Football in Malayalam

റൊണാൾഡോ ഗോളടിച്ചാലും മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് നേടില്ല, കാരണം വെളിപ്പെടുത്തി ഗാരി നെവിൽ

Sreejith N
Manchester United v Aston Villa - Premier League
Manchester United v Aston Villa - Premier League / Laurence Griffiths/Getty Images
facebooktwitterreddit

റൊണാൾഡോ ഗോളടിച്ചാലും മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിലെ പ്രീമിയർ ലീഗ് കിരീടം നേടില്ലെന്നാണു തനിക്കു തോന്നുന്നതെന്ന് ക്ലബിന്റെ ഇതിഹാസതാരമായ ഗാരി നെവിൽ. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാനപ്പെട്ട എതിരാളികളായ മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ലിവർപൂൾ എന്നിവരെ അപേക്ഷിച്ച് ഒത്തൊരുമയോടെ കളിക്കാൻ സോൾഷെയറിന്റെ ടീമിനു കഴിയുന്നില്ലെന്നാണ് ഇതിനു കാരണമായി നെവിൽ പറയുന്നത്.

ഈ സീസണിനു മാഞ്ചസ്റ്റർ യുണൈറ്റഡ് തുടക്കം കുറിച്ചത് വളരെ ഗംഭീര പ്രകടനത്തോടെ ആയിരുന്നു. ലീഡ്‌സ് യുണൈറ്റഡിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്തെറിഞ്ഞു സീസൺ ആരംഭിച്ച ടീം ആദ്യത്തെ നാല് മത്സരങ്ങളിൽ മൂന്നെണ്ണത്തിലും വിജയിച്ചെങ്കിലും അതിനു ശേഷമുള്ള നാല് മത്സരങ്ങളിൽ മൂന്നെണ്ണത്തിലും തോൽവി നേരിട്ടതാണ് നെവിൽ വിമർശനം നടത്താൻ പ്രധാന കാരണം.

"ഞങ്ങൾ വിജയിക്കുന്നുണ്ടെങ്കിലും, ക്രിസ്ത്യാനോ റൊണാൾഡോ ഗോൾ നേടിയാലും, അവർ ലീഗ് വിജയിക്കാൻ കഴിയുന്ന തരത്തിൽ ഒരു ടീമായി കളിക്കുന്നുണ്ടെന്ന് എനിക്കു തോന്നുന്നില്ല. പൊസഷനിൽ ഉള്ളപ്പോഴും അല്ലാത്തപ്പോഴും ഒരു യൂണിറ്റായാണ് നിൽക്കേണ്ടത്. പ്രത്യേക സമയങ്ങളിൽ മാത്രം മികച്ച പ്രകടനം നടത്തുമ്പോൾ ചില മത്സരങ്ങളിലും ആ സമയം ഉണ്ടായെന്നു വരില്ല." സ്കൈ സ്പോർട്സ് പോഡ്‌കാസ്റ്റിനോട് സംസാരിക്കുമ്പോൾ ഗാരി നെവിൽ പറഞ്ഞു.

"നിങ്ങൾക്ക് കളിക്കാനുള്ള ഒരു പാറ്റേണും അതിനുള്ള ഒരു മാർഗവും വേണം. ഇപ്പോൾ ചില സമയത്ത് ഒരു കൂട്ടം വ്യക്തികൾ ചില പാറ്റേണുകളും കോമ്പിനേഷനുകളുമായി കളിക്കുന്നത് ഞാൻ കാണുന്നുണ്ട്. എന്നാൽ റൊണാൾഡോ, സാഞ്ചോ, വരാനെ എന്നിങ്ങനെയുള്ള പുതിയ താരങ്ങൾ ഉണ്ടെന്നിരിക്കെ അവർ ഒരുമിച്ചു മുന്നോട്ടു വന്ന് ഒരു കേളീശൈലി ഉണ്ടാക്കിയെടുക്കണം. എങ്കിൽ മാത്രമേ മോശം പ്രകടനം നടത്തുമ്പോഴും മികച്ച റിസൾട്ടുകൾ ഉണ്ടാക്കിയെടുക്കാൻ കഴിയൂ." നെവിൽ വ്യക്തമാക്കി.

വ്യത്യസ്‌തമായ ഒരു കൂട്ടം താരങ്ങളാണ് ടീമിനൊപ്പം ഉള്ളതെന്നും ചില സമയങ്ങളിൽ മത്സരങ്ങൾ വിജയിക്കുന്ന സ്വഭാവമാണ് അവർക്കുള്ളതെന്നും നെവിൽ അതിനൊപ്പം കൂട്ടിച്ചേർത്തു. ചെൽസി, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി എന്നിവർ ഒരു ടീമായാണ് കളിക്കളത്തിൽ നിൽക്കുന്നതെന്നും കിരീടം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സോൾഷെയർ അങ്ങിനെ മാറ്റിയെടുക്കേണ്ടത് അനിവാര്യമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

facebooktwitterreddit