ സ്പോർട്സിനോട് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചു വരവിൽ ന്യൂകാസിലിനെതിരെ ഗംഭീര പ്രകടനം നടത്തിയ താരം അതാവർത്തിക്കാൻ വേണ്ടി ഇന്നു രാത്രി നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ യങ് ബോയ്‌സിനെ നേരിടാൻ ഒരുങ്ങുകയാണ്. ചാമ്പ്യൻസ് ലീഗിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന റെക്കോർഡുള്ള റൊണാൾഡോ ഇന്നത്തെ മത്സരത്തിൽ കളിച്ചാൽ ഏറ്റവുമധികം ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കളിച്ച താരമെന്ന നേട്ടത്തിനൊപ്പവുമെത്തും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit