Football in Malayalam

സ്വകാര്യമായി ചോദിച്ചാൽ കഴിഞ്ഞ സീസണിലെ ടീം മതിയായിരുന്നുവെന്ന് സോൾഷെയർ പറയുമെന്ന് ഗാരി നെവിൽ

Sreejith N
Manchester United v Everton - Premier League
Manchester United v Everton - Premier League / Visionhaus/GettyImages
facebooktwitterreddit

രഹസ്യമായി ചോദിച്ചാൽ തനിക്കു കഴിഞ്ഞ സീസണിലെ ടീം മതിയായിരുന്നുവെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ സോൾഷെയർ പറയുമെന്ന് ക്ലബിന്റെ ഇതിഹാസതാരം ഗാരി നെവിൽ. ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കം നിരവധി സൂപ്പർതാരങ്ങൾ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ എത്തിയതോടെ ടീമിന്റെ കെട്ടുറപ്പിന് ഉലച്ചിൽ സംഭവിച്ചിട്ടുണ്ട് എന്നും അതിനെ അദ്ദേഹം മാറ്റിയെടുക്കണമെന്നും നെവിൽ പറഞ്ഞു.

റാഫേൽ വരാനെ, ജാഡൻ സാഞ്ചോ, റൊണാൾഡോ എന്നിങ്ങനെ വമ്പൻ താരങ്ങൾ ടീമിലെത്തി കെട്ടുറപ്പുള്ള സ്‌ക്വാഡായി മാറിയെങ്കിലും ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആധികാരികമായ പ്രകടനം ഇതുവരെയും നടത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ലീഗ് മത്സരത്തിൽ ഒരു ഗോളിനു മുന്നിൽ നിന്നതിനു ശേഷം ലൈസ്റ്റർ സിറ്റിയോട് രണ്ടിനെതിരെ നാലു ഗോളുകൾക്ക് തോറ്റ സാഹചര്യത്തിൽ മൺഡേ നൈറ്റ് പോഡ്‌കാസ്റ്റിനോട് സംസാരിക്കുമ്പോഴാണ് ഗാരി നെവിൽ യുണൈറ്റഡിലെ സാഹചര്യം വിലയിരുത്തിയത്.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ടീമിനെ പടുത്തുയർത്തി വരികയാണെന്ന് തനിക്ക് തോന്നിയതായും സോൾഷെയറിനോടു തന്നെ ചോദിച്ചാൽ ആ ടീം തന്നെ തനിക്ക് മതിയായിരുന്നു എന്നദ്ദേഹം പറയുമെന്നും നെവിൽ പറഞ്ഞു. വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ആറു ഗ്രെനേഡുകളാണ് ഡ്രസിങ് റൂമിലുള്ളതെന്നും നെവിൽ റൊണാൾഡോ അടക്കമുള്ള സൂപ്പർ താരങ്ങളെ ഉദ്ദേശിച്ച് പറഞ്ഞു.

റയൽ മാഡ്രിഡ് ടീമിനെ ഡെൽ ബോസ്‌ക് പരിശീലിപ്പിച്ചതു പോലെയും സിദാൻ സൂപ്പർതാരങ്ങളെ കൈകാര്യം ചെയ്‌തതു പോലെയും അതു ചിലപ്പോൾ നല്ല രീതിയിൽ നടന്നേക്കാമെന്നു പറഞ്ഞ നെവിൽ, നിലവിൽ പിഎസ്‌ജിയും മാഞ്ചസ്റ്റർ യുണൈറ്റഡിനു സമാനമായ അവസ്ഥയിൽ തന്നെയാണെന്ന് വ്യക്തമാക്കി. പിഎസ്‌ജി പോച്ചട്ടിനോയുടെ ടീമല്ലെന്നാണ് നെവിൽ പറയുന്നത്.

റൊണാൾഡോ, ബ്രൂണോ ഫെർണാണ്ടസ്, എഡിസൺ കവാനി, പോഗ്ബ, മഗ്വയർ, വരാനെ എന്നീ താരങ്ങളുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആരാണു വലുതെന്ന ചോദ്യം ഉയരാനുള്ള സാധ്യതയുണ്ടെന്നും നെവിൽ പറയുന്നു. ക്ലബ് വിടാനൊരുങ്ങിയ കവാനിയെ അപേക്ഷിച്ച് നിലനിർത്തിയതിനു ശേഷം ഗ്രീൻവുഡ്‌, റാഷ്‌ഫോഡ് എന്നിവരെ റൊണാൾഡോക്കൊപ്പം മുന്നേറ്റനിരയിൽ ഇറക്കുന്നതിലെ അനൗചിത്യത്തെയും നെവിൽ ചോദ്യം ചെയ്യുന്നു.

ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ടീമിനെ ഒറ്റക്കെട്ടായി മാറ്റാൻ സോൾഷെയറിനു കഴിയണമെന്നാണ് നെവിൽ പറയുന്നത്. പ്രതിരോധനിരക്ക് കൃത്യമായൊരു രൂപഘടന ഉണ്ടാക്കിയെടുത്ത് മറ്റു താരങ്ങളോട് മത്സരം വിജയിപ്പിക്കാൻ പറയുന്ന തലത്തിലേക്ക് എത്തിയാൽ മാത്രമേ ഈ സീസണിൽ ടീമിനു മികച്ച പ്രകടനം നടത്താനാവൂവെന്നാണ് നെവിൽ പറയുന്നത്.


facebooktwitterreddit