റൊണാൾഡോ-കവാനി പ്രതിസന്ധിയടക്കം സോൾഷെയർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നേരിടുന്ന പ്രശ്നങ്ങൾ വെളിപ്പെടുത്തി ഗാരി നെവിൽ


ക്രിസ്റ്റ്യാനോ റൊണാൾഡോ-എഡിസൺ കവാനി എന്നിവരെ സംബന്ധിച്ചതടക്കം സൂപ്പർതാരങ്ങളുമായി ബന്ധപ്പെട്ട നിരവധി ആശയക്കുഴപ്പങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ സോൾഷെയർ അഭിമുഖീകരിക്കുന്നുണ്ടെന്ന് ക്ലബിന്റെ ഇതിഹാസതാരമായ ഗാരി നെവിൽ. ഇന്നലെ നടന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ ഒരു ഗോളിനു മുന്നിലെത്തിയതിനു ശേഷം രണ്ടിനെതിരെ നാലു ഗോളുകൾക്ക് ലൈസ്റ്റർ സിറ്റിയോട് മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി നേരിട്ടതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു നെവിൽ.
എതിർടീമിനു മേൽ സമ്മർദ്ദം ചെലുത്തുന്നതിൽ പിന്നിലുള്ള റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധത്തെ ദുർബലപ്പെടുത്തുന്നുണ്ടെന്നും കളിക്കളത്തിൽ കഠിനാധ്വാനം നടത്തുന്ന കവാനിയുടെ സാന്നിധ്യം ടീമിന് ആവശ്യമാണെന്നുമുള്ള വാദങ്ങൾ ഉയരുന്നതിനിടെയാണ് നെവിൽ ഈ പരാമർശം നടത്തിയത്. റൊണാൾഡോ-കവാനി എന്നിവർക്കു പുറമെ പോൾ പോഗ്ബ, ബ്രൂണോ ഫെർണാണ്ടസ്, ജാഡൻ സാഞ്ചോ, മേസൺ ഗ്രീൻവുഡ്, മാർക്കസ് റാഷ്ഫോർഡ് എന്നിവരുമായി ബന്ധപ്പെട്ടും സോൾഷെയർ ആശയക്കുഴപ്പം അനുഭവിക്കുന്നുണ്ടെന്നാണ് നെവിൽ പറയുന്നത്.
Gary Neville proved right about Ole Gunnar Solskjaer dilemma in Man Utd loss to Leicesterhttps://t.co/DrsNXGmAna pic.twitter.com/Jbk9G9JC95
— Mirror Football (@MirrorFootball) October 16, 2021
"പോഗ്ബ, ഫെർണാണ്ടസ് എന്നിവരുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പം അവർക്കുണ്ട്. റൊണാൾഡോ, കവാനി എന്നിവരുടെ കാര്യത്തിലും അവർ ഇതേ ആശയക്കുഴപ്പം നേരിടുന്നു. ഗ്രീൻവുഡ്, റാഷ്ഫോഡ്, സാഞ്ചോ എന്നിവരുമായി ബന്ധപ്പെട്ടും അതവർക്കുണ്ട്. പോസെഷൻ ഇല്ലാതിരിക്കുമ്പോഴും ഈ ടീമിനെ ഒരു യൂണിറ്റായി നിലനിർത്തണം. എന്നാൽ ഈ താരങ്ങളുടെ കരുത്ത് പോസെഷൻ ഇല്ലാതിരിക്കുമ്പോഴല്ല," നെവിൽ സ്കൈ സ്പോർട്സിനോട് പറഞ്ഞു.
"മികച്ച കളിക്കാർക്ക് ഇതു രണ്ടും ചെയ്യാൻ കഴിയും, എന്നാലവർ ആക്രമണത്തോട് കൂടുതൽ പക്ഷപാതം കാണിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്കു വേണ്ടത് ബെർണാഡോ സിൽവ, കെവിൻ ഡി ബ്രൂയ്ൻ, സാഡിയോ മാനെ എന്നിവർക്കുള്ള വർക്ക് എത്തിക്സാണ്. ലോകോത്തര താരങ്ങൾ നായ്ക്കളെപ്പോലെ കളിക്കളത്തിൽ പണിയെടുക്കും. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിലെ പ്രതിഭയുള്ള താരങ്ങളിൽ അതു ഞാൻ കണ്ടിട്ടില്ല," നെവിൽ വ്യക്തമാക്കി.
കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ ഒരു വിജയം മാത്രം സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡിൽ പരിശീലകനെ മാറ്റാനുള്ള മുറവിളി ഉയർന്നു തുടങ്ങുന്ന സമയത്താണ് സോൾഷെയറിന്റെ പരാമർശം. പരിശീലകനെക്കാൾ താരങ്ങൾ കഠിനാധ്വാനം ചെയ്യാൻ തയ്യാറാവാത്തതാണ് ടീമിന്റെ മോശം പ്രകടനത്തിനു കാരണമെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നു.