സോൾഷെയറിനെ സമ്മർദ്ദത്തിലാക്കുന്നു, റൊണാൾഡോക്കെതിരെ വിമർശനവുമായി ഗാരി നെവിൽ


എവർട്ടണിനെതിരെ നടന്ന കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില വഴങ്ങിയതിനു ശേഷമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതികരണം ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. പ്രീമിയർ ലീഗ് ക്ലബിലേക്കുള്ള രണ്ടാം വരവിൽ മികച്ച പ്രകടനം നടത്തുന്ന താരം എവർട്ടണിതിരായ മത്സരത്തിനു ശേഷം വളരെയധികം രോഷം പ്രകടിപ്പിച്ചാണ് മൈതാനം വിട്ട് ടണലിലൂടെ ഡ്രസിങ് റൂമിലേക്കു പോയത്.
മത്സരത്തിന്റെ ആദ്യ ഇലവനിൽ ഇടം പിടിക്കാൻ കഴിയാതിരുന്ന താരം അൻപത്തിയേഴാം മിനുട്ടിൽ പകരക്കാരനായി ഇറങ്ങി എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം സമ്മാനിക്കാൻ കഴിഞ്ഞില്ലായിരുന്നു. അതേസമയം മത്സരത്തിനു ശേഷമുള്ള റൊണാൾഡോയുടെ രോഷപ്രകടനം ഒട്ടും ഉചിതമായില്ലെന്നും അതു പരിശീലകൻ സോൾഷെയറിനു അനാവശ്യമായ സമ്മർദ്ദം നൽകുമെന്നുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസമായ ഗാരി നെവിൽ പറയുന്നത്.
Cristian Ronaldo has piled ‘immense pressure’ on Solskjaer with post-Everton sulk, says Gary Neville https://t.co/QW68tvtd2R
— MailOnline Sport (@MailSport) October 4, 2021
"ഞാനാ മത്സരം കണ്ടു, താരം രോഷാകുലനായി പുറത്തേക്കു പോകുന്നതും ഞാൻ കണ്ടു. എന്നാൽ അതെനിക്ക് ഇഷ്ടമായെന്നു പറയാൻ കഴിയില്ല," തന്റെ സ്വന്തം പോഡ്കാസ്റ്റിൽ നെവിൽ പറഞ്ഞു.
"കളിക്കാതിരിക്കുമ്പോൾ ക്രിസ്റ്റ്യാനോ അസ്വസ്ഥനാണോ? അതെ. ഗോളടിച്ചില്ലെങ്കിൽ അദ്ദേഹം അസ്വസ്ഥനാണോ? അതെ. തന്റെ ടീം മത്സരത്തിൽ വിജയം നേടിയില്ലെങ്കിൽ റൊണാൾഡോ രോഷാകുലനാവുമോ? തീർച്ചയായും ആവും. ഞങ്ങൾക്ക് അറിയാവുന്ന കാര്യങ്ങളാണ് ഇതെല്ലം, താരം തന്നെ അതു തെളിയിക്കേണ്ടതിന്റെ ആവശ്യമില്ല.
"അമർഷത്തിൽ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് ശൂന്യതയിൽ ചോദ്യങ്ങളെറിഞ്ഞ് താരം മൈതാനത്തു നിന്നും പോയി. എന്താണ് താരം പറഞ്ഞത്? ആരോടാണ് അദ്ദേഹം ദേഷ്യപ്പെടുന്നത്? അതു പരിശീലകനിലേക്കു മാത്രമാണ് ഒടുവിൽ എത്തുക. റൊണാൾഡോ വളരെ സമർത്ഥനായ താരമാണ് എങ്കിലും ഇത്തരത്തിലുള്ള പ്രകടനങ്ങൾ സമ്മർദ്ദം നൽകുന്നതാണ്, സോൾഷെയറിനു മേൽ അത് വളരെയധികം സമ്മർദ്ദം നൽകും," നെവിൽ വ്യക്തമാക്കി.
റൊണാൾഡോ എല്ലായിപ്പോഴും ഗോൾ നേടാനും എല്ലാ മത്സരങ്ങളിലും കളിക്കാനും സാധ്യതയില്ലാത്തതിനാൽ ഇത്തരത്തിൽ മൈതാനം വിട്ടു പോകുന്നത് സോൾഷെയറിൽ സമ്മർദ്ദം വർധിപ്പിക്കുമെന്നും അത് ഉടനെ പരിഹരിക്കണമെന്നും നെവിൽ പറഞ്ഞു. ആ മത്സരത്തിനു ശേഷം സോൾഷെയറിൽ എല്ലാ കുറ്റങ്ങളും ചാർത്തപ്പെടാനേ അതുപകരിച്ചുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.